കോവിഡ് -19 അനുബന്ധ ചെലവുകള്‍ക്കായി എമിറേറ്റ്സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് സൗജന്യ ചികിത്സാ പദ്ധതി വാഗ്ദാനം ചെയ്തു. വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകള്‍ക്ക് 1.3 കോടി രൂപ വരെ (ആറുലക്ഷത്തിലേറെ ദിര്‍ഹം) യാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്തത്. ഒക്ടോബര്‍ 31വരെ എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക.
യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തില്‍ കോവിഡ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിര്‍ഹം) മെഡിക്കല്‍ ചെലവിനത്തില്‍ ഇന്‍ഷുറന്‍സായി എമിറേറ്റ്സ് നല്‍കും. കൂടാതെ, ഇത്തരത്തില്‍ രോഗബാധയുണ്ടാകുന്നവര്‍ക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീന് ചെലവുകള്‍ക്ക് നല്‍കും. കൊറോണ വൈറസ് ബാധിച്ചാല്‍ ഉണ്ടാകുന്ന ചികിത്സാ ചെലവുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് സൗജന്യ പരിരക്ഷ നല്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയാണ് ദുബായ് എയര്‍ലൈന്‍.
ഏതുരാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് നല്‍കും. യാത്രചെയ്യുന്ന ദിവസംമുതല്‍ 31 ദിവസത്തേക്കാണ് ഇതിന് സാധുതയുണ്ടാവുക. ഉപഭോക്താക്കള്‍ ലക്ഷ്യസ്ഥാനത്തെത്തി അവിടെനിന്ന് മറ്റൊരുസ്ഥലത്തേക്ക് യാത്രചെയ്താലും ഈ സേവനം പ്രയോജനപ്പെടുത്താം.
രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരെയും വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് കോവിഡ് -19 പരിശോധനയ്ക്ക് വിധേയമാക്കണമൈന്ന് യുഎഇ അധികൃതര്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മെഡിക്കല്‍ കവര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കൊറോണ വൈറസ് പരിശോധനയുടെ ചിലവ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നില്ല. ദുബായ് വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ നയം നടപ്പിലാക്കിയത്, പകര്‍ച്ചവ്യാധി സമയത്ത് യാത്ര ചെയ്യാനുള്ള ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനാണ് നടപടി.