കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം നാട്ടിലേക്ക് വരാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഗള്‍ഫില്‍ കോവിഡ് ടെസ്റ്റ് സംവിധാനങ്ങളുടെ കുറുവും സാമ്പത്തിക ബാധ്യതയുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. അതേസമയം സംസ്ഥാനത്ത് മികച്ച ക്വാറന്റീന് സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നാണ് പ്രവാസി സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നത്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും രോഗലക്ഷണമുള്ളവര്ക്കല്ലാതെ കോവിഡ് ടെസ്റ്റ് നടക്കുന്നില്ല എന്നിരിക്കെ, പ്രവാസികളുടെ മടക്കയാത്ര മുടക്കുന്ന നടപടിയായി സര്‍ക്കാര്‍ നിര്‍ദേശം മാറിയേക്കും.
അതിവേഗത്തില്‍ ഫലം ലഭിക്കുമെന്ന് പറയുന്ന റാപ്പിഡ് ടെസ്റ്റും ആന്റിബോഡി ടെസ്റ്റും മിക്ക ഗള്‍ഫ് രാജ്യങ്ങളിലും നടക്കുന്നില്ല. അതുകൊന്ട് തന്നെ പ്രവാസികളുടെ മടക്കയാത്രക്ക് കൂടുതല്‍ തടസം ഉണ്ടാക്കുകയാണ്. എല്ലാ യാത്രക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി ഫലം ഉറപ്പാക്കുക എന്നത് എളുപ്പത്തില്‍ പ്രായോഗികമല്ല. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാവെട്ട, പിസിആര്‍ ടെസ്റ്റ് ഫലങ്ങള്‍ വരാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വരും. സ്വകാര്യ സ്ഥാപനങ്ങളെ ടെസ്റ്റിനായി സമീപിച്ചാല്‍ യു.എ.ഇയിലും ഒമാനിലും മറ്റും വലിയ തുക നല്‍കേണ്ട സാഹചര്യമാണുള്ളത്. പരിശോധന സൗജന്യമാണെങ്കിലും അതിന് അനുമതി ലഭിക്കുന്ന സാഹചര്യമല്ല കുവൈത്തില്‍. ബഹ്റൈനിലും ടെസ്റ്റ് സൗജന്യമാണ്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലുടെ നിശ്ചിത സമയത്ത് പരിശോധന നടത്തി കിട്ടുക എളുപ്പമല്ലെന്നുമാണ് റിപോര്‍ട്ട്.
ടെസ്റ്റിനേക്കാള്‍ പ്രത്യേകമായി തയാര്‍ ചെയ്ത ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കി രോഗലക്ഷണമുള്ളവരെ കണ്ടെത്തുക എന്നതാണ് ഖത്തറിലെ സംവിധാനം. സൗദിയില്‍ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ ഒരാള്‍ക്ക് മുപ്പതിനായിരം രൂപക്ക് മുകളിലാണ് ചെലവ്. കേരളത്തില്‍ ക്വാറന്റയിന്‍ സംവിധാനം ഫലപ്രദമായി നടപ്പാക്കുകയാണ് ചെയ്യേണ്ടതെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.