TopTop
Begin typing your search above and press return to search.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒരുക്കം തുടങ്ങി, നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒരുക്കം തുടങ്ങി, നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയം വിദേശത്ത് കുടുങ്ങിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നു. സന്ദർശക വിസയിലെത്തി കുടുങ്ങിക്കിടക്കുന്നവരുടെ കണക്കുകളാണ് മന്ത്രാലയം ശേഖരിക്കുന്നത്. കൂടാതെ വിദ്യാർത്ഥികളുടെ എണ്ണവും മന്ത്രാലയം ശേഖരിക്കുന്നുണ്ട്. ഇവരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് നീക്കം. കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ‌ നോർക്കയും നടപടികൾ ആരംഭിച്ചു.

www.norkaroots.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതേസമയം, നോർക്ക ആരംഭിച്ച വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്തു എന്നത് മുൻഗണനയ്ക്ക് അടിസ്ഥാനമല്ലെന്ന് നോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ. വി. മുസ്തഫ അറിയിച്ചു. സന്ദർശക വിസയിൽ വന്ന് ബുദ്ധിമുട്ടനുഭവിക്കുന്നവർ, രോഗികൾ, ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ എന്നിവർക്കാണ് ആദ്യപരിഗണന എന്നാണ് നോർക്കയുടെ നിലപാട്. വിമാനങ്ങൾ സജ്ജമാവുന്ന പക്ഷം നോർക്കയിൽ പേർ രജിസ്റ്റർചെയ്തവരുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും നാട്ടിലേക്ക് മടങ്ങേണ്ടവരുടെ പരിഗണനപ്പട്ടിക തയാറാക്കുക. നോർക്കയുടെ വെബ്സൈറ്റിലെ രജിസ്ട്രേഷനുള്ള സൗകര്യം ഇന്ന് തന്നെ സജീവമാവുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, നാട്ടിലെത്തുന്നവരെ വീടുകളിലേക്ക് പോവാൻ അനുവദിക്കില്ല. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികളുടെ മടങ്ങിവരവിന്റെ സാഹചര്യം നേരിടാൻ തയ്യാറാക്കിയ പ്രത്യേക താമസകേന്ദ്രത്തിലേക്കായിരിക്കും ഇവരെ മാറ്റുക. പരിശോധന ഉൾപ്പെടെ നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമായിരിക്കും ഇവർക്ക് വീടുകളിലേക്ക് മടങ്ങാൻ അനുമതി നല്‍കൂ. എന്നാൽ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയവർക്ക് മാത്രമേ യു.എ.ഇ. യിൽ നിന്ന് വിമാനയാത്രയ്ക്ക്‌ അനുമതിയുണ്ടാകൂ.

അതേസമയം, ആഗോള തലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുമ്പോൾ ആശങ്കയുണർത്തി ഗൾഫ് രാജ്യങ്ങളിലെ മരണനിരക്കും ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം വിവിധ ഗൾഫ് രാജ്യങ്ങളിലായി 16 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 230 പിന്നിട്ടു. കുവൈത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ നാല് മരണമാണ് ഇന്നലെ കൂടി റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ പത്തൊമ്പതായി. 59 വയസുള്ള ഇന്ത്യക്കാരൻ, 64 കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരൻ, 74കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. 150 ഇന്ത്യക്കാരുൾപ്പെടെ 278 പേർക്കാണ് കുവൈത്തിൽ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2892 ആയി ഉയരുകയും ചെയ്തു. കുവൈത്തിൽ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ ആറായി.

സൗദിയിൽ മാത്രം രോഗികളുടെ എണ്ണം പതിനാറായിരം പിന്നിട്ടു. 136 പേരാണ് ഇതുവരെ സൗദിയിൽ മരിച്ചത്. ഖത്തർ, യു.എ.ഇ ഉൾപ്പെടെ മറ്റിടങ്ങളിലും രോഗികളുടെ എണ്ണം ഉയർന്നു. ബഹ്റൈനിൽ പതിവിൽ നിന്ന് ഭിന്നമായി രോഗികളുടെ എണ്ണത്തിൽ ക്രമാതീത വർധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്നാണ് വിവരം. യുഎഇയിൽ ഇതുവരെ 9813 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 71 മരണമാണ് രാജ്യത്തുണ്ടായത്. യു.എ.ഇയിൽ ഇന്നലെ മാത്രം ഏഴ് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഖത്തറിൽ പത്ത് മരണങ്ങൾ സംഭവിച്ചപ്പോൾ 9358 പേർക്ക് രോഗം ബാധിച്ചു. 2588 പേരിലാണ് ബഹ്റിനിൽ ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. എട്ട് മരണങ്ങളും റിപ്പോർ‌ട്ട് ചെയ്തു. ഒമാനിൽ 10 മരണങ്ങളും 1905 രോഗികളുമുണ്ടെന്നാണ് ഒടുവിലെ കണക്കുകൾ. രോഗ മുക്തരാവുന്നവരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.


Next Story

Related Stories