പ്രവാസികള്‍ നാട്ടിലെത്തിയാല്‍ എന്തൊക്കെ സൗകര്യങ്ങള്‍ സൗകര്യം അവര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ നിര്‍ദേശം. മടങ്ങിയെത്തുന്ന പ്രവാസികളെ വീടുകളില്‍ നിരീക്ഷിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ആവശ്യം. അതേസമയം പ്രവാസികളെ ഇപ്പോള്‍ തിരിച്ചെത്തിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ചികിത്സാ ആവശ്യങ്ങള്‍ക്കെങ്കിലും പ്രവാസികളെ നാട്ടിലേക്ക് എത്തിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. അവിടെ ചികില്‍സാ ചെലവുകള്‍ വളരെ കൂടുതലാണ്. മുന്‍ഗണനാ ക്രമം നിശ്ചയിച്ച് അതിനനുസരിച്ച് രാജ്യത്തേക്ക് വരാന്‍ അനുവദിച്ചാല്‍ മതിയെന്നും കെ.എം.സി സി ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിയല്ല, വിദേശ പൗരന്മാരെ അതത് രാജ്യങ്ങളിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് യുഎഇ ഉത്തരവിറക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യ മാത്രമാണ് സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാത്തതെന്നും ഹര്ജിക്കാരന് കോടതിയില്‍ പറഞ്ഞു.
കേരളം പ്രവാസികളെ സ്വീകരിക്കാന്‍ തയാറാണെന്നും സംസ്ഥാനം ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്ജിക്കാരന് കോടതിയില്‍ പറഞ്ഞു. ജൂണില്‍ മാത്രമേ ഇനി അന്താരാഷ്ട്ര വിമാന സര്‍വീസ് ഉണ്ടാകുകയുള്ളു. അത്രയും നാള് പ്രവാസികള്‍ വിദേശത്ത് കുടുങ്ങുമെന്നും ഹര്ജിക്കാരന് വാദിച്ചു. കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിച്ച സംസ്ഥാനത്തിന് അതിന്റെ ആനുകൂല്യം നല്‍കണം.
എല്ലാവരും തിരിച്ചുവരണമെന്നു തന്നെയാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് കോടതി പറഞ്ഞു.എന്നാല്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിന് കേരളം വേണ്ടവിധത്തില്‍ ഒരുങ്ങിയിട്ടുണ്ടോ എന്നാണ് അറിയേണ്ടേത്. പ്രവാസികള്‍ തിരിച്ചെത്തിയാല്‍ അവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ രേഖാമുലം അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രവാസികളെ ഇപ്പോഴത്തെ നിലയില്‍ ഉടന്‍ തിരിച്ചുകൊണ്ടുവരാനാകില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. പ്രവാസികളുടെ ക്ഷേമത്തിനായി എല്ലാ എംബസികളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍ സഹായവും ടെലിഫോണ്‍ വഴിയുള്ള സേവനങ്ങളും നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സഹായംനല്കി എന്ന് വാക്കാല്‍ പറഞ്ഞതു കൊണ്ടായില്ല. അത് സത്യവാങ്മൂലമായി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രവാസികള്‍ തിരിച്ചെത്തുന്നത് കണക്കാക്കി എന്തൊക്കെ ഒരുക്കങ്ങള്‍ നടത്തുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരും സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഈ മാസം 24നകം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടതിക്ക് രേഖാമൂലമുള്ള മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. തുടര്‍ന്ന് ഹര്‍ജി 24ലേക്ക് മാറ്റിവെച്ചു.