കോവിഡ്-19 നെ തുടര്‍ന്ന് നിലവില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാന്‍ റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ 2020 ഓഗസ്റ്റ് 1 മുതല്‍ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
റീ എന്‍ട്രി പെര്‍മിറ്റിനായി https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയാതെ സ്വദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഖത്തര്‍ പ്രവാസികളായ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജോലിക്കാര്‍, തൊഴിലുടമകള്‍, ഖത്തര്‍ ഐഡിയുള്ളവര്‍ കൂടാതെ അവരുടെ കുടുംബാംഗങ്ങള്‍ക്കും എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കാം. .
പെര്‍മിറ്റ് ലഭിക്കുന്നതിന്റെ അടിസഥാനത്തിലേ രാജ്യത്തേക്ക് മടങ്ങി വരാന്‍ സാധിക്കൂ. ഇന്ത്യക്കാരുടെ കാര്യത്തില്‍ പെര്‍മിറ്റ് ലഭിച്ചാലും വിദേശവിമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് റദ്ദാകുന്നത് വരെ കാത്തിരിക്കണം. പെര്‍മിറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 109 എന്ന ഗവണ്മെന്റ് കോണ്ടാക്ട് നമ്പറില്‍ വിളിക്കാം. വിദേശത്തുള്ളവര്‍ +974 44069999 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ്-19 വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നേടിയ ശേഷം ദോഹയിലെത്തി 7 ദിവസം സ്വന്തം ചെലവില്‍ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് വ്യവസ്ഥ.
അപേക്ഷിക്കേണ്ട വിധം ഇങ്ങനെ - ഖത്തര്‍ പോര്‍ട്ടലില്‍ പ്രവേശിച്ച് പുതിയ അക്കൗണ്ട് ഉണ്ടാക്കുക, അക്കൗണ്ട് എടുത്ത ശേഷം 'അപ്ലൈ ഫോര്‍ എക്സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ്' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക, അപേക്ഷ പൂരിപ്പിക്കുന്നതിന് മുന്‍പായി വ്യവസ്ഥകളും നിബന്ധനകളും അറ്റാച്ച് ചെയ്യേണ്ട രേഖകള്‍ ഏതൊക്കെയാണെന്നും മനസ്സിലാക്കുക, ആപ്ലിക്കേഷന്‍ പേജില്‍ പ്രവേശിച്ച് അധികൃതര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ പാസ്പോര്‍ട്ടിലുള്ളത് പോലെ തന്നെ കൃത്യമായി നല്‍കുക, അപേക്ഷകന് നല്കുന്ന ഇ-മെയില്‍ വിലാസം കൃത്യമായിരിക്കണം. അപേക്ഷ അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ഇ-മെയിലില്‍ ലഭിക്കും, പെര്‍മിറ്റ് അനുവദിച്ചാല്‍ പ്രിന്റ് എടുത്ത് കൈവശം വയ്ക്കുക. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അധികൃതരെ കാണിക്കുകയും വേണം.