കൊറോണ ആഗോളതലത്തില്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ഹജ്ജ് തീർത്ഥാടനം അനിശ്ചിതത്വത്തില്‍. ജൂലൈ അവസാനത്തോടെ പുണ്യ നഗരങ്ങളായ മക്കയും മദീനയും സന്ദർശിക്കാന്‍ പദ്ധതിയിടുന്നവര്‍ അല്പംകൂടി കാത്തിരിക്കണമെന്ന് സൗദി അറിയിക്കുന്നു. 200 വർഷങ്ങൾക്ക് മുമ്പാണ് ഇതിനു മുന്‍പ് ഹജ്ജ് തീർത്ഥാടനം റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായത്.
തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രങ്ങളായ മക്കയും മദീനയും കഴിഞ്ഞ ഒരു മാസമായി സന്ദർശകർക്കുമുന്നില്‍ അടച്ചിട്ടിരിക്കുകയാണ്. 1918 ലെ ഫ്ലൂ മഹാമാരിയുടെ സമയത്തുപോലും ഹജ്ജ് റദ്ദാക്കേണ്ടി വന്നിട്ടില്ല. നിലവില്‍ രാജ്യത്തിന്റെ അതിർത്തികൾ സൗദി അടച്ചിട്ടിരിക്കുകയാണ്. ആഭ്യന്തര സഞ്ചാരത്തിനും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ട്. ഹജ്ജിനു മുന്‍പ് മഹാമാരി തുടച്ചുനീക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.
എന്നിരുന്നാലും, ലോകമെമ്പാടും വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ആഗോള വ്യോമയാന മേഖല ഏതാണ്ട് സ്തംഭിച്ച നിലയിലാണ്. ജൂലൈ അവസാനത്തിൽ തീർഥാടകരുടെ ഇത്തരമൊരു വലിയ കൂടിച്ചേരല്‍ സാധ്യമാക്കുന്ന യാതൊരു സാഹചര്യവും നിലവിലില്ല. 1,500 ഓളം കൊറോണ വൈറസ് കേസുകളും 10 മരണങ്ങളും സൗദി അറേബ്യയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ ഏകദേശം 72,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
'എല്ലാ മുസ്ലിംകളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ സൗദി അറേബ്യ തയ്യാറാണ്. നിലവിലെ സാഹചര്യത്തില്‍ ഹജ്ജിനു പദ്ധതിയിടുന്നവര്‍ അന്തിമ തീരുമാനം വരെ കാത്തിരിക്കണമെന്ന് സൗദിയുടെ ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബിൻ താഹർ ബാന്റൻ പറഞ്ഞു. 1798-ലാണ് അവസാനമായി ഹജ്ജ് റദ്ദാക്കിയത്. അതിനുശേഷം വലിയ മാഹാമാരികളും മാഹായുദ്ധങ്ങളുമെല്ലാം ഉണ്ടായപ്പോഴും ഹജ്ജ് ഒഴിവാക്കിയിരുന്നില്ല.