പ്രമുഖ പ്രവാസി വ്യവസായി ജോയ് അറയക്കലിന്റെത് മരണം നിയമ കുരുക്കിലേക്ക്. ജോയ് അറയ്ക്കൽ പുതിയതായി ആരംഭിക്കാനിരുന്ന ബിസിനസ് പദ്ധതിയെ ചൊല്ലി ഉണ്ടായ തർക്കമാണ് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മകൻ പോലീസിൽ പരാതി നൽകി. ബർദുബായ് പോലീസിലാണ് മകൻ പരാതി നൽകിയത്.
ജോയ് അറയ്ക്കലിന്റെ മരണത്തിൽ അദ്ദേഹം എംഡിയായ കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതിയുടെ അടിസ്ഥാനം. ജോയ് അറയ്ക്കലിന് മുഖ്യഓഹരി പങ്കാളിത്തമുള്ള ഇന്നോവ ഗ്രൂപ്പിന്റെ പുതിയ പദ്ധതിയെ ചൊല്ലിയുള്ള തർക്കം മരണത്തിന് കാരണമായെന്നും മകൻ ചൂണ്ടിക്കാട്ടുന്നു. ഈ ബിസിനസ് പദ്ധതി വൈകാൻ കാരണം ജോയിയാണെന്ന് പ്രോജക്ട് ഡയറക്ടർ ആരോപിച്ചിരുന്നെന്നും മകൻ പരാതിയിൽ ആരോപിക്കുന്നു.
ഹമ്രിയ ഫ്രീ സോണിൽ പെട്രോളിയം സംസ്കരിച്ച് വിവിധ ഉൽപന്നങ്ങൾക്കൊപ്പം ശുദ്ധജലവും ഉത്പാദിപ്പിക്കുന്ന സംരഭമായിരുന്നു ജോയി പദ്ധതിയിട്ടിരുന്നത്. യുഎഇയിൽ ആദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചത്. 6 വർഷം മുൻപാണ് 454 കോടിയിലധികം രൂപ ചെലവു പ്രതീക്ഷിച്ച പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനുള്ള സാങ്കേതിക ഉപദേശങ്ങൾ നൽകാനാണ് കമ്പനിക്കു പുറത്തു നിന്നുള്ള കൺസൽറ്റന്റ് ആയി പ്രോജക്ട് ഡയറക്ടറെ നിയമിച്ചത്. ഇദ്ദേഹത്തിന് എതിരെയാണ് ഇപ്പോൾ കുടുംബം ആരോപണങ്ങൾ ഉന്നയിക്കുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടം മാർച്ചിൽ പൂർത്തിയാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായി ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും യന്ത്ര സാമഗ്രികൾ ഉൾപ്പെടെ എത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം നടന്നില്ല. ഇത് ജോയിയെ ബാധിച്ചിരുന്നു. ജോയി ഏറെ പ്രതീക്ഷ പുലർത്തിയ പദ്ധതിയുടെ പൂർത്തീകരണം നീളുന്നത് പിതാവിനെ മാനസികമായി തളർത്തിയെന്നും മകൻ പറയുന്നു. 2018ൽ ഏറ്റവും നല്ല സംരംഭകനുള്ള യുഎഇ അവാർഡ് ഉൾപ്പെടെ ജോയിക്ക് നേടിക്കൊടുത്ത പദ്ധതിയായിരുന്നു ഇത്തരത്തിൽ പ്രതിസന്ധിയിലായത്.
അഞ്ച് ദിവസം മുമ്പാണ് വ്യവസായിയും മലയാളിയുമായ അറയ്ക്കല്‍ ജോയി ദുബായില്‍ മരിച്ച വിവരം പുറത്തുവരുന്നത്. സ്വാഭാവിക മരണം എന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന്റെ സുഹൃത്ത് താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നെന്ന് പിന്നീട് സ്ഥിരീകരിച്ചത്. കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിനുണ്ടായ അസാധാരണമായ വിലത്തകര്‍ച്ചയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയിലെ കടുത്ത വില നഷ്ടം ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക ബാധ്യതയാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. പിന്നാലെയാണ് മകൻ ആരോപണവുമായി രംഗത്തെത്തുന്നത്.
വ്യാഴാഴ്ച രാത്രി പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തിച്ച ജോയിയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിച്ചു. ജോയിയുടെ പിതാവ് ഉലഹന്നാൻ അടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.