ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തോട് അടുക്കുമ്പോൾ മരണ സംഖ്യയും ക്രമാതീതമായി ഉയരുകയാണ്. രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 1,08,862 എന്ന നിലയിലെത്തി നിൽക്കുമ്പോൾ യുറോപ്പും യുഎസ്സും പിടിച്ച് നിൽക്കാനാവാതെ പതറുകയാണ്. ഇതോടൊപ്പം പതിയെ എന്നോണം ഗൾഫ് രാജ്യങ്ങളിലും രോഗബാധ പടരുന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ കാണുന്നത്.
വലിയ ഒരു വിഭാഗം പ്രവാസികൾ ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിലെ രോഗബാധ ഇന്ത്യയിലും കേരളത്തിലും ഉൾപ്പെടെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിന് പുറമെയാണ് അതുണ്ടാക്കാൻ പോന്ന പ്രതിസന്ധി. ഗൾഫ് രാജ്യങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ രോഗബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുകയാണ്. രോഗബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാതിരുന്ന യുദ്ധം ആരോഗ്യ സംവിധാനങ്ങൾ വരെ തകർത്ത യമനിൽ കഴിഞ്ഞ ദിവസം ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതും പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്. സിറിയയാണ് ഇതേ സാഹചര്യം നേരിടുന്ന മറ്റൊരു രാജ്യം.
എന്നാൽ, സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാവുകയാണ് എറ്റവും വലിയ ഗൾഫ് രാജ്യങ്ങളിൽ ഒന്നായ സൗദിയിൽ. ഇറാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതും സൗദി അറേബ്യയിലാണ്. ഒടുവിലെ കണക്കുകൾ അനുസരിച്ച് 4033 ആണ് സൗദിയിലെ രോഗബാധിതരുടെ എണ്ണം. മരണ സംഖ്യ 52 ആയും ഉയർന്നു. നിയന്ത്രണങ്ങൾ ഉൾപ്പെടെ കർശനമാക്കി രോഗ ബാധയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് സൗദി നടത്തുന്നത്. മലയാളികൾ ഉൾപ്പെടെ പ്രവാസികൾ സൗദിയിൽ കോവിഡ് ബാധിക്കപ്പെട്ട് മരിച്ചെന്ന വാർത്തകളും ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.
കുടുതൽ വിദേശികളെത്തുകയും വിനോദ സഞ്ചാരം ഉൾപ്പെടെയുള്ള രംഗങ്ങൾ പ്രധാന വരുമാന മാർഗ്ഗമായിട്ടുള്ളതുമായ യുഎഇയാണ് പട്ടികയിൽ രണ്ടാമത്. 3736 പേരാണ് യുഎയിൽ രോഗം ബാധിച്ചിട്ടുള്ള്. 20 പേർ ഇതിനോടകം മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിൽ ആരോഗ്യ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണങ്ങളാണ് പുതിയതായി പുറത്ത് വരുന്നത്. രോഗബാധിതരെ കണ്ടെത്തി ചികിൽസിക്കുന്നതിൽ പോലും അരോഗ്യ സംവിധാനം മികച്ച രീതിയിൽ അല്ല പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിരവധി ലേബർക്യാംപുളുള്ള മേഖലകളിൽ പോലും രോഗം റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. രാജ്യത്തുള്ള തങ്ങളുടെ പൗരൻമാരെ കുറിച്ച് ഇന്ത്യയുൾപ്പെടെ ഇതിനോടകം ആശങ്ക പ്രകടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തുനിന്നും മടങ്ങാൻ താൽപര്യമുള്ളവർത്ത് യുഎഇ സ്വന്തം നിലയിൽ സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് പോലും അധികൃതർ വ്യക്തമാക്കിയിരുന്നു.
ബഹ്റിനിലും കുവൈത്തിലും രോഗം ബാധിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടിട്ടുണ്ട്. കുവൈത്തിൽ 1154 പേർ രോഗബാധിതരാവുകയും ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബഹ്റിനിൽ 1040 പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ ആറുപേർ മരിച്ചക്കുകയും ചെയ്തു. 2728 പേർക്കാണ് ഖത്തറിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. 543 പേർക്കാണ് ഒമാനിൽ രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ, വിദേശി സമൂഹങ്ങള്‍ക്കിടയില്‍ സാമൂഹിക വ്യാപനം ആരംഭിച്ചതോടെ കുവൈത്തിന്റ അഭ്യര്‍ഥന അനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള റാപ്പിഡ് റെസ്പോണ്‍സ് മെഡിക്കല്‍ സംഘം ഇന്നലെ കുവൈത്തിലെത്തി. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ സഹായം എത്തിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയുമാണ് മെഡിക്കല്‍ സംഘത്തിന്റ ദൗത്യം. ഡോക്ടര്‍മാര്‍, നേഴ്സസ് , പാരാ മെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്നതാണ് സംഘം. കൊറോണ പരിശോധനക്ക് കുവൈത്തിലെ പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇന്ത്യൻ സംഘം രണ്ടാഴ്ചക്കാലം സഹായിക്കുകയും വേണ്ട പരിശീലനം നല്‍കുകയും ചെയ്യും.
ഇറാഖിൽ ഇതിനോടകം 1318 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 72 പേർ മരിക്കുകയും ചെയ്തു. സിറിയയിൽ ഇതുവരെ 25 കേസുകളാണ് റിപ്പോർട്ട് ചെയ്തതത്. രണ്ട് മരണങ്ങളും. ഇറാനിൽ ഇതു വരെ എഴുപതിനായിരത്തിലധികം കേസുകള്‍ കണ്ടെത്തിയപ്പോൾ 4,300 ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.