TopTop
Begin typing your search above and press return to search.

ഒരു ദിവസം മരിച്ചത് എട്ട് മലയാളികൾ, ആശങ്കപ്പെടുത്തി ഗൾഫ് രാജ്യങ്ങളിലെ കോവിഡ് ബാധ; സൗദിയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് കൂട്ടി എയര്‍ ഇന്ത്യ

ഒരു ദിവസം മരിച്ചത് എട്ട് മലയാളികൾ, ആശങ്കപ്പെടുത്തി ഗൾഫ് രാജ്യങ്ങളിലെ കോവിഡ് ബാധ; സൗദിയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് കൂട്ടി എയര്‍ ഇന്ത്യ

ഇന്ത്യയിലും കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടെ വൈറസ് ബാധയേറ്റ് വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന വർദ്ധന. ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 190 ആയി ഉയർന്നതായാണ് പുതിയ കണക്കുകൾ. 24 മണിക്കൂറിനിടെ മാത്രം 8 മലയാളികളാണ് മേഖലയിൽ രോഗ ബാധ മൂലം മരിച്ചത്. കുവൈത്തിൽ മാത്രം ഇന്നലെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കൊല്ലം പറവൂർ കറുമണ്ടൽ സ്വദേശി കല്ലുംകുന്ന് വീട്ടിൽ ഉഷാമുരുകൻ, കോഴിക്കോട് കുറ്റിക്കടവ് സ്വദേശി അജ്മൽ എന്നിവരാണ് കുവൈത്തിൽ മരിച്ചത്. പത്തനംതിട്ട അടൂർ കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കേതിൽ ഹരികുമാർ സൗദി തലസ്ഥാനമായ ദമാമിലും മരിച്ചു.

പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍, കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍, തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാരന്‍ നായര്‍ എന്നിവരാണ് ഗൾഫിൽ മരിച്ച മറ്റ് മലയാളികൾ. കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബിന്റെ മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഒരു ദിവസം മരണ സംഖ്യ എട്ടിലേക്ക് ഉയർന്നത്.

അതിനിടെ രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്നവരെ പ്രതിസന്ധിയിലാക്കി സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി. ഈ മാസം പത്ത് മുതല്‍ ആരംഭിക്കുന്ന രാജ്യത്തെ പ്രധാന വിമാനത്താളവങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.

ആദ്യ ഘട്ടത്തില്‍ ദമ്മാം കൊച്ചി സര്‍വീസിന് 950 റിയാല്‍ (ഏകദേശം 18760 രൂപ) ഈടാക്കിയ സ്ഥാനത്ത് ഇപ്പോള്‍ 1703 റിയാല്‍ (ഏകദേശം 33635 രൂപ) ആണ് ഈടാക്കുന്നത്. ഏറെ യാത്രികരുള്ള കേരളത്തിലേക്കുള്ള സര്‍വീസുകളുടെ നിരക്കാണ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. ഇതോടെ ജോലിയും ശമ്പളവുമില്ലാതെ മാസങ്ങളായി നാടണയാന്‍ കാത്തിരുന്ന പ്രവാസികള്‍ക്ക് ദുരിതം ഇരട്ടിയാവുകയാണ്.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഉണ്ടാവില്ലെന്നാണ് പുതിയ അറിയിപ്പ്. പകരം ഇനി മുതല് 14 ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. നേരത്തെ ഏഴുദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം. ഇത് പൂര്‍ണമായും ഒഴിവാക്കി പതിനാല് ദിവസവും വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ നിര്‍ദേശം.


Next Story

Related Stories