TopTop
Begin typing your search above and press return to search.

'രോഗമുണ്ടാവുമെന്ന് കരുതി സ്വന്തം നാട്ടിലേക്ക് വരണ്ട എന്ന് പറയാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഗള്‍ഫുകാര്‍ക്ക് മാത്രം എന്തിനാണ് നിബന്ധനകൾ വയ്ക്കുന്നത്?'

രോഗമുണ്ടാവുമെന്ന് കരുതി സ്വന്തം നാട്ടിലേക്ക് വരണ്ട എന്ന് പറയാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഗള്‍ഫുകാര്‍ക്ക് മാത്രം എന്തിനാണ് നിബന്ധനകൾ വയ്ക്കുന്നത്?

കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായ യാത്രക്കാരെ മാത്രമേ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് എത്തിക്കാവൂ എന്ന നിർദേശത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാവുമ്പോഴും നിലപാടിൽ മാറ്റമുണ്ടാവില്ലെന്നാണ് സംസ്ഥാനം നൽകുന്ന സൂചന. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നുമാണ് കത്തിലെ ആവശ്യം.

പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തണം. പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

വന്ദേ ഭാരത് മിഷന് പുറത്ത് എണ്ണൂറിലധികം വിമാനങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തേക്ക് എത്താനിരിക്കെയാണ് ജൂൺ 20 മുതൽ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായവരെമാത്രം നാട്ടിലേക്ക് എത്തിക്കാവൂ എന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടത്.

എന്നാൽ, ഒട്ടേറെ വിമാനങ്ങൾ വരും ദിവസങ്ങളിൽ നാട്ടിലെത്താൻ ഒരുങ്ങുമ്പോഴാണ് വന്ദേഭാരത് മിഷനിൽ ഇല്ലാത്ത നിബന്ധനകൾ സർക്കാർ ചാർട്ടർ വിമാനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. ഈ നീക്കം നേരത്തെ മുഖ്യമന്ത്രി ഉയർത്തിയ നിലപാടുകൾക്ക് വിരുദ്ധമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ചാർട്ടർ വിമാനങ്ങളിൽ എങ്ങനെയെങ്കിലും നാടണയണം എന്നു കരുതുന്ന പ്രവാസികളോടുള്ള സർക്കാരിന്റെ ഈ നിലപാട് ക്രൂരതയാണെന്നാണ് ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറ‍ഞ്ഞത്. ചാർട്ടർ വിമാനങ്ങളിൽ ചിലതൊക്കെ അവസാന നിമിഷം അനുമതി ലഭിക്കുന്നതാണ്. അപ്പോഴാണ് 48 മണിക്കൂർ മുൻപ് പരിശോധന നടത്തണം, ആ രേഖ കൊണ്ടുവേണം പ്രവാസികൾ വിമാനത്തിൽ കയറാൻ എന്ന് പറയുന്നത്. ഇനി പരിശോധനാ ഫലം ലഭിച്ച് 48 മണിക്കൂറിന് ശേഷവും പുറപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും പരിശോധന നടത്തേണ്ടി വരും. അവിടെ ദൂബായിലെ സാഹചര്യം കണക്കിലെടുത്താൽ 7000 രൂപയ്ക്ക് മുകളിലാണ് ഒരു പരിശോധനയ്ക്കായി ചെലവ് വരുന്നത്. ഇപ്പോഴുള്ള സർക്കാർ നിലപാട് പ്രവാസികളെ നാട്ടിലെത്തിക്കാൻ കെഎംസിസി എടുക്കുന്ന നടപടികൾക്ക് തുരങ്കം വയ്ക്കുന്നതാണ്. കഷ്ടപ്പെടുന്ന പ്രവാസികളല്ല. മറിച്ച് രാഷ്ട്രീയമാണ് ഇപ്പോഴും സർക്കാർ ഉന്നം വയ്ക്കുന്നതെന്നും കെഎംസിസി ആരോപിക്കുന്നു.

'രോഗമുണ്ടാവുമെന്ന് കരുതി സ്വന്തം രാജ്യത്തേക്ക് ഒരാളോട് വരണ്ടാ എന്ന് പറയാന്‍ പറ്റുമോ' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ചിൽ നിയമസഭയിൽ പറഞ്ഞ നിലപാടിന് വിരുദ്ധമാണ് ഇപ്പോൾ മുന്നോട്ട് വയ്ക്കുന്ന നിബന്ധനയെന്നാണ് പ്രവാസി വിഷയത്തിൽ ഏറെ ഇടപെട്ടിട്ടുള്ള മുതിർന്ന മാധ്യമ പ്രവർത്തകൻ റെജിമോൻ കുട്ടപ്പൻ ചൂണ്ടിക്കാട്ടുന്നത്. മെയ് 24 ന് കേന്ദ്ര സർക്കാർ ഇറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസിജ്യറിലാണ് (എസ്ഒപി) കേന്ദ്ര സര്‍ക്കാർ കോവിഡ് ആർടിപിസിആറിനെ കുറിച്ച് പറയുന്നത്. പക്ഷേ അത് ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കാൻ നിരവധി പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് വ്യക്തമാണ്. 48 മണിക്കൂറിനുള്ളിൽ ചെയ്ത കോവിഡ് ടെസ്റ്റ് ലഭ്യമാവാൻ ആരോഗ്യ മേഖലയിൽ വലിയ സാധ്യതകളില്ലാത്ത ഗൾഫ് രാജ്യങ്ങളിൽ ബുദ്ധിമുട്ടാണ്. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രം എസ്ഒപിയിൽ കണ്ണടയ്ക്കാൻ തയ്യാറായതെന്നും റെജിമോൻ കുട്ടപ്പൻ ചൂണ്ടിക്കാട്ടുന്നു.

"നിലവിൽ ടിക്കറ്റ് ചാർജ്ജിന് പുറമെ കോവിഡ് ടെസ്റ്റ് കൂടി നടത്തണമെന്ന് പറയുമ്പോൾ മാസങ്ങളായി ജോലിയും വരുമാനവും ഇല്ലാതെ ഇരിക്കുന്നവർ എങ്ങനെയാണ് നാട്ടിലെത്തുക. ഇതിന് പുറമെയാണ് പരിശോധന സംവിധാനങ്ങളുടെ അഭാവം. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെ കേരളവുമായി താരതമ്യം ചെയ്യരുത്. ഒമാനിലെ സാഹചര്യം എടുത്താൽ തന്നെ കോവിഡ് പരിശോധന നടത്തണമെങ്കിൽ മസ്കറ്റ് പോലുള്ള വലിയ നഗരങ്ങളിൽ എത്തേണ്ടിവരും. ഇതിന് സഞ്ചരിക്കേണ്ടിവരുന്നത് നൂറ് കണക്കിന് കിലോമീറ്ററുകളാണ്. ചെറിയ ആശുപത്രികളിൽ ഇതിനുള്ള സൗകര്യം ലഭിക്കാനിടയില്ല. പലയിടത്തും ലോക്ക്ഡൗണ്‍ നിലനിൽക്കുന്നതിനാൽ വാഹന സൗകര്യം ഉൾപ്പെടെ ഇല്ലാത്ത സാഹചര്യമാണെന്ന് ഓർക്കണം.

നാട്ടിലേക്ക് മടങ്ങാൻ ഒന്നരമാസമായി എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുണ്ട്. ഇതിൽ ചിലരെ നേരിട്ടറിയാം. ഇവർ എംബസിയുടെ ലിസ്റ്റിൽ ഇതുവരെ പെട്ടിട്ടില്ല. അമ്പത് വയസ് പിന്നിട്ടവരാണ്. ഇവരുടെ പ്രശ്നങ്ങൾ എംബസിക്ക് ബോധ്യപ്പെടാത്തതോ മുൻഗണനാ പട്ടികയിൽ പെടാത്തതോ ആയിരിക്കും കാരണം. എന്നാൽ അവർക്ക് ചില സംഘടനകൾ ചാർട്ട് ചെയ്ത വിമാനത്തിൽ നാട്ടിലെത്താനാവും. അതിന് സംഘടനകൾ തയ്യാറുമാണ്. എന്നാൽ നേരിട്ട് ആളുകളെ വിമാനത്തിൽ പരിഗണിക്കാൻ ഇത്തരം സംഘടനകൾക്ക് കഴിയില്ല. ഇവരും ആളുകളെ തിര‍ഞ്ഞെടുക്കുന്നത് എംബസി പട്ടിയിൽ തന്നെയാണ്. എന്നാൽ ഈ ലിസ്റ്റിൽ നിന്നും 80 ശതമാനം പേരും ബാക്കി ഇവർ പരിഗണിക്കുന്നവരുമായിരിക്കും. അങ്ങനെയാണ് നേരത്തെ പറഞ്ഞ വ്യക്തികൾ മടക്കയാത്രക്ക് അവസരം ഒരുക്കുന്നത്. ഇത്തരക്കാരിലാണ് പുതിയ നിബന്ധന വീണ്ടും വെല്ലുവിളിയാവുന്നത്.

രോഗബാധിതരായവർ കൂടുതലെത്തിയാൽ കേരളത്തിലെ സാഹചര്യം മോശമാവുമെന്നാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ടെസ്റ്റ് നടത്തിയാൽ പോലും റിസൾട്ട് പോസിറ്റീവാവണം എന്നില്ല, രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരും നിരവധിയുണ്ട്. പ്രാഥമിക പരിശോധന പൂർത്തിയാക്കിയാണ് നിലവിൽ ആളുകളെ വിമാനത്തിൽ കയറ്റുന്നത്. ലക്ഷണങ്ങൾ ഉള്ളവരെ മാറ്റി നിർത്തുന്നുമുണ്ട്.

ഇനി ക്വാറന്റൈന്‍ ഉള്ള ഒരു വ്യക്തിയാണെങ്കില്‍ അയാൾക്ക് യാത്ര ചെയ്യാനാവില്ല. ഫീൽഡ് ക്വറന്റൈന്‍ ആണ് ഗൾഫ് രാജ്യങ്ങളിൽ നടത്തുന്നത്. രോഗം സ്ഥിരീകരിച്ചാൽ അയാളുടെ ഐഡി കാർഡിൽ ഈ വിവരം രേഖപ്പെടുത്തപ്പെടും. ഈ വ്യക്തിയുടെ രോഗബാധ നെഗറ്റീവാണെന്ന് റിപ്പോർട്ട് വരാതെ ഇയാൾക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാനാവില്ല. അതിന് അവിടെയുള്ള സർക്കാർ അനുവദിക്കില്ല. അതായത് കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുടെ ഉത്തരവാദിത്തം ആ സർക്കാർ ഏറ്റെടുക്കുകയാണ്. അങ്ങനെയാണ് സാഹചര്യം എന്നിരിക്കെ എന്തിനാണ് എല്ലാവരും പരിശോധിക്കപ്പെടണമെന്ന് നിർബന്ധം പിടിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള യുഎസിൽ നിന്നും വന്ദേഭാരത് ദൗത്യത്തിലൂടെയും ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകളിൽ ഒന്നായ ഡല്‍ഹിയിൽ നിന്നും ആളുകൾ വിമാനത്തിൽ കേരളത്തിലേക്ക് വരുന്നുണ്ട്. എന്തുകൊണ്ടാണ് ഇവർക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പറയാത്തത്? മി‍ഡിൽ ഈസ്റ്റില്‍ മാത്രം എന്തിനാണ് ഇത്തരം നിബന്ധനകൾ വയ്ക്കുന്നത്.

ഇവിടെ, പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ ഭരണകുടങ്ങൾ പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. അത് കേന്ദ്രമായാലും കേരളമായാലും. ഭരണകൂടങ്ങൾ പരാജയപ്പെടുമ്പോഴാണ് സാമൂഹിക, സാംസ്കാരിക സംഘടനകൾ മുന്നോട്ട് വരുന്നത്. പക്ഷേ അവർക്ക് ഒരു പരിധിയുണ്ട്. സർക്കാറിനുള്ള സംവിധാനങ്ങള്‍ക്ക് അതില്ല. എന്നാൽ ഇത്തരം സംഘടനകൾ ഇടപെട്ട് വരുന്നവരെ തടയേണ്ട കാര്യമില്ല. ഇവിടെയാണ് നേരത്തെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് ഇപ്പോഴത്തെ നടപടിയെന്ന് പറയേണ്ടി വരുന്നത്.

ഗൾഫിൽ ഇതുവരെ മരിച്ചവരുടെ കണക്ക് പറിശോധിക്കണം. അതിൽ സമ്പന്നരില്ല. മരിച്ച 221 പേരും സാധാരണക്കാരാണ്. രണ്ട് നഴ്സുമാര്‍ വരെയുണ്ട്. ഒരു ജീവിതം മാറ്റിവച്ച് കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ. ഇനി അവിടെ നിൽക്കുന്നവർക്ക് മുന്നിലും പഴയ സാധ്യകളില്ല. എണ്ണവില ഇടിഞ്ഞ് കഴിഞ്ഞു. ഗൾഫിലെ വരുമാനത്തിന്റെ മറ്റ് ഘടകങ്ങളായ ടൂറിസം, ട്രാവൽ മീറ്റിങ്ങ് എക്സ്പോ എല്ലാം മുടങ്ങി. ആറ് രാജ്യങ്ങളിലെയും ആഭ്യന്തര വളർച്ച നെഗറ്റീവാണ്. അവർ കടത്തിലേക്ക് പോവുകയാണ്. സൗദി അറേബ്യ, ഖത്തർ, അബുദാബിയുടെ ബോണ്ടുകൾ വിറ്റ് 24 മില്ല്യൺ ഡോളർ കടമെടുക്കുകയാണ്. ഇനി എന്നാണ് ഈ ഗൾഫ് രാജ്യങ്ങൾ പഴയ പ്രതാപത്തിലേക്ക് തിച്ച് വരിക. അതുവരെ ഈ തൊഴിലാളികൾ അവിടെ കഴിയണമെന്നാണോ സർക്കാരുകൾ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ നീക്കങ്ങൾ പ്രവാസികളെ മാനസികമായി പോലും തകർക്കുന്നതാണ്", റെജിമോൻ പറയുന്നു.

സർക്കാർ നിലപാടിൽ ഉറച്ച് നിൽക്കുമെന്ന സൂചന നൽകുമ്പോൾ തന്നെ വിവിധ കോണുകളിൽ വ്യാപക വിമര്‍ശനം ഉയരുകയാണ്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേരള സര്‍ക്കാര്‍ നിലപാട് പ്രവാസികളോട് കാട്ടുന്ന ക്രൂരതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

പ്രവാസികള്‍ക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതും അപ്രയോഗികവുമാണ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ്. പല ഗള്‍ഫ് നാടുകളിലും ഇത്തരം സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അതീവ പ്രയാസമുണ്ട്. വരുമാനവും തൊഴിലും നഷ്ടപ്പെട്ട പ്രവാസികള്‍ തികച്ചും നിസഹായരാണ്. ഇതോടെ പ്രവാസി സംഘടനകളുടെ കാരുണ്യത്തില്‍ ലഭിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലെത്താമെന്ന മോഹമാണ് ഇതോടെ ഇല്ലാതാകുന്നത്. പ്രവാസികളുടെ കേരളത്തിലേക്കുള്ള വരവ് എങ്ങനെയും തടയാനാണ് ഇപ്പോള്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇവരെ ദ്രോഹിക്കുകയാണ്. മറ്റു ഫ്‌ളൈറ്റുകളില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് പോലെ ഇവരെയും കൊണ്ടുവരാനാണ് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇറ്റലിയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയെങ്കില്‍ മാത്രമെ യാത്രാനുമതി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രി നിയമസഭയില്‍ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് വാദിച്ച മുഖ്യമന്ത്രിയാണ് സൗജന്യ ക്വാറന്റൈന്‍ നിര്‍ത്തലാക്കി ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന നിലപാട് സ്വീകരിച്ചത്. തുടര്‍ച്ചയായി പ്രവാസികളോട് ഇരട്ടനീതിയാണ് മുഖ്യമന്ത്രി കാട്ടുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് എത്രയും പെട്ടന്ന് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കോവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അപ്രായോഗികവും പ്രവാസികള്‍ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതുമാണ്. ഇത് പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന നിര്‍ദേശം പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ വിദേശത്ത് ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആളുകളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും ഇപ്പോള്‍ മൂന്നു ലക്ഷത്തിലധികം മലയാളികള്‍ കേരളത്തിലേക്ക് വരുവാന്‍ കാത്ത് നില്‍ക്കുകയാണ്. ഇതുവരെ പതിനഞ്ച് ശതമാനം ആളുകളെ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളു. വിദേശ മലയാളികളെ വേഗം നാട്ടിലെത്തിക്കണമെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടിയെ തീരുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി സന്നദ്ധ സംഘടനകള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരാമെന്ന പ്രതീക്ഷയക്ക് മങ്ങലേല്പിക്കുന്നതാണ് പുതിയ ഉത്തരവ്. പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന പുതിയ ഉത്തരവ് പിന്‍വലിക്കുകയും കോവിഡിന്റെ ജാഗ്രത പുലര്‍ത്തുവാന്‍ സാധിക്കുന്ന വിധത്തില്‍ ഹോം ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കുകയും വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം, രോഗവ്യാപനം തടയാൻ ഈ നടപടി അനിവാര്യമാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പരാമർശം. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നിർദേശം. വിമാനത്തിൽ രോഗിയുണ്ടെങ്കിൽ ഒന്നിച്ചുള്ള യാത്രയിൽ മറ്റുള്ളവർക്കും രോഗം പടരാൻ സാധ്യതയുണ്ട്. ഗർഭിണികളും മറ്റ് അസുഖമുള്ളവരും ഉള്ള വിമാനത്തിൽ രോഗികളുടെ എണ്ണം കൂടിയാൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി ഈ വരുന്ന ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു. വിദേശത്ത് പരിശോധന നടത്തണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വേണം. ഇതിന് വേണ്ട ഇടപെടൽ ഉണ്ടാകുമെന്ന് കരുതുന്നു. പരിശോധന ഉറപ്പുവരുത്താൻ ഗൾഫിലെ സന്നദ്ധ സംഘടനകൾക്ക് സഹായം നൽകും എന്നായിരുന്നു ഇന്ന് ആരോഗ്യമന്ത്രി നടത്തിയ പ്രതികരണം.


Next Story

Related Stories