കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ വ്യാപകമായി ഇളവ് നൽകി ദുബായ് ഉൾപ്പെടെ സാധാരണ നിലയിലേക്ക്. രോഗ ബാധിയുടെ പശ്ചാത്തലത്തിൽ നേരത്തെ യുഎഇയിൽ നിന്നും തിരിച്ച് പോവയവരിൽ മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ സ്വാഗതം ചെയ്യുന്നതായും നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. പ്രത്യേക നിബന്ധനകളോടെയാണ് പ്രവാസികള്‍ക്ക് മടങ്ങിയെത്താൻ അവസരം ഒരുക്കുക എന്നായിരുന്നു പ്രഖ്യാപനം.
നിലവിലെ സാഹചര്യത്തിൽ യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യാക്കാരായ പ്രവാസികള്‍ രാജ്യത്തെ യുഎഇ എംബസിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നുൾപ്പെടെയാണ് നിര്‍ദേശം. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയതിന് ശേഷം മാത്രമേ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ എടുക്കാവൂ എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി കേന്ദ്ര സര്‍ക്കാർ പദ്ധതിയായ വന്ദേ ഭാരത് വിമാനങ്ങളില്‍ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ യുഎഇയിലേക്ക് കൊണ്ടുവരരുതെന്ന് യുഎഇ ഇതിനോടകം എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്. യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിരിറ്റി ജൂണ്‍ 23ന് പുറത്തിറക്കിയ സുരക്ഷാ നിര്‍ദേശത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഇതനുസരിച്ച് യാത്രക്കാരെ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാനായി രാജ്യത്തെത്തുന്ന വിമാനങ്ങളില്‍ യുഎഇയിലെയോ മറ്റ് രാജ്യങ്ങളിലെയോ പൗരന്മാരെ കൊണ്ടുവരുത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യം നിലനിൽക്കെ സാധാരണ വിമാന സർവീസുകൾ വീണ്ടും ആരംഭിക്കാത്ത നിലയിൽ യുഎഇയിലേക്കുള്ള മടക്കം വൈകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അതിനിടെ, മാർച്ച് 26 മുതലുളള നിയന്ത്രണങ്ങൾ വ്യാപകമായി പിൻവലിച്ചതോടെ ദുബായ് ഉൾപ്പെടെ വീണ്ടും സജീവമായിത്തുടങ്ങി. രാത്രി 11 മുതൽ രാവിലെ 6 വരെ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണം കൂടി നീക്കിയതോടെ നഗരത്തിൽ വീണ്ടും തിരക്ക് വർദ്ധിച്ചു. ബീച്ചുകളും ക്ലബുകളും പ്രവർത്തിച്ച് തുടങ്ങിയതോടെ വിപണികൾ ഉൾപ്പെടെ ഉണർന്നുതുടങ്ങി.
ഷോപ്പിങ് മാളുകളിലും ഭക്ഷണശാലകളിലും 12 വയസ്സിൽ താഴെയുള്ളവർക്കും 60നു മുകളിലുള്ളവർക്കും ഏർപ്പെടുത്തിയ വിലക്കുകളും നീക്കി. യാത്രാനിയന്ത്രണം നീക്കിയതോടെ ഇതര എമിറേറ്റുകളിൽനിന്നുള്ളവരും സംഘമായി ദുബായിലെത്തുന്നുണ്ട്.