TopTop
Begin typing your search above and press return to search.

കൊറോണക്കെതിരായ കേരള മോഡൽ അയര്‍ലണ്ടിലും, ഒരു മലയാളി കുടുംബം കയ്യടി നേടിയപ്പോള്‍

കൊറോണക്കെതിരായ കേരള മോഡൽ അയര്‍ലണ്ടിലും, ഒരു മലയാളി കുടുംബം കയ്യടി നേടിയപ്പോള്‍

കൊറോണക്കെതിരായ കേരള മോഡൽ ലോകമെങ്ങും ചർച്ചചെയ്യുമ്പോൾ അതിൽ തങ്ങളുടെ കയ്യൊപ്പു കൂടി പതിപ്പിക്കാൻ വിദേശമലയാളികളും ഒപ്പമുണ്ട്. അയർലണ്ടിലും, അമേരിക്കയിലും, ഇംഗ്ലണ്ടിലും, ജർമനിയിലും ഒക്കെയുള്ള മലയാളികൾ തങ്ങൾക്കാകുന്ന തരത്തിൽ ശാസ്ത്രീയമായ രീതിയിൽ ഈ മഹാമാരിക്കെതിരെയായുള്ള യുദ്ധത്തിലാണ്. ഇത്തരത്തിൽ അയർലണ്ടിലും തങ്ങളുടെ കയ്യൊപ്പ് പതിപ്പിക്കുകയാണ് ഡബ്ലിനിലെ ഒരു സർക്കാർ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന വിദേശ മലയാളി സെബി സെബാസ്റ്റ്യൻ. സെബി സെബാസ്റ്റ്യൻ രോഗപ്രതിരോധത്തിന് മാതൃക സൃഷ്ടിച്ച് ആശുപത്രി അധികൃതരുടെയും സഹപ്രവർത്തകരുടെയും പ്രശംസക്ക് പാത്രമാവുകയാണ്. അയർലണ്ടിൽ കൊറോണ സ്ഥിരീകരിച്ചത് ഫെബ്രുവരി മാസം അവസാനത്തോടെയായിരുന്നു. പിന്നീടങ്ങോട്ട് രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവ് ആയിരുന്നു. ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും അപ്രതീക്ഷിതമായി രോഗികൾ കൂട്ടമായി എത്തിയപ്പോൾ അവരെ ശുശ്രൂഷിക്കുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങൾ ആദ്യഘട്ടത്തിൽ മതിയായ രീതിയിൽ ഉണ്ടായിരുന്നില്ല. സെബി സെബാസ്റ്റ്യൻറെ ഭാര്യ ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിലും കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതറിഞ്ഞു അവർ ആദ്യം ഒന്ന് ഭയന്നു എങ്കിലും ഉത്തരവാദിത്തങ്ങൾ മറക്കാൻ രണ്ടുപേരും തയ്യാറല്ലായിരുന്നു. അധികം വൈകാതെ ഭാര്യക്ക് കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതിനെത്തുടർന്ന് ഭാര്യ അനൂപ വീട്ടിൽ മറ്റൊരു മുറിയിൽ സ്വയം ക്വാറന്റൈൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകയിരുന്ന അവർക്കു മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്ന് ബോധ്യമുണ്ടായിരുന്നു. സാധിക്കുന്നിടത്തോളം വീട്ടിലെ മറ്റു അംഗങ്ങളുമായി ഇടപഴകാതിരിക്കാൻ അവർ ശ്രമിച്ചു.ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ കോവിഡ് രോഗബാധ ഉണ്ടെന്നും, ഭാര്യയ്ക്കും രോഗലക്ഷണങ്ങൾ ഉണ്ടെന്നും താൻ ഒരു പക്ഷേ ഒരു കാരിയർ ആയിരിക്കാം എന്നും അതിനാൽ സാമൂഹ്യ അകലം പാലിക്കണമെന്നും സെബി തന്റെ കൂടെ ജോലി ചെയ്യുന്നവരെ ഉപദേശിച്ചു. ഇതേതുടർന്ന് കൂടെ ജോലി ചെയ്യുന്നവരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ചിലർ അതു തുറന്നു പറഞ്ഞു. പലരും സെബിയെ ഭയപ്പാടോടെ വീക്ഷിച്ചു തുടങ്ങി. എന്നാൽ അവിടത്തെ രീതിയനുസരിച്ചു വീട്ടിൽ ആരെങ്കിലും കോവിഡ് 19 കൺഫേം ആവുന്നവരെ മറ്റുള്ളവർ ജോലിക്കു പോകണമായിരുന്നു. അതിനാൽ കൂടെയുള്ളവരിൽ നിന്നും അകലം പാലിക്കാനായി സെബി സാധാരണയിൽ നിന്നും വിഭിന്നമായി ബ്രേക്ക് സമയം മാറ്റി മറ്റുള്ളവർ വരുന്നതിനു മുന്നേ പോകാനും സെബി ഉപയോഗിച്ച സാധനങ്ങളും ഇരുന്ന സ്ഥലവും അണുവിമുക്തമാക്കാനും തുടങ്ങി. സാധാരണയായി സഹപ്രവർത്തകർ എല്ലാം ഒരുമിച്ചിരുന്ന് ആയിരുന്നു വിശ്രമവേളകൾ ചെലവഴിച്ചിരുന്നത്. കഴിവതും മറ്റുള്ളവർ ഉപയോഗിക്കാൻ സാധ്യതയുള്ളതൊന്നും ഉപയോഗിക്കാതെയും താൻ കടന്നുപോയ വഴികൾ പോലും അണുവിമുക്തമാക്കുകയും ചെയ്യാൻ സെബി വളരെ ശ്രദ്ധിച്ചു. എങ്കിലും ഭയത്തോടെ കൂടി കണ്ടിരുന്ന സഹപ്രവർത്തകർ ആയിരുന്നു കൂടുതൽ. ടേബിളുകൾ ഒരിക്കൽ കൂടി അണുനാശിനികൾ ഉപയോഗിച്ച് തുടയ്ക്കുമ്പോൾ അവരുടെ ഉള്ളിലെ ഭയം തനിക്ക് വായിക്കാനാവുമായിരുന്നു എന്ന് സെബി പറയുന്നു.പ്രതീക്ഷിച്ചിരുന്നതു പോലെ അനൂപ കൊറോണ പോസിറ്റീവ് ആയ റിസൾട്ട് കുറച്ചു ദിവസങ്ങൾക്കു ശേഷം വന്നു അതോടെ സെബിയും ക്വാറന്റെയിനിൽ ആയി. അസുഖബാധിതയായ ഭാര്യയെ ശുശ്രൂഷിക്കുമ്പോഴും താൻ ഏതു നിമിഷവും ആ വൈറസിന് അടിമപ്പെടുമെന്നു മനസ്സിലാക്കിത്തന്നെയാണ് കാര്യങ്ങള്‍ ചെയ്തിരുന്നത് എന്ന് സെബി പറയുന്നു. എങ്കിലും വളരെയധികം ശ്രദ്ധാലുവായി എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് അദ്ദേഹം ഭാര്യയെ പരിചരിച്ചത്. സെബി അതിൽ വിജയം കണ്ടു. അദ്ദേഹത്തിനോ മക്കൾക്കോ ഭാര്യയിൽ നിന്നും രോഗം പകർന്നു കിട്ടിയില്ല. കൂടാതെ സഹപ്രവർത്തകരെ ടെസ്റ്റ് ചയ്തു നോക്കിയപ്പോഴും ഫലം നെഗറ്റീവ് ആയിരുന്നു. മൂന്നു ആഴ്ച കൾക്ക് ശേഷം ഭാര്യ രോഗ മുക്തി നേടി ജോലിയിൽ പ്രവേശിച്ചു. സെബിക്കും രോഗം പകർന്നിട്ടില്ല എന്ന് കണ്ടെത്തിയതോടെ അദ്ദേഹത്തിനും തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു. ഗൾഫിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തിയ മലയാളികൾ ഒരു നിയന്ത്രണവുമില്ലാതെ പുറത്തിറങ്ങുകയും മറ്റുള്ളവർക്ക് ഭീഷണിയായി റൂട്ട് മാപ്പ് നൂലപ്പം പോലെആക്കുകയും ചെയ്ത കഥകൾ നമുക്കറിയാം. അവിടെയാണ് സെബിയെപ്പോലെയുള്ളവർ മാതൃകയാകുന്നത്‌. |ഇൻഫെക്ഷൻ കണ്ട്രോൾ ചെയ്യാൻ സെബി എടുത്ത രീതികൾ ഉത്തമ മാതൃകയാണ് എന്ന് പറഞ്ഞ് ജോലിചെയ്യുന്ന ആശുപത്രി അധികൃതർ സെബിയെ പ്രശംസിച്ചു. പക്ഷേ അതുകൊണ്ടുമാത്രം ഈ രോഗം ഇനി വരില്ല എന്ന് ഉറപ്പിക്കാനാവില്ല എന്ന് സെബിക്കു ബോധ്യമുണ്ട്. ഈ അണുക്കളെ നമുക്ക് കാണാൻ പറ്റുന്നത് അല്ലല്ലോ, എവിടെയെല്ലാം അണുക്കൾ ഉണ്ട് എന്ന് അറിയാനും സാധ്യതമല്ല.. നമ്മൾ പരമാവധി കരുതിയിരിക്കുക എന്ന് മാത്രം. അങ്ങനെ അന്യരെക്കുറിച്ചു കരുതലും ബോധവുമുള്ള ഒരു മലയാളിയുടെ ശാസ്ത്രീയ മനോഭാവം കുറച്ചു പേരിലേക്ക് എങ്കിലും കോവിഡ് 19 വ്യാപിക്കാതിരിക്കാൻ കാരണമായി.കാലടി സ്വദേശിയായ മലയാളിയാണ് സെബി സെബാസ്റ്റ്യൻ. കടന്നുപോയ ദിവസങ്ങളും സംഭവങ്ങളും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്നാണു സെബി പറയുന്നത്. ശാസ്ത്ര വിഷയങ്ങളിലുള്ള ആഭിമുഖ്യവും, ഇൻഫോ ക്ലിനിക്, ശാസ്ത്രലോകം നൽകുന്ന ആധികാരികമായ വിജ്ഞാനം എന്നിവ ആണ് ശരിയായ വിധത്തിൽ ഇത് മാനേജ് ചെയ്യാൻ തനിക്ക് സഹായകരമായത് എന്ന് സെബി പറയുന്നു.


Next Story

Related Stories