കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു ലംഘിച്ചാല്‍ 10,000 റിയാല്‍ പിഴ ഈടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കര്‍ഫ്യു ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മൂന്നാം തവണയും ലംഘനമുണ്ടായാല്‍ ജയിലില്‍ അടയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധന നിയമം ലംഘിക്കുന്ന എല്ലാവര്ക്കും ശിക്ഷാനടപടികളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം യുഎഇയില്‍ റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ നാട്ടിലാണെങ്കില്‍ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അടിയന്തരഘട്ടങ്ങളില്‍ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ യാത്രാവിലക്ക് കാരണം യു എ ഇയില്‍ കുടുങ്ങിയ സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നല്‍കും. യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടേതാണ് തീരുമാനം. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അതോറിറ്റി അറിയിച്ചു. വിസ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് യാത്രാവിലക്കും വിമാനവിലക്കും നിലവില്‍ വന്നതിനാല്‍ നൂറുകണക്കിന് പ്രവാസികളാണ് യു എ ഇയില്‍ കുടുങ്ങിപോയത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയില്‍ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്ത ബ്രിട്ടനിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഇറ്റലിയില്‍ 601 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. സ്പെയിനില്‍ 539 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.