കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളും പാലിക്കാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍. യുഎഇയില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ ഇറങ്ങേണ്ട സംസ്ഥാനങ്ങളുടെ അനുമതി പത്രം വാങ്ങിക്കണമെന്ന വ്യവസ്ഥ പാലിക്കാതെ പുറപ്പെടുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ഡിജിസിഎയുടെ നിര്‍ദ്ദേശം.
ചാര്‍ട്ടേഡ് ചെയ്യേണ്ട ഫ്ലൈറ്റുകള്‍ക്കായി വെബ്സൈറ്റില്‍ ടിക്കറ്റ് വില്‍ക്കുന്നു, ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഇറക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങുന്നില്ല, ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഇറക്കുന്നതിന് മുമ്പ് ഇന്ത്യന്‍ എംബസിയെ അറിയിക്കുന്നില്ല ഇങ്ങനെ മൂന്നുകാര്യങ്ങളാണ് അധികൃതര്‍ ചൂണ്ടി കാണിക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇറങ്ങുന്ന സംസ്ഥാനങ്ങളുടെ അനുമതി പത്രം വാങ്ങേണ്ടതുണ്ട്. അവയുടെ പകര്‍പ്പ് എയര്‍ ട്രാഫിക് കണ്ട്രോളിന് കൈമാറുകയും വേണം. വിമാനങ്ങള്‍ പുറപ്പെടുന്നതിന് മുമ്പ് ഈ നടപടിക്രങ്ങള്‍ പൂര്‍ത്തീകരിക്കണം. എന്നാല്‍ യുഎഇയില്‍ നിന്ന് പുറപ്പെടുന്ന പല വിമാനങ്ങളും ഈ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ശ്രദ്ധയില്‍ പെട്ടെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ രാജ്യത്തെ എയര്‍ ട്രാഫിക് കണ്ട്രോള് യൂണിറ്റുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ കത്തയച്ചു. അനുമതി പത്രം വാങ്ങിക്കാത്ത വിമാനങ്ങളെ ഇറങ്ങാന്‍ അനുവദിക്കരുതെന്ന് കത്തില്‍ ഡിജിസിഎ വ്യക്തമാക്കി. കത്ത് നല്കി 24 മണിക്കൂറിന് ശേഷം ഈ നിര്‍ദേശം നടപ്പില്‍ വരുത്തണമെന്ന് ഇന്നലെ അയച്ച കത്തില്‍ ഡിജിസിഎ അറിയിച്ചു.
ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമേ യുഎഇ കാരിയേഴ്സിന് അനുമതിയുള്ളൂ. ഓരോ ചാര്‍ട്ടറിനും, അവര്‍ ഇറങ്ങേണ്ട സംസ്ഥാനത്തിന്റെയും ഇന്ത്യന്‍ എംബസിയുടെയും ക്ലിയറന്‍സ് ആവശ്യമാണ്, ഫ്ലൈറ്റ് ഒരു കോര്‍പ്പറേറ്റ് അല്ലെങ്കില്‍ കമ്മ്യൂണിറ്റി ഓര്ഗനൈസേഷന് നിയോഗിച്ച നിയമാനുസൃത ചാര്ട്ടറാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍ പ്രകാരം, ജൂലൈ 26 വരെ ഈ 15 ദിവസത്തേക്ക് യുഎഇ വിമാനക്കമ്പനികള്‍ക്ക് ടിക്കറ്റുകള്‍ വണ്‍വേ വില്‍ക്കാനും ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനും മാത്രമേ അനുമതിയുള്ളൂ.