കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ തിരിച്ചെത്തിയാല്‍ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി കേരളം. കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയാണെങ്കില്‍ വിദേശരാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് മലയാളികളായിരിക്കും ജന്മനാട്ടിലേക്ക് മടങ്ങിയെത്തുക. സങ്കീര്‍ണമായൊരു സാഹചര്യത്തില്‍ ഇത്രയും പേരെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയുണ്ടെങ്കിലും വരുന്നവരെ കൈവിടില്ലെന്ന സന്ദേശമാണ് കേരളം നല്‍കിയിരിക്കുന്നത്.
തിരിച്ചു വരുന്ന എല്ലാ പ്രവാസികളെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് കേരളം തയ്യാറെടുക്കുന്നത്. ഇതിനായി ജില്ലകള്‍ തോറും നിരീക്ഷണ കേന്ദ്രങ്ങളൊരുക്കുകയാണ്. ഇത്രയുമധികം പേരെ നിരീക്ഷണത്തില്‍ ആക്കാന്‍ വലിയ സ്ഥല സൗകര്യങ്ങള്‍ ആവശ്യമായി വരും, ഇതിനായി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ കണ്ടെത്താനും ക്രമീകരണങ്ങള്‍ ഒരുക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിലവില്‍ ജില്ലകള്‍ തോറും തയ്യാറാക്കിയിരിക്കുന്ന സൗകര്യങ്ങള്‍ ഇങ്ങനെയാണ്; തിരുവനന്തപുരത്ത് 7500 മുറികള്‍, പത്തനംതിട്ടയില്‍ 8,100 മുറികള്‍, വയനാട് 135 കെട്ടിടങ്ങള്‍, ആലപ്പുഴയില്‍ 10,000 കിടക്കകള്‍, മലപ്പുറം 15,000 കിടക്കകള്‍ കണ്ണൂര്‍ 400 കിടക്കകള്‍, തൃശൂര്‍ 7581 മുറികള്‍, കോഴിക്കോട് 15,000 മുറികള്‍. ഇവ കൂടാതെ സ്ഥലസൗകര്യ വാഗ്ദാനങ്ങളുമായി വിവിധ സ്ഥാപങ്ങളും സംഘടനകളു സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എം ഇ എസ് തങ്ങളുടെ ഉടമസ്ഥതയിലുള്ള 150 കെട്ടിടങ്ങള്‍ നിരീക്ഷണ കേന്ദ്രങ്ങളൊരുക്കാനായി വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, എംഎസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും, മുസ്ലിം ലീഗിന്റെയും അനുബന്ധ സംഘടനകളുടെയും നിയന്ത്രണത്തിലുള്ള എല്ലാ കെട്ടിടങ്ങളും സര്‍ക്കാരിന് കൈമാറും. പണം നല്‍കിയുള്ളതും സൗജന്യമായുള്ളതുമായ താമസസൗകര്യങ്ങളാണ് സര്‍ക്കാര്‍ തയ്യാറാക്കികൊണ്ടിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗമാണ് നിരീക്ഷണ കേന്ദ്രങ്ങള്‍ക്കായുള്ള മുറികള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുവരെ രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുമുണ്ട്. ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളും നിരീക്ഷണ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. ഏകദേശം രണ്ടായിരം കിടക്കകള്‍ ഈ വിധത്തില്‍ സജ്ജമാക്കാന്‍ സാധിക്കും. വയനാട്ടില്‍ വില്ലകളും റിസോര്‍ട്ടുകളുമാണ് ഏറ്റെടുക്കുന്നത്. ജില്ലയിലുള്ള മുഴുവന്‍ ഇത്തരം സ്ഥാപനങ്ങളും നിരീക്ഷണ കേന്ദ്രങ്ങളാക്കാനാണ് തീരുമാനം. മറ്റ് ജില്ലകളിലും ഈ പാത സ്വീകരിക്കാനാണ് തയ്യാറെടുപ്പുകള്‍ മുന്നോട്ടു പോകുന്നത്.മലപ്പുറം ജില്ലയിലായിരിക്കും ഏറ്റുമധികം നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കേണ്ടി വരിക. പ്രവാസികള്‍ എണ്ണത്തില്‍ കൂടുതലുള്ള ജില്ലയാണിത്. പ്രവാസി കുടുംബങ്ങള്‍ ഏറ്റവും കൂടുതലുള്ളതും ജില്ലയില്‍ തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുകയാണെങ്കില്‍ ഗള്‍ഫ് മേഖലകളില്‍ നിന്നും വലിയ ഒഴുക്കായിരിക്കും മലപ്പുറത്തേക്ക് ഉണ്ടാവുക. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കുടുംബമായി എത്തുന്നവരെ പാര്‍പ്പിക്കാന്‍ എ സി മുറികളോടുകൂടിയ വില്ലകളും വീടുകളും ഉപയോഗപ്പെടുത്താന്‍ വരെ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ സൗകര്യങ്ങള്‍ക്ക് പണം ഈടാക്കിയേക്കും. ചെറിയ തുകകള്‍ സ്വീകരിച്ചുളളതും പൂര്‍ണമായി സൗജന്യമായതുമായ താമസസൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.നിലവില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ 15,000 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഹോട്ടലുകള്‍, സ്കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക കീഴിലുള്ള കോളെജ് ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവ കൂടാതെ വിവിധ സംഘടനകളും മതസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ തങ്ങളുടെ സ്ഥാപനങ്ങള്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ക്കായി വിട്ടു നല്കാന് തയ്യാറായി രംഗത്തു വന്നിട്ടുണ്ട്. ജില്ലയിലെ പഞ്ചായത്തുകളും നഗരസഭകളും ഈ പ്രവര്‍ത്തികള്‍ ഫലപ്രദമാക്കാന്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കുന്നുണ്ട്. വിട്ടുകിട്ടുന്ന സ്ഥാപനങ്ങളും മുറികളും അണുവിമുക്തമാക്കുന്നത് തൊട്ട് സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തുണ്ട്.സൗകര്യങ്ങള്‍ ഒരുക്കി നാട് കാത്തിരിക്കുകയാണെങ്കിലും പ്രവാസി മലയാളികള്‍ക്ക് ആശ്വാസിക്കാനുള്ള സമയം ഇതുവരെ വന്നിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതിനു പുറമെ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ നിന്നുണ്ടായ ഉത്തരവും പ്രവാസികളുടെ ആശങ്ക ഉയര്‍ത്തുന്നതാണ്. പ്രവാസികളെ ഇപ്പോള്‍ മടക്കി കൊണ്ടുവരേണ്ടതില്ലെന്നാണ് സുപ്രിം കോടതി അഭിപ്രായപ്പെട്ടത്. അങ്ങനെ സാഹചര്യം കൂടുതല്‍ വഷളാകുമെന്നാണ് കോടതിയുടെ നിരീക്ഷണം. ഏതു രാജ്യത്താണോ ഇപ്പോഴുള്ളത് അവിടെ തന്നെ സുരക്ഷിതരായി കഴിയാനാണ് കേന്ദ്രവും പറഞ്ഞുകൊണ്ടിരിക്കുന്നത്. പുറത്തുള്ളവര്‍ നാട്ടിലേക്ക് എത്തുന്നത് രോഗവ്യാപനത്തിന്റെ ആക്കം കൂട്ടുമോയെന്നതാണ് കേന്ദ്രത്തിന്റെ ആശങ്ക. അതാത് രാജ്യങ്ങളില്‍ തന്നെ പ്രവാസി ഇന്ത്യക്കാര്‍ക്കായി നിരീക്ഷ കേന്ദ്രങ്ങളും ചികിത്സ സൗകര്യങ്ങളും ഒരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തങ്ങുന്നത് വിവിധ കാരണങ്ങളാലാണ് പ്രവാസികളെ ഭയത്തിനു കീഴിലാക്കുന്നത്. തൊഴിലാളികളായവര്‍ ഭൂരിഭാഗവും ലേബര്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. ഒരുമിച്ചുള്ള താമസമാണ് കൂടുതലും.രോഗം പടരാന്‍ വേഗം വഴിയൊരുക്കുമെന്ന ഭയം എല്ലാവരിലുമുണ്ട്. കേരളത്തിനെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ നിരീക്ഷണ സംവിധാനങ്ങള്‍ കുറവാണെന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. ഐസോലോഷന്‍ ക്രമീകരണങ്ങള്‍ കേരളത്തിലേതുപോലെ കാര്യക്ഷമമായി ഇവിടെ നടക്കുന്നില്ല. കൂടാതെ യുഎഇ പോലുള്ളിടങ്ങളില്‍ കൊവിഡ് ചികിത്സ ചെലുകള്‍ കൂടുതലാണ്. രോഗം പിടിപ്പെട്ടാല്‍ തങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകുമെന്നാണ് പ്രവാസികള്‍ പറയുന്നത്. കൊവിഡ് കാലം പിന്നിട്ടാലും പ്രശ്നങ്ങള്‍ തങ്ങളെ വിട്ടൊഴിയില്ലെന്ന പേടിയും ഇവര്‍ക്കുണ്ട്. ലോക് ഡൗണും നിയന്ത്രണങ്ങളും ഉണ്ടാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ആഘാതം പ്രവാസി തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരും. പല തൊഴിലിടങ്ങളിലും ശമ്പളവും ആനുകൂല്യങ്ങളും പകുതിയോളം വെട്ടിക്കുറയ്ക്കാനുള്ള സാധ്യത ശക്തമാണ്. അങ്ങനെ വന്നാല്‍ തങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നാണ് പ്രവാസികള്‍ പറയുന്നത്. അതിനാല്‍ നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിയെത്താനാണ് പ്രവാസികള്‍ ഇപ്പോഴാഗ്രഹിക്കുന്നത്.
കഠിനമായ ജീവിത സാഹചര്യങ്ങളാണ് മുന്നിലുള്ളതെന്ന് തിരിച്ചറിഞ്ഞ് ഏതുവിധേനയും നാട്ടിലെത്തിക്കാനാണ് പ്രവാസികള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേക വിമാനങ്ങള്‍ ഇതിനായി ഏര്‍പ്പാട് ചെയ്യണമെന്നാണവരുടെ അഭ്യര്‍ത്ഥന. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനു മാത്രമായി ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നിടത്താണ് അനിശ്ചിതത്വം തുടരുന്നത്.ഇന്ത്യന്‍ ഭരണകൂടം വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാതിരിക്കുമ്പോള് തന്നെയാണ് പ്രവാസികളായവര്‍ അവരവരുടെ നാടുകളിലേക്ക് തിരിച്ചു പോകണമെന്ന സൂചനകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്നത്. ഇപ്പോള്‍ യുഎഇ മാത്രമാണ് ഇങ്ങനെയൊരു ആവശ്യം മുന്നോട്ടു വച്ചിട്ടുള്ളത്. മറ്റു രാജ്യങ്ങളും ഇതിന്റെ ചുവട് പിടിക്കുമോയെന്ന ഭയവും പ്രവാസികളെ അലട്ടുന്നുണ്ട്. ഏകദേശം പത്തുലക്ഷം മലയാളികള്‍ യുഎഇയില്‍ മാത്രം ഉണ്ട്. ഇവരെല്ലാവരും രാജ്യം വിടണമെന്നുള്ള നിര്‍ദേശം വന്നാല്‍ ഗുരുതരമായ സ്ഥിതിവിശേഷമാകും സംജാതമാവുക. കേരളത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് പിന്നില്‍ ഇങ്ങനെയൊരു കണക്കുകൂട്ടലുമുണ്ട്.