TopTop
Begin typing your search above and press return to search.

റിസ്ക് എടുക്കുന്നവര്‍ക്ക് മാത്രമല്ല, പത്രാസിൽ ജീവിക്കുന്നവർക്കുമുണ്ട് നാടിന്റെ വളർച്ചയിൽ വലിയൊരു 'പങ്ക്'; ഗൾഫ് പ്രവാസികളുടെ തിരിച്ചു വരവ്, ആശങ്കയുടെ മറുവശങ്ങൾ

റിസ്ക് എടുക്കുന്നവര്‍ക്ക് മാത്രമല്ല, പത്രാസിൽ ജീവിക്കുന്നവർക്കുമുണ്ട് നാടിന്റെ വളർച്ചയിൽ വലിയൊരു പങ്ക്; ഗൾഫ് പ്രവാസികളുടെ തിരിച്ചു വരവ്, ആശങ്കയുടെ മറുവശങ്ങൾ

കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഉടലെടുത്ത സവിശേഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികളിൽ വലിയൊരു വിഭാഗം കേരളത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി നിൽക്കയാണ്. ആദ്യ സംഘങ്ങള്‍ നാട്ടില്‍ എത്തിച്ചേരുകയും ചെയ്തു. ഇത്തരത്തിൽ വൻതോതിലുള്ള തിരിച്ചു വരവിനെ മുൻനിർത്തി അത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ എത്രകണ്ട് ബാധിക്കും എന്ന വിഷയത്തിൽ ഒട്ടേറെ ആശങ്കകൾ ഉത്തരവാദപ്പെട്ടവർ പങ്കുവെക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ അത്തരം ആശങ്കകളുടെ ചില മറുവശങ്ങൾ കൂടി ആലോചനാവിധേയമാക്കുന്നത് സംഗതമായിരിക്കുമെന്നു തോന്നുന്നു.ഇതിനുമുമ്പും പലപ്പോഴായിട്ട് ഗൾഫ് പ്രവാസികൾ കൂട്ടമായിത്തന്നെ നാട്ടിലേക്ക് തിരിച്ചു വരുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. 1996 ൽ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടർന്ന് അനേകായിരങ്ങൾ ഒന്നായി നാട്ടിലേക്ക് തിരിച്ചു വരികയുണ്ടായി. സമാനമല്ലെങ്കിലും വലിയ അളവിലുള്ള തിരിച്ചുവരവ് 2003 ലും 2018 ലും യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിനെത്തുടർന്നുണ്ടായി. വിസിറ്റ് വിസയിൽ വന്ന് മുങ്ങി നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരും വിസ കാലാവധി കഴിഞ്ഞിട്ടും യു എ ഇ യിൽ തങ്ങുന്നവരും പാസ്പോർട്ട് പോലും കയ്യിലില്ലാത്തവരുമൊക്കെയായിരുന്നു അന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിയമ നടപടികൾക്കിരയാകാതെ നാടുപിടിച്ചത്. 2008 ൽ ആഗോള മാന്ദ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വിദേശ കമ്പനികൾ പലതും അടച്ചുപൂട്ടുകയോ തൊഴിലാളികളെ പിരിച്ചുവിടുകയോ ചെയ്തതിനെത്തുടർന്നും വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി അനേകായിരങ്ങൾ നാട്ടിലേക്ക് തിരികെ വന്നു. 1991 ലെ ഇറാഖ്- കുവൈയ്ത്ത് യുദ്ധകാലത്ത് കുവൈത്തിൽ നിന്നുണ്ടായ മലയാളികളുടെ തിരിച്ചു വരവും മറക്കാറായിട്ടില്ല. ഇതിനെക്കാളൊക്കെ ഭയാനകമായിരുന്നു 2013 ൽ നിതാഖാത്ത്(സ്വദേശിവത്കരണം) പ്രഖ്യാപിച്ചപ്പോൾ സൗദിയിൽ നിന്നുണ്ടായ ഒഴുക്ക്. ഇങ്ങനെ വലിയ അളവിൽ പ്രവാസികൾ തിരിച്ചു വന്ന ഘട്ടങ്ങളിൽ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥക്കോ സാമൂഹികസ്ഥിതിക്കോ ചെറിയ ഉടവുകൾ പറ്റിയെന്നല്ലാതെ വലിയ തകർച്ചയുണ്ടാതായി പറയുക വയ്യ. (അങ്ങനെ മടങ്ങി വന്നവരാണ് വിദേശത്ത് നിന്ന് കൈവരിച്ച തൊഴിൽ പരിചയത്തിന്റെ ബലത്തിൽ കേരളത്തിൽ പലേടങ്ങളിലായി പുതിയതരം റസ്റ്റോറന്റ്കളും കാറ്ററിങ് കമ്പനികളും ആരംഭിച്ച്‌ മലയാളിയുടെ രുചിബോധത്തെത്തന്നെ അട്ടിമറിച്ച് ബിസിനസ് വിജയം നേടിയെടുത്തത്.) സവിശേഷമായ ശ്രദ്ധയും അല്പം ചില തിരുത്തലുകളും ആവശ്യപ്പെടുന്നതാണ് ഗൾഫ് പ്രവാസികളുടെ നാട്ടിലെത്തിയാലുള്ള ജീവിതശൈലി. അവധിക്കോ അല്ലാതെയോ നാട്ടിലെത്തിയാൽ കയ്യിലുള്ള കാശ് കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുക എന്നതാണ് 'ഗൾഫുകാര'ന്റെ ശീലം. കടംവാങ്ങി ആണെങ്കിലും അവൻ ഒന്നാന്തരം വീട് പണിയുന്നു. ബന്ധുമിത്രാദികൾക്കായ് മികച്ച വസ്ത്രങ്ങളെടുത്തു കൊടുക്കുന്നു. അതിഥികളെ സൽക്കരിക്കാനായ് വീട്ടിൽ ഫ്രൂട്ട്സും ബേക്കറി ഐറ്റംസും വാങ്ങി സ്റ്റോർ ചെയ്യുന്നു. വീട്ടിലെ ഭക്ഷണ മെനുവാണെങ്കിൽ ചിക്കനും ബീഫും മീനും തന്നെ. വിവാഹങ്ങൾ സാധ്യമായത്ര ആർഭാടപൂർവ്വം തന്നെ നടത്തുന്നു. ലോണെടുത്ത് കാറും ബൈക്കും വാങ്ങിയിടുന്നു. മൂടുറച്ചു പോയ ഈ ശീലങ്ങളെല്ലാം പെട്ടെന്നൊരുനാൾ പറിച്ചെറിയുകയെന്നത് സുസാധ്യമായ കാര്യമല്ല. കൊറോണഭീതിയുടെ മഹാദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ മാത്രമായി നാട്ടിലേക്ക് വരുന്ന നമ്മുടെ അച്ഛനോ അമ്മാവനോ സഹോദരനോ അടുത്ത ദിവസം തൊട്ട് കഞ്ഞിയും പയറും ചമ്മന്തിയുമായി കഴിഞ്ഞു കൂടുമെന്ന് കരുതുന്നത് അബദ്ധമാണ്. മുൻപെന്നത്തെയും പോലെ കാശ് ചെലവഴിച്ചു തന്നെ അവർ ജീവിക്കും. (ഒരു കണക്കിൽ നമ്മുടെ മാർക്കറ്റിനെ ചലിപ്പിക്കുന്നതും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതും പ്രവാസികളുടെ ഈ ചിലവാക്കൽ പ്രവണതയാണ് എന്നത് മറ്റൊരു കാര്യം). തിരിച്ചുവരവ് വേദനാജനകമാണ് എങ്കിലും യഥാർത്ഥത്തിൽ ഈ സ്ഥിതിവിശേഷം ഏതു തരത്തിലും നമ്മുടെ വ്യാപാരത്തെ വിശിഷ്യ ചെറുകിട വ്യാപാരത്തെ ശക്തിപ്പെടുത്തുന്നതിൽ കലാശിക്കും എന്നു തന്നെ വേണം കരുതാൻ. ഇന്ന് വന്നു ഭവിച്ച പ്രതിസന്ധി ഒരുനാൾ അവസാനിക്കുമെന്നും ഗൾഫിന്റെ വാതിലുകൾ ഇനിയും തുറന്നു തന്നെ കിടക്കുമെന്നുള്ള ശുഭപ്രതീക്ഷ ഏത് പ്രവാസിയുടെ ഉള്ളിലും കെടാതെ കിടക്കുന്നുണ്ട്. അതാണ് ഗതകാല ചരിത്രം. മടങ്ങി വന്നവരിൽ വലിയൊരുവിഭാഗം പല കാലങ്ങളിലായി ജോലിതേടി ഗൾഫു രാജ്യങ്ങളിലേക്ക് തിരിച്ചു പോയ മുന്നനുഭവങ്ങൾ ഏറെയുണ്ട്. നാട്ടിലേക്ക് തിരിച്ചു വരുന്നരൊക്കെയും പരമ ദരിദ്രരാണ് എന്ന് കരുതരുത്. അത്യാവശ്യം നീക്കിയിരിപ്പ് ഉള്ളവരും നാട്ടിൽ എന്തെങ്കിലും തുടങ്ങാമെന്ന പ്ലാനിൽ കഴിയുന്നവരും നാട്ടിലേക്ക് മടങ്ങാൻ നേരത്തെതന്നെ തീരുമാനിച്ചവരും കൂട്ടത്തിൽ ഉണ്ടാകുമെന്ന കാര്യം ഓർക്കണം.തിരിച്ചുപോക്ക് മങ്ങിയ നിലവിലത്തെ അവസ്ഥയിൽ, നാട്ടിലെത്തുന്ന പ്രവാസികൾ ഒറ്റയ്ക്കും കൂട്ടായും പുതിയ സംരംഭങ്ങളിലേർപ്പെടുമെന്ന് പ്രതീക്ഷിക്കാം.അത്തരക്കാർ ബേക്കറി, മൊബൈൽ ഫോണ്‍, ടെക്സ്റ്റൈൽസ്, റെസ്റ്റോറന്റ്, കാറ്ററിങ് മുതലായ മേഖലകൾക്ക് മുൻതൂക്കം നൽകാനാണിട. വർഷങ്ങൾക്ക് മുമ്പ് പണിത് വെറുതെയിരിക്കുന്ന കടമുറികൾ പലതും വാടകക്ക് പോകാൻ ഇത് ഇടവരുത്തും. വാടക വീടുകൾക്കും ആളെക്കിട്ടും. പ്രാദേശിക വിപണി ഊർജ്ജസ്വലമാകാൻ ഇതെല്ലാം കാരണമാകും. ഫ്രൂട്ട്, ഹോട്ടൽ, റെഡിമെയ്ഡ്, സൂപ്പർമാർക്കറ്റ്, ചിക്കൻസ്റ്റാൾ, ബീഫ് സ്റ്റാൾ എന്നിവ എന്നത്തേക്കാളുമേറെ സജീവമാകുന്നതിൽ 'മുൻപ്രവാസി'കളുടെ സാന്നിധ്യം വലിയ പങ്കു വഹിക്കും. താരതമ്യേന വാങ്ങൽ ശേഷിയും സന്നദ്ധതയുമുള്ള ഒരു സമൂഹത്തിലാണ് ഏത് കച്ചവടക്കാരനും പ്രതീക്ഷയർപ്പിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ? എല്ലാകാലത്തും എന്നപോലെ സംരംഭങ്ങൾ തുടങ്ങുന്ന പലരും രക്ഷപ്പെടും. ചിലരൊക്കെ പരാജയപ്പെടുകയും ചെയ്യും. ഏതിനും ചില റിസ്ക് ഫാക്ടർ ഉണ്ടാകുമല്ലോ? ജീവിതസുഖങ്ങൾ നാളത്തേക്ക് മാറ്റിവെക്കാതെ പത്രാസിൽ ജീവിക്കുന്നവർക്കുമുണ്ട് നാട്ടിന്റെ വളർച്ചയിൽ വലിയൊരു 'പങ്ക്'. അല്പസ്വല്പം ധൂർത്തും ധാരാളിത്തവും ചിലപ്പോൾ സമൂഹത്തിന് ഗുണകരമായി വരും എന്നു കരുതാവുന്നതാണ്. ബിസിനസ്സിൽ പൊട്ടിയാലോ കയ്യിലെ കാശ് തീർന്നാലോ എന്തുചെയ്യും എന്ന ആശങ്ക പലരെയും അലട്ടുന്നതായി കാണാറില്ല. തിരിച്ചുപോകാൻ ഗൾഫ് അവിടെ തന്നെ ഉണ്ടല്ലോ എന്ന പ്രതീക്ഷയായിരിക്കാം എല്ലാ വിങ്ങിപ്പൊട്ടലുകൾക്കുമിടയിൽ അവർക്ക് കരുത്ത് പകരുന്നത്. നാട്ടിലേക്ക് തിരിച്ചു വരുന്നവർക്കു വേണ്ടി സർക്കാറിന് ചെയ്യാൻ പലതുമുണ്ട്. നിലവിലത്തെ സാഹചര്യത്തിന് ചേർന്ന വിധം തുടങ്ങാവുന്ന സംരംഭങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ ബോധവൽക്കരണമാണ് ഒന്നാമത്തെ കാര്യം. വിവിധ സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ പരിശീലനം നൽകാനും സർക്കാർ മുന്നോട്ടു വരണം.(സംരംഭമെന്നാൽ കോഴിഫാമും ആട് ഫാമും മത്സ്യകൃഷിയുമാണെന്ന ചിന്ത ആദ്യമേ ഉപേക്ഷിക്കണം). വിദേശത്ത് നിന്ന് സ്വായത്തമാക്കിയ പല മേഖലകളിലുള്ള തൊഴിൽ വൈദഗ്ദ്യങ്ങൾ, വിവിധ പ്രോജക്ടുകൾക്ക് പ്രയോജനപ്പെടുത്താൻ സർക്കാർ തന്നെ മുൻകയ്യെടുക്കണം. സംരംഭങ്ങൾ തുടങ്ങാൻ ,ആവശ്യമായ ബാങ്ക് ലോണുകൾ ചെറിയ പലിശനിരക്കിൽ ലളിത വ്യവസ്ഥകളോടെ ഏർപ്പാടാക്കാനുള്ള സന്മനസ്സു കൂടി സർക്കാർ കാണിക്കണം. ഈ നാടിനെ ഏറെക്കാലം തീറ്റിപ്പോറ്റിയ ഒരു ജനതയോടുള്ള കടപ്പാട് ഇങ്ങനെയൊക്കെയല്ലാതെ പിന്നെങ്ങനെയാണ് കാണിക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories