കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്ക് 500 കോടി ദിര്‍ഹം തിരികെ നല്‍കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. റീഫണ്ടിനായി ലഭിച്ച അപേക്ഷകളില്‍ 90 ശതമാനവും തീര്‍പ്പാക്കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് പ്രസിഡന്റ് ടിം ക്ലാര്‍ക്ക് അറിയിച്ചു. മാര്‍ച്ച് മുതല്‍ ജൂണ്‍ അവസാനം വരെ 14 ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ തീര്‍പ്പാക്കേണ്ടവ ഇനിയും ശേഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ പണം തിരികെ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എമിറേറ്റ്സ് അധിക ജീവനക്കാരെ നിയമിച്ചിരുന്നു. ട്രാവല്‍ ഏജന്റുമാരെയടക്കം ഭാഗമാക്കി വിപുലമായ സംവിധാനങ്ങളാണ് തയ്യാറാക്കിയിരുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം ഒക്ടോബര്‍ മുതല്‍ പുനഃസ്ഥാപിക്കുമെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് കമ്പനി സി.ഇ.ഒ. അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. കോവിഡ് വ്യാപനംമൂലം വിമാനസര്‍വീസുകള്‍ പലതും നിര്‍ത്തലാക്കിയതോടെയാണ് ജീവനക്കാരുടെ ശമ്പളവും എമിറേറ്റ്സ് കുറച്ചത്. ഒപ്പം ചില ജീവനക്കാരോട് ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിനുപുറമെ പുതിയ റിക്രൂട്ട്മെന്റുകളും നിര്‍ത്തി.
വിവിധ രാജ്യങ്ങളില്‍ വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതോടെ എമിറേറ്റ്സ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കോവിഡ് മുന്‍കരുതല്‍ നടപടികളോടെ സുരക്ഷിതവും സുഗമവുമായ യാത്രാനുഭവമാണ് എമിറേറ്റ്സ് ഒരുക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.