യുഎഇയില്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് ഇന്ത്യന്‍ എംബസി രജിസ്ട്രേഷന് ആരംഭിച്ചു ് www.indembassyuae.gov.in, www.cgidubai.gov.in (www.cgidubai.gov.in/covid register) എന്നീ വെബ്സൈറ്റുകള്‍ വഴി വിവരങ്ങള്‍ നല്കി രജിസ്ട്രേഷന് നടത്താം. ഇതിനായി പാസ്പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.
ഗ്രൂപ്പായി രജിസ്ട്രേഷന് നടത്താനാവില്ല. കുടുംബമായിട്ട് മടങ്ങുന്നവര്‍ക്ക് ഓരോ അംഗത്തിനും പ്രത്യേകം പ്രത്യേകം രജിസ്ട്രേഷന് നടത്തണം. അതുപോലെ തന്നെ കമ്പനികള്‍ക്കും, ഓരോ ജീവനക്കാര്‍ക്കും ഒരു പ്രത്യേക ഫോം പൂരിപ്പിക്കണം. കോവിഡ് -19 സാഹചര്യത്തില്‍ വിദേശത്തുള്ളവരെ മടക്കിക്കൊണ്ടുവരുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുന്നതിനുള്ള വിവരശേഖരണം മാത്രമാണ് ഈ ഫോമിന്റെ ലക്ഷ്യമെന്നും എംബസി അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ എംബസി വെബ്സൈറ്റിലൂടെയും മറ്റു വഴികളിലൂടെയും യഥാസമയം അറിയിക്കും. അതേ സമയം രജിസ്ട്രേഷന് വിമാനത്തില്‍ സീറ്റുറപ്പിക്കുന്നതിനുള്ള നടപടിക്രമമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അബുദാബി എംബസി 0508995583, ദുബായ് കോണ്‍സുലേറ്റ്; 0565463903. എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.