ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം ഒക്ടോബര്‍ അവസാനത്തോടെ 17 ശതമാനം കുറഞ്ഞതായി കണക്കുകള്‍ പറയുന്നു.ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 11.38 ലക്ഷമാണ്. ഇതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.4 ശതമാനത്തിന്റെ കുറവാണുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2,77,728 പ്രവാസികള്‍ രാജ്യം വിട്ടതായാണ് കണക്ക്. കഴിഞ്ഞ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാത്രം 14,336 പ്രവാസികള്‍ രാജ്യം വിട്ടതോടെ ഇക്കാലയളവില്‍ മാത്രം ഒരു ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം പൊതുമേഖലയിലെ പ്രവാസികളുടെ എണ്ണത്തില്‍ 22.2 ശതമാനത്തിന്റെ കുറവ് വന്നു. സര്‍ക്കാര്‍ മേഖലയില്‍ 2019ല്‍ ഇതേ സമയം 54,687 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42,895 പേരാണുള്ളത്. ഗാര്‍ഹിക തൊഴില്‍ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ 13.8 ശതമാനം കുറവ് വന്നതോടെ 2,53,697 പേര് മാത്രമായി.
നവംബര്‍ 15 നും 19 നും ഇടയില്‍ 7,689 പ്രവാസികള്‍ രാജ്യം വിടാന്‍ അനുമതി തേടിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം പറഞ്ഞതായി ടൈംസ് ഓഫ് ഒമാന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വര്‍ക്ക് പെര്‍മിറ്റിന്റെ അഭ്യര്‍ത്ഥനകളുടെ കാര്യത്തില്‍ 3,765 വര്‍ക്ക് പെര്‍മിറ്റുകള്‍ ആക്ടീവാണ്. അഭ്യര്‍ത്ഥന നടത്തിയവരില്‍ 3,263 പേര് തൊഴില്‍രഹിതരാണ്, 408 പേര് വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരും 253 പേര് പെര്‍മിറ്റ് റദ്ദാക്കിയവരുമാണ്.