ആഗോളതലത്തിൽ കൊവിഡ് രോഗബാധ ഏഴ് ലക്ഷം പിന്നിട്ട് മുന്നോട്ട് നീങ്ങുമ്പോൾ മരണം 34,000ത്തിലേക്ക് അടുക്കുകയാണ്.യൂറോപ്പും യുഎസും രോഗബാധയുടെ രൂക്ഷതയിൽ ബുദ്ധിമുട്ടുമ്പോൾ പശ്ചിമേഷ്യയിലും രോഗം പടരുകയാണ്. ഇറാന് പുറത്ത് രോഗ വ്യാപനം തുലോം കുറവാണെന്നാണ് പുറത്ത് വരുന്ന കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ ഇന്നലെ രോഗ ബാധ മൂലം ഒരാൾ കൂടി മരിച്ചതോടെ യുഎഇയിൽ മരണ സംഖ്യ മൂന്നായി. 47 വയസ്സുള്ള അറബ് വനിതയാണ് ഇന്നലെ മരിച്ചത്.
ഇന്ത്യാക്കാരുൾപ്പെടെ നിരവധി പ്രവാസികൾ കഴിയുന്ന യുഎഇയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 102 പേർ ഉൾപ്പെടെ 570 എണ്ണമാണെന്നാണ് കണക്കുകൾ. ഇന്നലെ മുന്ന് പേരുൾപ്പെടെ 58 പേർ രോഗ മുക്തരായെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. രണ്ട് ഇന്ത്യക്കാരും ഒരു ഫിലിപ്പൈനിയുമാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതെന്നാണ് റിപ്പോർട്ടുകൾ.
സൗദി അറേബ്യയിൽ ഇതുവരെ 1200 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബഹറിനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 490 ലധികം രോഗ ബാധ കണ്ടെത്തിയപ്പോൾ കുവൈത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 255 കേസുകളാണ്. ഖത്തറിൽ 634 കേസുകളും ഒമാനിൽ ഇതുവരെ 160 ലധികം പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ബാധ രൂക്ഷമായ ഇറാനിൽ ഇന്നലെ 2,600 ലധികം പുതുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 123 മരണങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് ആകെ ആകെ കേസുകൾ 38,000 കടന്നപ്പോൾ മരണം 2,600 പിന്നിട്ടു. ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകൾ. ഇതുവരെ 4,200 ലധികം കേസുകളിൽനിന്ന് 15 മരണം. മലേഷ്യയിൽ ഇതുവരെ 2,400 ലധികം കേസുകളിൽ നിന്ന് 35 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.