TopTop
Begin typing your search above and press return to search.

'ഇവിടെ കിടന്ന് മരിക്കാന്‍ നിങ്ങള്‍ക്കെന്നെ വിടാം, മരിക്കാനാണെങ്കിലും നാട്ടിലെത്തണമെന്നാണ് ആഗ്രഹം; അതിന് കഴിയുമെങ്കില്‍ സഹായിക്കൂ; മറ്റൊന്നും പറയാനില്ല'; കേരളം നേരിടുന്ന പ്രവാസി പ്രതിസന്ധിക്ക് പിന്നില്‍

ഇവിടെ കിടന്ന് മരിക്കാന്‍ നിങ്ങള്‍ക്കെന്നെ വിടാം, മരിക്കാനാണെങ്കിലും നാട്ടിലെത്തണമെന്നാണ് ആഗ്രഹം; അതിന് കഴിയുമെങ്കില്‍ സഹായിക്കൂ; മറ്റൊന്നും പറയാനില്ല; കേരളം നേരിടുന്ന പ്രവാസി പ്രതിസന്ധിക്ക് പിന്നില്‍

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു- മാധ്യമങ്ങളില്‍ ഇത്തരമൊരു മരണവാര്‍ത്ത ഇപ്പോള്‍ പതിവായി. ജൂണ്‍ ഒന്നിന് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 168 ആയിരുന്നു. ജൂണ്‍ ഏഴിന് അത് 197 ആയി. ജൂണ്‍ പത്തായപ്പോള്‍ ഇരുന്നൂറ് കടന്നു. ജൂണ്‍ പത്തിലെ കണക്കുകള്‍ പ്രകാരം ഗള്‍ഫില്‍ കോവിഡ് രോഗത്താല്‍ മരണപ്പെട്ടവരുടെ എണ്ണം 206 ആണ്. ഇപ്പോള്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ 277 പേരാണ്. രോഗമുള്ളവര്‍, രോഗമില്ലാത്തവര്‍, ജോലി നഷ്ടപ്പെട്ടവര്‍, മാനസിക സമ്മര്‍ദ്ദത്താല്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍, പൂര്‍ണമായി രോഗം ബാധിച്ചയിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്താന്‍ അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍... പ്രവാസ ജീവിതം ഇങ്ങനെ മുന്നോട്ട് പോവുമ്പോള്‍ മരണ സംഖ്യയും ഏറുന്നത് ആശങ്കപ്പെടുത്തുന്ന തരത്തിലാണ്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വന്ദേഭാരത് വിമാനങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് പലരും. "വീണ് മരിക്കണോ, നാട്ടിലെത്തണോ എന്നത് മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള ചോദ്യം". സൗദി ജിസാനില്‍ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമീര്‍ സലാം ലേബര്‍ ക്യാമ്പിലെ താമസക്കാരനാണ്. അടുത്ത മുറികളില്‍ താമസിക്കുന്നവരില്‍ പലര്‍ക്കും കോവിഡ് പോസിറ്റീവ് ആയി. "ഏത് സമയവും എനിക്കും പിടിപെടാം. ഡയബറ്റിക് പേഷ്യന്റ് ആണ്. ഇവിടെ വീണ് കിടന്ന് മരിക്കാന്‍ നിങ്ങള്‍ക്കെന്നെ വിടാം. മരിക്കാനാണെങ്കിലും നാട്ടിലെത്തണമെന്നാണ് ആഗ്രഹം. അതിന് സഹായിക്കാന്‍ കഴിയുമെങ്കില്‍ സര്‍ക്കാര്‍ സഹായിക്കൂ. മറ്റൊന്നും പറയാനില്ല". അടുത്തതായി നാട്ടിലേക്ക് പോരുന്ന വിമാനങ്ങളിലൊന്നില്‍ സമീറിനും ഇടമുണ്ട്. എന്നാല്‍ കോവിഡ് പരിശോധന നടത്തിയതിന് ശേഷം മാത്രമേ വിമാനം അനുവദിക്കൂ എന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെ നാട്ടിലേക്കെത്താന്‍ കഴിയുമോ എന്ന ആശങ്കയിലാണ് സമീര്‍.

സമീറിനെ പോലെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നാട്ടിലേക്കെത്താന്‍ വിമാനങ്ങള്‍ക്കായി കാത്ത് നില്‍ക്കുന്നവര്‍. കോവിഡ് പരിശോധന നടത്തിയതിന് ശേഷം മാത്രമേ യാത്ര അനുവദിക്കൂ എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുമ്പോള്‍ പരിശോധനകള്‍ക്ക് വഴിയില്ലാതെ, എന്ത് ചെയ്യമെന്നറിയാതെ നില്‍ക്കുകയാണ് ഭൂരിഭാഗം പ്രവാസികളും. പരിശോധനാ സൗകര്യങ്ങള്‍ പല രാജ്യങ്ങളിലും ഇല്ല എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. റിയാദില്‍ താമസിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ അഷ്‌റഫ് വേങ്ങാട് സൗദിയിലെ അവസ്ഥകള്‍ വിവരിക്കുന്നു: "13 ലക്ഷത്തില്‍ അധികം വരും സൗദിയിലെ മലയാളികള്‍. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരാണ് ഇപ്പോള്‍ ഇവിടെ നിന്ന് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ എണ്‍പതിനായിരത്തിലധികം വരും മലയാളികള്‍. അയ്യായിരം പേര്‍ ഇവിടെ നിന്ന് നാട്ടിലെത്തി. ബാക്കിയുള്ളവര്‍,ഗര്‍ഭിണികള്‍, കാന്‍സറിനടക്കം ചികിത്സ തേടുന്നവര്‍, എത്രയും പെട്ടെന്ന് മറ്റ് ചികിത്സകള്‍ ലഭിക്കേണ്ടവര്‍ ഇവരെല്ലാം ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ച് വീഴുന്നതിന്റെ കണക്കുകള്‍ മാത്രമാണ് പുറത്ത് വരുന്നത്. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയും മറ്റ് രോഗങ്ങളില്‍ ചികിത്സ കിട്ടാതെയും നൂറോളം മലയാളികള്‍ സൗദിയില്‍ മാത്രം മരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പറയുന്നതിനോട് ഞങ്ങള്‍ക്ക് വിയോജിപ്പില്ല. ഞങ്ങളുടെ നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ രോഗം പടര്‍ത്താന്‍ ഒരു താത്പര്യവുമില്ല. ഉപദ്രവിക്കാനല്ല ഞങ്ങള്‍ വരുന്നതും. ടെസ്റ്റ് ചെയ്ത് വരാന് തന്നെയാണ് താത്പര്യം. പക്ഷെ ടെസ്റ്റ് എവിടെ നടത്തും? ഇവിടെയുള്ളവര്‍ക്ക് തന്നെ പരിശോധനകള്‍ നടത്താന്‍ സംവിധാനങ്ങള്‍ ഇല്ല. ദിവസേന കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. രോഗലക്ഷണം കാണിക്കുന്നവര്‍ക്ക് മാത്രമാണ് പരിശോധന. യാത്രയ്ക്ക് വേണ്ടി എന്ന് പറഞ്ഞാല്‍ ഇവിടെ ഒരു ആശുപത്രിയും പരിശോധന നടത്തില്ല. അതിനുള്ള നിയമം ഇവിടെയില്ല. മൂന്ന് ഫൈവ്സ്റ്റാര്‍ ആശുപത്രികളാണുള്ളത്. രണ്ടും മൂന്നും മാസം പട്ടിണിയായവന്‍, ആരെങ്കിലും വച്ച് നീട്ടുന്ന ഭക്ഷണം കഴിക്കുന്നവന്‍ എങ്ങനെയാണ് പരിശോധനയ്ക്കുള്ള ചിലവ് താങ്ങുക? ഓരോ ദിവസവും നൂറ് കണക്കിന് മലയാളികളും പോസിറ്റീവ് ആയിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മരണം ഇനിയും കൂടും. ടെസ്റ്റ് നിര്‍ബന്ധമാക്കിയാല്‍ അത് ചെയ്യാനുള്ള സംവിധാനവും ഒരുക്കിത്തരണം". സൗദിയില്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ രൂപയില്‍ നാല്‍പ്പതിനായിരം വരെ ഈടാക്കുന്നുണ്ടെന്ന് പ്രവാസികള്‍ പറയുന്നു. എംബസിയുടെ ഇടപെടലിലൂടെ പരിശോധനകള്‍ക്കുള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനുള്ള നടപടികള്‍ ഒന്നും ഇതേവരെ സ്വീകരിച്ചിട്ടില്ല എന്നും അവര്‍ പരാതിപ്പെടുന്നു.

താരതമ്യേന കേസുകള്‍ കുറഞ്ഞ രാജ്യമാണ് കുവൈറ്റ്. അഞ്ഞൂറിനടുത്ത് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയ കേസുകള്‍. എന്നാല്‍ ആരോഗ്യ മേഖലയിലെ സ്റ്റാഫുകള്‍ക്കുള്‍പ്പെടെ പരിശോധന നിര്‍ത്തി വച്ചിരിക്കുന്നതിനാലാണ് കേസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നതെന്ന് പ്രവാസികള്‍ പറയുന്നു. രണ്ട് കാര്യങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പരിശോധനകള്‍ നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി പ്രത്യേക പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോവിഡ് ബാധിതരാണെന്ന് ഉറപ്പുള്ളവരില്‍ പോലും പരിശോധനകള്‍ നടത്തുന്നില്ല. "രോഗലക്ഷണം കണ്ടാല്‍ ഐസൊലേറ്റ് ചെയ്യുക എന്നതിലുപരി പരിശോധനകള്‍ നടത്തുന്നില്ല. എന്റെ അടുത്ത ബില്‍ഡിങ്ങില്‍ താമസിക്കുന്നയാള്‍ കോവിഡ് പോസിറ്റീവ് ആണ്. എന്നാല്‍ പരിശോധന നടത്തിയിട്ടില്ല", ആറ് ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയെത്തിയ കുവൈറ്റില്‍ ബിസിനസ് നടത്തിയിരുന്നയാള്‍ പറയുന്നു. മറ്റൊന്ന് പരിശോധനകള്‍ക്ക് എണ്ണായിരം മുതല്‍ പതിനായിരം രൂപ വരെ ചാര്‍ജ് ഈടാക്കുന്നു എന്നതാണ്. സാമൂഹ്യ സംഘടനകള്‍ ഇടപെട്ടാണ് ജോലി നഷ്ടപ്പെട്ടും തൊഴില്‍ ഇല്ലാതെയുമായ നിരവധി പേരുടെ പട്ടിണി അകറ്റുന്നത് എന്നിരിക്കെ പരിശോധനകള്‍ക്കുള്ള പണം ഇവര്‍ക്ക് കണ്ടെത്താനാവില്ല. പരിശോധനകള്‍ നടത്തണമെങ്കില്‍ പൊതുഗതാഗതമോ,ടാക്‌സി സംവിധാനങ്ങളോ പോലും രാജ്യത്ത് ലഭ്യമല്ല. ഭൂരിഭാഗം മലയാളികള്‍ക്കും സ്വന്തമായി വാഹനമുള്ളവരല്ലാത്തതിനാല്‍ ആശുപത്രികളിലെത്താനുള്ള സൗകര്യമില്ല എന്നും ഇവര്‍ പറയുന്നു. കുവൈറ്റില്‍ 11 ലക്ഷം ഇന്ത്യക്കാരില്‍ ഏഴ് ലക്ഷത്തിനടുത്താണ് മലയാളികള്‍.

സൗദി സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും തങ്ങള്‍ക്ക് ചെയ്യുമ്പോഴും ഇന്ത്യന്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമാണ് തങ്ങളെ കയ്യൊഴിയുന്നതെന്ന് സൗദി-യമന്‍ അതിത്തി പ്രദേശമായ നസ്രാനില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന മൃദുല എഡിസണ്‍ പറയുന്നു. "കോവിഡ് വ്യാപനത്തിനും മുമ്പെ എക്‌സിറ്റ് വച്ചയാളാണ് ഞാന്‍. പിന്നീടാണ് എയര്‍പോര്‍ട്ടുകള്‍ അടച്ചത്. കുഞ്ഞും ഭര്‍ത്താവും അപ്പനും അമ്മയും അടക്കം നാട്ടിലാണ്. ജോലി നിര്‍ത്തി പോവാനിരിക്കുമ്പോളാണ് കോവിഡ് വന്നത്. ചെയ്യാവുന്ന സ്ഥലത്തെല്ലാം രജിസ്റ്റര്‍ ചെയ്ത് ഓരോ ദിവസവും എംബസിയിലേക്ക് വിളിച്ച് അന്വേഷിച്ച് കാത്തിരിക്കുമ്പോഴാണ് പരിശോധനകളുടെ തീരുമാനം വന്നത്. ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന ആശുപത്രിയില്‍ പോലും പരിശോധന ചെയ്യാന്‍ കഴിയില്ല. റിയാദില്‍ എവിടെയോ ചെയ്ത് കൊടുക്കുന്നു എന്ന് വിവരം കിട്ടി. പക്ഷെ റിയാദില്‍ എത്തണമെങ്കില്‍ റോഡ് മാര്‍ഗം ആണെങ്കില്‍ 12മണിക്കൂറും ഫ്‌ലൈറ്റില്‍ ഒന്നര മണിക്കൂറും യാത്രയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവിടെ എത്താന്‍ വഴിയില്ല. പക്ഷെ ഇവിടെ സര്‍ക്കാരിനെ ഒരു തരത്തിലും കുറ്റപ്പെടുത്താന്‍ പറ്റില്ല. എക്‌സിറ്റ് വച്ചവര്‍ക്ക് പോലും ഭക്ഷണവും വെള്ളവും താമസ സൗകര്യങ്ങളും തന്ന് അവര്‍ പരമാവധി സഹായിച്ചിട്ടേയുള്ളൂ",

രോഗഭീതിയും തൊഴിലില്ലായ്മയും മൂലം ദുരിതത്തിലായ പ്രവാസികള്‍ക്കുമേലുള്ള ഇരുട്ടടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നാണ് പ്രവാസികള്‍ പറയുന്നത്. വിമാനക്കൂലിയ്ക്കുള്ള പണം പോലും കടം വാങ്ങിയും മറ്റുള്ളവരുടെ സഹായം കൊണ്ടും കിട്ടിയവര്‍ക്ക്, കോവിഡ് ടെസ്റ്റിനു വേണ്ടി മുടക്കാന്‍ ഒന്നുമില്ലെന്നും പ്രവാസികളുടെ എല്ലാ അവസ്ഥകളും അറിഞ്ഞുകൊണ്ട് തന്നെ ദുരിതങ്ങളില്‍ നിന്നും വീണ്ടും ദുരിതത്തിലേക്ക് തള്ളവിടുന്ന സര്‍ക്കാര്‍ തീരുമാനം മാറ്റണമെന്നുമാണ് ആവശ്യം. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് പരിശോധനഫലം കൈയില്‍ കരുതണമെന്ന് കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്. ജൂണ്‍ 20 മുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതിനെതിരേ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. വന്ദേഭാരത് ദൗത്യത്തില്‍ വരുന്നവര്‍ക്ക് പരിശോധന വേണ്ടെന്നിരിക്കെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ വരുന്നവര്‍ക്ക് മാത്രം ടെസ്റ്റ് റിപ്പോര്‍ട്ട് എന്തിനെന്നായിരുന്നു ചോദ്യം. ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്തിരുന്നവരായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ പകച്ചു പോയത്. ടെസ്റ്റ് റിസള്‍ട്ട് കിട്ടാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നതായിരുന്നു ഇതിനുള്ള ചെലവിനെക്കാള്‍ പ്രവാസികളെ ആശങ്കപ്പെടുത്തിയത്. രണ്ടോ മൂന്നു ദിവസങ്ങള്‍ എങ്ങനെയായാലും കോവിഡ് പരിശോധന ഫലം കിട്ടാന്‍ വേണ്ടിവരുമെന്നുള്ളതിനാല്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ പോകാന്‍ കഴിയാതെ വരുമെന്നും ചാര്‍ട്ട് ചെയ്ത സമയത്ത് തന്നെ പോകാന്‍ കഴിയാതെ വന്നാല്‍ ടിക്കറ്റിനായി മുടക്കിയ പണം പോലും തങ്ങള്‍ക്ക് തിരിച്ചു കിട്ടില്ലെന്നുമായിരുന്നു പ്രവാസികള്‍ പറഞ്ഞിരുന്നത്.

അതുപോലെ, ഇത്തരമൊരു ഉത്തരവ് കേന്ദ്ര സര്‍ക്കാരുമായും എംബസികളുമായി ചര്‍ച്ച ചെയ്ത് കോവിഡ് ടെസ്റ്റ് സൗകര്യം എല്ലായിടത്തും ഏര്‍പ്പാടാക്കിയശേഷം മതിയായിരുന്നില്ലേ എന്നും രോഗവ്യാപനം തടയാനെന്ന സര്‍ക്കാര്‍ വാദത്തെ അംഗീകരിച്ചുകൊണ്ടും പ്രവാസികള്‍ ചോദിക്കുന്നത്. രോഗവ്യാപനത്തിന്റെ ആരംഭഘട്ട സമയത്ത് ഇറ്റലിയില്‍ നിന്നും മടങ്ങിവരുന്നവരില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്നു കണ്ടെത്തിയവര്‍ മാത്രം വന്നാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രമേയം പാസാക്കിയ സര്‍ക്കാര്‍ ആണിതെന്നും പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്ന് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മനുഷ്യത്വരഹിതവും ക്രൂരവുമെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇപ്പോള്‍ വിദേശത്ത് നിന്നും മടങ്ങിവരുന്ന മലയാളികള്‍ കോവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രം വിമാനത്തില്‍ കയറിയാല്‍ മതിയെന്നു വാശിപിടിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

സാമൂഹ്യ സുരക്ഷ പ്രധാനമെന്ന് സര്‍ക്കാര്‍

അതേസമയം, എതിര്‍പ്പുകള്‍ രൂക്ഷമായതോടെ ഇക്കാര്യത്തില്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രോഗം ബാധിച്ചു എന്നതിന്റെ പേരില്‍ ആരും സംസ്ഥാനത്തേക്ക് വരേണ്ടതില്ല എന്ന നിലപാട് സര്‍ക്കാരിനില്ലെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ: "യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. മെയ് എട്ടിന് ശേഷമുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മെയ് എട്ടിന് 16 പേര്‍ക്ക് മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയത്. ഇന്ന് അത് 2697 ആണ്. മെയ് എട്ടുവരെ സംസ്ഥാനത്തു കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 503 ആയിരുന്നു. യാത്രാ നിയന്ത്രണങ്ങളില്‍ അയവു വന്നശേഷം കേരളത്തിലേക്ക് വിദേശത്തു നിന്ന് 84,195 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,79,059 പേരും ജൂണ്‍ 16 വരെ എത്തിയിട്ടുണ്ട്.

നിലവിലെ സ്ഥിതിയില്‍ വിദേശത്തുനിന്നും ഇവിടെ വരുന്നവരില്‍ 1.5 ശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവായി കാണപ്പെടുന്നു. യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷത്തിലധികമായി വര്‍ദ്ധിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണവും വര്‍ദ്ധിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ഉദ്ദേശം രണ്ടു ശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവായാല്‍ വിദേശത്തുനിന്നു വരുന്നവരില്‍ നാലായിരത്തോളമാളുകള്‍ കോവിഡ് പോസിറ്റീവാകും. ഇവരില്‍ നിന്നും സമ്പര്‍ക്കംമൂലം കൂടുതല്‍ ആളുകളിലേയ്ക്ക് രോഗം വ്യാപിക്കുകയും ചെയ്യും. ഇത് സമൂഹ വ്യാപനത്തിലേയ്ക്കും നയിച്ചേക്കാം. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. ഇക്കാര്യത്തില്‍ നാം വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ രോഗവ്യാപനത്തോത് നിയന്ത്രണാതീതമാകും. ജൂണ്‍ 16വരെ 1366 പോസിറ്റീവ് കേസുകളാണുള്ളത്. ഇതില്‍ 1246 എണ്ണവും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ നിന്നുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെ എണ്ണം 533 ആണ്. വിദേശത്തു നിന്നും വന്നവരുടെ എണ്ണം 713 ആണ്. മൊത്തം കേസുകളുടെ 52.19 ശതമാനം വിദേശത്തുനിന്നും വന്നവരാണ്. വിദേശത്തുനിന്നുള്ള സഹോദരീസഹോദരന്‍മാരെ സ്വാഗതം ചെയ്യുന്നതോടൊപ്പം രോഗവ്യാപനം അവരിലും മറ്റുള്ളവരിലും തടയേണ്ടത് ആവശ്യമാണ്. അതിനുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഈ ജാഗ്രതയുടെയും മുന്‍കരുതലിന്റെയും ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അവര്‍ പുറപ്പെടുന്ന രാജ്യത്തുതന്നെ കോവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുമ്പോള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതലേ ആവശ്യപ്പെടുന്നുണ്ട്.

ഈ മാസമാദ്യം സ്‌പൈസ് ജെറ്റിന്റെ 300 ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന് കേരളം എന്‍ഒസി നല്‍കിയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്നാണ് അവര്‍ അറിയിച്ചത്. ഇത് അവര്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ച നിബന്ധനയാണ്. ചില സംഘടനകള്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റിന് അനുമതി ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനം അതും നല്‍കി. അവരോടും സ്‌പൈസ്‌ ജെറ്റ് ചെയ്യുന്നതുപോലെ കോവിഡ് പരിശോധന വേണമെന്ന് അറിയിച്ചു. എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. എല്ലാത്തിനും ഒരേ മാനദണ്ഡമാകണം. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളില്‍ സ്‌പൈസ് ജെറ്റ് കമ്പനി ടെസ്റ്റുകള്‍ നടത്തിയാണ് ആളുകളെ കൊണ്ടുവരുന്നതെന്ന് കമ്പനിയുടെ സിഎംഡി തന്നെ അറിയിച്ചിരുന്നു. ഇതിനകം ഇരുപതിലധികം വിമാനങ്ങള്‍ ടെസ്റ്റിംഗ് നടത്തിയ യാത്രക്കാരുമായാണ് വന്നിട്ടുള്ളത്. ജൂണ്‍ 30-നകം 100 വിമാനങ്ങള്‍ വരുന്നുണ്ടെന്നും ജൂണ്‍ 20നു ശേഷം ഓരോ യാത്രക്കാര്‍ക്കും പ്രത്യേകമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സിഎംഡി അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസികളും അവരുടെ സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെ പ്രയാസമുണ്ടെങ്കില്‍ ആന്റിബോഡി ടെസ്റ്റ് നടത്താവുന്നതാണ്. ആന്റി ബോഡി ടെസ്റ്റിന്റെ ഫലം പെട്ടെന്ന് ലഭിക്കും. ട്രൂ നാറ്റ് എന്ന പരിശോധനാ സമ്പ്രദായം വ്യാപകമായിട്ടുണ്ട്. ആ പരിശോധനയ്ക്ക് കുറഞ്ഞ ചെലവേ വരൂ.

സംസ്ഥാനം ആവശ്യമുന്നയിച്ചത് കേന്ദ്ര ഗവണ്‍മെന്റിനോടാണ്. അത് രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവന്ന് അപകടം ഉണ്ടാക്കരുത് എന്നാണ്. പരിശോധന സുഗമമാക്കുന്നതിന് എംബസികള്‍ വഴി ഇന്ത്യാ ഗവണ്‍മെന്റ് ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎഇ എയര്‍പോര്‍ട്ടുകളില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണ്. അതു തന്നെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ചെയ്യാന്‍ ബന്ധപ്പെട്ട വിമാന കമ്പനികള്‍ അതാത് രാജ്യത്തെ ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് ടെസ്റ്റ് ചെയ്യാന്‍ സൗകര്യമുണ്ടാക്കിയാല്‍ പ്രശ്‌നം ഉണ്ടാവില്ല. മറ്റു പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സൗകര്യം ഇല്ലാത്തതാണ് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അത് ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. കോവിഡ് ബാധിച്ചവര്‍ മറ്റുള്ളവരോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്തുതന്നെയായാലും ഒഴിവാക്കണം. രോഗം പടരുന്നത് തടയാന്‍ ഈ നിയന്ത്രണം അനിവാര്യമാണ്. രോഗബാധയുള്ളവരെ, അവര്‍ക്കു യാത്ര ചെയ്യാന്‍ ആരോഗ്യമുണ്ടെങ്കില്‍ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്. അങ്ങനെ എത്തുന്നവര്‍ക്ക് ഇവിടെ ചികിത്സ നല്‍കും.

കേരളത്തെ ഏറ്റവും സുരക്ഷിത സ്ഥലമായാണ് ആളുകള്‍ വിലയിരുത്തുന്നത്. അത് തുടര്‍ന്ന് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്. ലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികളുടെയും സുരക്ഷയും നമ്മുടെ ഉത്തരവാദിത്വമാണ്."

അറിഞ്ഞുകൊണ്ട് ഒരാളെ രോഗിയാക്കാനാവില്ലെന്നും അതിനാലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതെന്നും സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും പറയുന്നു. പരിശോധന വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു, പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കി പ്രവാസികളുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. "രോഗികളും രോഗികളല്ലാത്തവരും ഗര്‍ഭിണികളും വയോജനങ്ങളും ഉള്‍പ്പെടെ പ്രയോരിറ്റി ലിസ്‌റ്റിലുള്ളവരാണ് ആദ്യം നാട്ടിലേക്കെത്തുന്നത്. പലരും ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്ളവരുമാണ്. ഒരേ വിമാനത്തില്‍ അവരെ കൊണ്ട് വന്ന് രോഗം പടരാനുള്ള സാഹചര്യം എങ്ങനെയാണ് അറിഞ്ഞ് കൊണ്ട് സര്‍ക്കാര്‍ ഒരുക്കുന്നത്? എംബസികള്‍ വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കുകയാണ് ചെയ്യേണ്ടത്. നിയന്ത്രണങ്ങളില്‍ സ്വാഭാവികമായും അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ അത് ഒരു സിസ്റ്റം ആവുന്നതോടെ അസൗകര്യം ഇല്ലാതാവും. പരിശോധനയ്ക്ക് സൗകര്യങ്ങളില്ലെങ്കില്‍, കേരളത്തില്‍ നിന്ന് സംഘത്തെ അയയ്ക്കണമെങ്കില്‍ അതും അവര്‍ ആവശ്യപ്പെടണം. ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെട്ടു എന്ന് പറഞ്ഞ് നാളെ ആ വിമാനങ്ങളില്‍ വരുന്ന ആരെങ്കിലും കേസ് നല്‍കിയാല്‍ എന്താവും? രോഗികളേയും രോഗമില്ലാത്തവരേയും ഒന്നിച്ച് കൊണ്ട് വന്നാല്‍ അതിനുള്ള സാധ്യതയാണ് ഉണ്ടാവുന്നത്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കാനും വിവാദങ്ങള്‍ ഉണ്ടാക്കാനും ശ്രമിക്കുന്നതിന് പകരം സാമൂഹ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്", ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫേസ്ബുക്ക് വീഡിയോയില്‍ ഡോ. മുഹമ്മദ് അഷീല്‍ കുറച്ചു കൂടി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. "കേരളത്തില്‍ രോഗവ്യാപനം കുറയ്ക്കാനും മരണ നിരക്ക് കുറയ്ക്കാനും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സാധിച്ചിട്ടുണ്ടെങ്കില്‍ അതേതെങ്കിലും അത്ഭുതപ്രവര്‍ത്തികള്‍ കൊണ്ടല്ല, ഇവിടുത്തെ ആരോഗ്യസംവിധാനത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. ഏതെങ്കിലും ഒരു വ്യക്തിയെടുക്കുന്ന തീരുമാനങ്ങളല്ല ഇക്കാര്യത്തില്‍ നടപ്പിലാക്കുന്നത്. വിവിധ വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. രോഗവ്യാപനം കുറയ്ക്കുക, മരണങ്ങള്‍ ഒഴിവാക്കുകയെന്നത് തന്നെയാണ് ലക്ഷ്യം. വന്ദേഭാരതിനു കീഴിലുള്ള ഫ്‌ളൈറ്റുകളിലും പരിശോധന ഫലം വേണമെന്ന് കേരളം പറഞ്ഞിരുന്നതാണ്. അത് നടന്നില്ല. അതില്ലാതെ തന്നെ നൂറു കണക്കിന് വിമാനങ്ങളും പതിനായിരക്കണക്കിന് ആളുകളും നാട്ടിലെത്തി. വന്നവരെയെല്ലാം തന്നെ നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ കീഴില്‍ വേണ്ട എല്ലാ സംരക്ഷണങ്ങളും നല്‍കുന്നുമുണ്ട്. എന്തിനാണ് പിന്നെ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവര്‍ മാത്രം വന്നാല്‍ മതിയെന്നൊക്കെ ചോദിക്കുന്നവരോട്, പരിശോധനകളൊന്നും നടക്കാത്തൊരു വിമാനത്തില്‍ ആരാണ് പോസിറ്റീവ്, നെഗറ്റീവ് എന്നറിയാന്‍ കഴിയില്ല. നാട്ടില്‍ വന്നശേഷം യാത്രക്കാരില്‍ ഒരാള്‍ പോസിറ്റീവ് കേസ് ആണെന്ന് കണ്ടെത്തി കഴിഞ്ഞാല്‍, ഉടന്‍ ചെയ്യുന്നത്, അയാള്‍ വന്ന വിമാനത്തിന്റെ ചാര്‍ട്ട് പരിശോധിച്ച് അയാള്‍ ഇരുന്ന സീറ്റിന്റെ മുന്നിലത്തെ മൂന്ന് നിരയിലേയും പിന്നിലത്തെ മൂന്ന് നിരയിലേയും വശത്തെ മൂന്ന് നിരയിലേയും ആളുകളെ ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയെന്നതാണ്. ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്റ്റില്‍ വരുന്നത് മിക്കവാറും ഗര്‍ഭിണികള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരായിരിക്കും. രോഗവ്യാപനം ഏറ്റവും എളുപ്പത്തില്‍ സംഭവിക്കുന്നവര്‍. ഇവരില്‍ പലരും പോസിറ്റീവ് കേസുകളായി മാറുകയും മരണം വരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വലിയൊരു പ്രശ്‌നമാണ്. തൊട്ടടുത്തിരിക്കുന്നയാള്‍ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നറിയാതെ മറ്റുള്ളവരിലേക്കും രോഗം പകരുന്നുവെന്നും അത് മരണകാരണം വരെയാകുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അക്കാര്യം ചര്‍ച്ച ചെയ്തപ്പോഴാണ് ഇത് നമുക്ക് ഒഴിവാക്കാനാവുന്ന രോഗവ്യാപനം ആണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതുകൊണ്ടാണ് പരിശോധന നടത്തി നെഗറ്റീവ് ആയവര്‍ വരട്ടെയെന്ന് പറയുന്നത്. അതിനര്‍ത്ഥം ആരും വരേണ്ടെന്നോ എല്ലാവരെയും കൊണ്ടുവരില്ലന്നോ അല്ല. എംബസികളോട് കൃത്യമായി പറഞ്ഞിട്ടുള്ളതും പരിശോധന നടത്തണം എന്നാല്‍ പ്രവാസികളെ കൊണ്ടുവരുന്നതില്‍ കുറവ് വരുത്തരുതെന്നുമാണ്. പ്രവാസികളുടെ തന്നെ സുരക്ഷയ്ക്കായാണ് ഇതെല്ലാം ചെയ്യുന്നത്. പരിശോധന പ്രായോഗികമാണോ സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും, എന്തുകൊണ്ട് പ്രായോഗികമല്ല എന്നാണ് തിരിച്ചു ചോദിക്കാനുള്ളത്. എംബസികള്‍ക്ക് കഴിയണം, അവര്‍ക്ക് ബുദ്ധിമുട്ടാണ് എന്നുള്ളതുകൊണ്ട് രോഗവ്യാപനം നടന്നോട്ടെ എന്ന നിലപാട് എടുക്കാന്‍ കഴിയുമോ? ചെലവ്, സമയം ഇതൊക്കെയാണ് പലരും ഉയര്‍ത്തുന്ന ബുദ്ധിമുട്ടുകള്‍. പോത്തന്‍കോട് രോഗവ്യാപനം ഉണ്ടായപ്പോള്‍ ശശി തരൂര്‍ എം പി നല്‍കിയ റാപ്പിഡ് പിസിആര്‍ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് നമ്മള്‍ പ്രവര്‍ത്തിച്ചത് അറിയാമല്ലോ. അതേ സൗകര്യം പ്രവാസികള്‍ക്കായി ഒരുക്കാന്‍ ഒരു രാജ്യത്തിന് കഴിയില്ലേ? രണ്ട് മണിക്കൂര്‍ മതി പരിശോധന നടത്തി ഫലം ലഭിക്കാന്‍. ഇനി ഇത് നടത്താന്‍ വേണ്ടി സൗകര്യം ഒരുക്കണം. അതിന് ഒരു ആശുപത്രിയോ ആശുപത്രി ശൃംഖലകളോ ഒരുക്കണം. അവിടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരിശോധന നടത്തണം. സൗജന്യമായി പരിശോധിക്കണം. കേരളത്തില്‍ എല്ലാ പരിശോധനകളും സൗജന്യമായാണ് നടത്തുന്നത്. പരിശോധനയില്‍ പോസിറ്റീവ് ആണെന്നു കണ്ടെത്തിയാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലേ എന്നതാണ് മറ്റൊരു ആശങ്ക. ആരെയും അവിടെ ഇട്ടിട്ട് പോരില്ല, അതിനൊക്കെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടല്ലോ. ഇക്കാര്യങ്ങളൊന്നും മനസിലാക്കാതെയാണ് സുരക്ഷയെ മറന്ന് വൈകാരികമായി മാത്രം ചിലര്‍ പ്രതികരിക്കുന്നത്".

ആക്രമണവും ഒറ്റപ്പെടുത്തലും ഭയന്ന് പ്രവാസികള്‍

മഞ്ചേരിയും കൊടുങ്ങല്ലൂരും കോതമംഗലത്തും അടുത്തിടെ നടന്ന സംഭവങ്ങള്‍ പ്രവാസികളില്‍ ഭയമുണ്ടാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരുടെ വീടുകള്‍ ആക്രമിക്കുകയും അവരെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന അന്തരീക്ഷം കേരളത്തില്‍ ഉണ്ടെന്ന് പ്രവാസികള്‍ പറയുന്നു. റിയാദില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥനായ ഹബീബുള്ള മുറ്റിച്ചൂര്‍ പറയുന്നു, "നാട്ടിലേക്ക് വരാന്‍ തന്നെ ബുദ്ധിമുട്ട്. ജീവനും കൊണ്ട് നാട്ടിലേക്കെത്തുന്ന ആളുകള്‍ക്ക് എന്താണ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നല്‍കുന്നത്. ചെറിയ രോഗം വന്നതിന്റെ പേരില്‍ ആക്രമിക്കുകയും വീട്ടുകാരും ബന്ധുക്കളും വിട്ട് പോവുകയും ചെയ്യുന്നതാണ് പലരും വിളിച്ച് പറയുന്നത്. ചില സംഭവങ്ങള്‍ വാര്‍ത്തകളിലൂടെ പുറത്തെത്തുകയും ചെയ്തിട്ടുണ്ട്. മഞ്ചേരിയില്‍ ഒരു മാസമായി ചൂട് വെള്ളം കുടിക്കാന്‍ ഫ്‌ലാസ്‌ക് പോലും ഇല്ലാതെ ഒരാള്‍ കഴിയുന്നു. വീട്ടുകാര്‍ വന്ന് നോക്കുന്നില്ല. ഒടുവില്‍ വിവിരമറിഞ്ഞ് അവിടെയുള്ള സുഹൃത്തുക്കളെയെല്ലാം വിളിച്ചാണ് കാന്‍സര്‍ രോഗി കൂടിയായ അയാള്‍ക്ക് ഫ്‌ലാസ്‌ക് എത്തിച്ച് കൊടുത്തത്. കൊടുങ്ങല്ലൂരില്‍ ഒരു ചെറുപ്പക്കാരനെ നാട്ടുകാരും ബന്ധുക്കളും എല്ലാം അടിച്ചോടിക്കുകയാണ്. അവന്‍ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ്. എന്തോ അപരാധം ചെയ്തവരായാണ് മടങ്ങിയെത്തുന്ന പ്രവാസികളെ നാട്ടുകാര്‍ കാണുന്നത്. ഇത്ര കാലം കേരളത്തെ താങ്ങി നിര്‍ത്തിയ ഞങ്ങളെയാണ് ഇങ്ങനെ ദ്രോഹികളായി കണക്കാക്കുന്നത് എന്നതില്‍ സങ്കടമുണ്ട്"

എന്നാല്‍ ഇത്തരത്തിലുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു. ക്വാറന്റൈനില്‍ കഴിയുന്ന രോഗികളല്ലാത്ത പ്രവാസികളും മോശം പെരുമാറ്റത്തിന് വിധേയരാവുന്നുണ്ട്. രോഗികളും രോഗമില്ലാത്തവരും ഒരേ വിമാനത്തില്‍ വരുന്നതിനാലാണ് ഈ സംശയം പോലും ആളുകള്‍ക്ക് ഉണ്ടാവുന്നത്. അതിനെ തടയിടാന്‍ കൂടിയാണ് പരിശോധന നടത്തിയതിന് ശേഷം നാട്ടിലേക്ക് വരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു. രോഗമാണ് ശത്രു, രോഗികളല്ല എന്ന് പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അതിന് ശക്തമായ ബോധവത്ക്കരണ പരിപാടികള്‍ ആവശ്യമാണെന്നും ഡോ. അഷീല്‍ പറയുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രായോഗികമെന്ന് പറയുന്നത് അപ്രായോഗികം തന്നെയാണെന്നാണ് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. റിക്വസ്റ്റ് ചെയ്ത് ടെസ്റ്റ് നടത്താന്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളില്‍ സാധിക്കില്ലെന്നതാണ് അതിനുള്ള പ്രധാനകാരണമായി പറയുന്നത്. അതല്ലെങ്കില്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് അതിനുള്ള സൗകര്യം ഏര്‍പ്പാടാക്കണം. കേരള സര്‍ക്കാരും ആവശ്യപ്പെടുന്നത് ഇതേ കാര്യമാണ്. എന്നാല്‍, ഒരു സംസ്ഥാനത്തിനായി മാത്രം ഇത്തരം ഇടപെടലുകള്‍ എംബസി നടത്തുമോയെന്നാണ് ചോദ്യം. കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത് അതിനുവേണ്ടിയാണെന്ന സംസ്ഥാനത്തിന്റെ വാദം എത്രത്തോളം ഫലപ്രദമാണെന്നും പ്രവാസികള്‍ ചോദിക്കുന്നു. കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് രണ്ടരലക്ഷത്തോളം ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തിയും ഇപ്പോഴത്തെ തീരുമാനത്തെ പ്രവാസികള്‍ ചോദ്യം ചെയ്യുന്നുണ്ട്. മടങ്ങിവരുന്നവര്‍ക്കെല്ലാം ക്വാറന്റൈന്‍ സൗകര്യം ഉണ്ടെങ്കില്‍ പിന്നെന്തുകൊണ്ട് എല്ലാവരെയും ആദ്യം മടക്കി കൊണ്ടുവരുന്ന കാര്യം ചെയ്തൂകൂടാ എന്നാണ് അവര്‍ ചോദിക്കുന്നത്. അതിന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നത്, കേരളത്തില്‍ രോഗവ്യാപനവും മരണ നിരക്കും കുറയ്ക്കുകയെന്നതാണ് പ്രധാനലക്ഷ്യം എന്നാണ്.


Next Story

Related Stories