കുവൈറ്റില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് പരിശോധന ടെസ്റ്റുകള്‍ സൗജന്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യ സേവനം ലഭിക്കുന്നതാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി വ്യാപക പരിശോധനകള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം. രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ സമ്പര്‍ക്കം പരിശോധിച്ച് രോഗവ്യാപന നിരക്ക് ഉള്‍പ്പെടെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് പരിശോധനകള്‍ക്കായി രാജ്യത്ത് നിലവിലുള്ള വൈറോളജി ലാബുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജീവനക്കാരും സജ്ജമാണ്. രോഗബാധയുള്ള വ്യക്തിയുടെ തൊണ്ടയിലെയും മൂക്കിലെയും സാമ്പിളുകള്‍ ശേഖരിക്കുകയും, കൂടാതെ വ്യക്തിയുടെ വിവരങ്ങള്‍ കൂടി ശേഖരിച്ച് പരിശോധനക്ക് അയക്കുന്നതാണ്.രാജ്യത്ത് പി.സി.ആര് പരിശോധന നടത്തുന്ന എല്ലാ സ്ഥാപങ്ങളും കൃത്യമായ അംഗീകാരത്തോടെയും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായുമാണ് പ്രവര്‍ത്തിക്കുന്നത്. ഏഴ് ലബോറട്ടറികള്‍ പുതിയതായി അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇവയില്‍ ഒരെണ്ണത്തിന് ഇതിനോടകം അനുമതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നുണ്ടോയെന്ന് മന്ത്രാലയം നിരീക്ഷിച്ചു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു.