യുഎഇയില്‍ മാര്‍ച്ച് 1നു മൂന്‍പ് വിസാ കാലാവധി കഴിഞ്ഞവര്‍ ഈ മാസം 31 ന് മുമ്പ് രാജ്യം വിടണമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ് (ഐസിഎ) അറിയിച്ചു. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ച പൊതുമാപ്പ് സമയം ഈമാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഈവര്‍ഷം മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി പിന്നിട്ടവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക.
റെസിഡന്‍സ് വിസയുടെ കാലവധി കഴിഞ്ഞും യുഎഇയില്‍ തങ്ങിയവര് ഡിസംബര്‍ 31 ന് മുമ്പ് യാത്രചെയ്യാന്‍ കഴിയുന്ന ടിക്കറ്റുമായി വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തി നടപടി ക്രമം പൂര്‍ത്തിയാക്കണം. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞ് യു.എ.ഇയില്‍ തങ്ങുന്നവര്‍ അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴിയാണ് മടങ്ങുന്നതെങ്കില്‍ ആറ് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തി പൊതുമാപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. ദുബായിലെ വിമാനത്താവളങ്ങള്‍ വഴിയാണ് ഇവര്‍ മടങ്ങുന്നതെങ്കില്‍ നാല്പത്തിയെട്ട് മണിക്കൂര്‍ മുമ്പ് ദുബായ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. നിയമലംഘകരുടെ വിസയിലുണ്ടായിരുന്ന ആശ്രിതരും ഒരേ സമയം നാട്ടിലേക്ക് മടങ്ങണമെന്നും ഐസിഎ വ്യക്തമാക്കി.
വിസാ നിയമലംഘകരുടെ സ്പോണ്സര്ഷിപ്പില് ആശ്രിതരുണ്ടെങ്കില്‍ അവരും യഥാസമയം രാജ്യം വിടണം. നിക്ഷേപകരോ ഏതെങ്കിലും സ്ഥാപനത്തിന്റെ ബിസിനസ് പങ്കാളികളോ ആണെങ്കില്‍ നിയമപരമായ നടപടികളും കേസുകളും പൂര്‍ത്തിയാക്കിയാലേ രാജ്യം വിടാനൊക്കൂ.മാര്‍ച്ച് ഒന്നിനു മുന്‍പ് സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ യുഎഇയില്‍ എത്തുകയും കോവിഡ് മൂലം രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തലാക്കിയതോടെ മടങ്ങാന്‍ കഴിയാതിരുന്നവര്‍ക്കും പിഴ കൂടാതെ ഡിസംബര്‍ 31നകം രാജ്യം വിടാം.
അതേസമയം മാര്‍ച്ച് ഒന്നിനു ശേഷം വിസാ കാലാവധി കഴിയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തവര്‍ പിഴ അടച്ചാലേ രാജ്യം വിടാനൊക്കൂ. തൊഴില്‍ വീസാ കാലാവധി കഴിഞ്ഞവര്‍ക്കു പ്രതിദിനം 25 ദിര്‍ഹവും എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് 20 ദിര്‍ഹമുമാണ് പിഴ. ഇതോടൊപ്പം 250 ദിര്‍ഹം കൂടി നല്‍കണം. ടൂറിസ്റ്റ് വീസാ കാലാവധി അവസാനിച്ചവര്‍ക്കു ആദ്യദിനം 200 ദിര്‍ഹവും പിന്നീടുള്ള ദിവസത്തിന് 100 ദിര്‍ഹം വീതവുമാണു പിഴ.