"ഒരു മന്ത്രിയുടെ മകനാണെന്ന് എനിക്കൊരിക്കലും തോന്നാറില്ല. ഞാനങ്ങനെ പെരുമാറാറുമില്ല. നിങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യേണ്ടത് എന്റെ അമ്മയെയാണ്, എന്നെയല്ല", പറയുന്നത് ശോഭിത് കെ.കെ. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കേരളത്തെ മുന്നില്‍ നിന്നു നയിക്കുന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകന്. ദുബായില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗള്‍ഫ് ന്യൂസ് അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ ശോഭിത് പറഞ്ഞ കാര്യമാണ് മുകളിലുള്ളത്. ശോഭിതും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ തന്നെയാണ്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ശോഭിത് അബുദാബിയിലെ കോവിഡ്-19മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തന്നെയാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
"താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച് ഉയര്‍ന്നു വന്നതാണ് അമ്മ.. അതുകൊണ്ടു തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് സ്വാഭാവികമായി വരുന്നതാണ്", ശോഭിത് പറയുന്നു. ശൈലജ ടീച്ചറോട് സംസാരിച്ചതിനു ശേഷം മാത്രമേ അഭിമുഖം നടത്താന്‍ മകന് അനുമതി നല്കിയുള്ളൂ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊറോണ വൈറസ് ബാധിതരായ 200-ഓളം രോഗികളെ ചികിത്സിക്കുന്ന ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ ഓപ്പറേഷന് മാനേജരാണ് ശോഭിത്. ഭാര്യ സിഞ്ജുവിനും മകള്‍ നിരാലിനുമൊപ്പം യു.എ.ഇയില്‍ താമസിക്കുന്ന ശോഭിത് ഇടയ്ക്കിടെ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്, കോവിഡ് പ്രോട്ടോക്കോളില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന പി.പി.ഇ കിറ്റ് ധരിച്ചു കൊണ്ടുതന്നെ.
"തീര്‍ച്ചയായും അപകടമുണ്ട്. പക്ഷേ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ ആ റിസ്ക് നമ്മള് എടുത്തേ മതിയാകൂ", ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടറോട് ശോഭിത് പറയുന്നു. നിപ വൈറസിനെതിരെയും തുടര്‍ന്ന് കോവിഡിനെതിരെയും ശൈലജ ടീച്ചര്‍ സ്വീകരിക്കുന്ന അതേ മനോഭാവമാണ് മകന്റേതുമെന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു.
"അമ്മ ജനിച്ചത് ഒരു രാഷ്ട്രീയ കുടുംബത്തിലാണ്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്ന കാലത്ത് അതിന്റെ സജീവമായ പ്രവര്‍ത്തകയായിരുന്നു അമ്മയുടെ മുത്തശ്ശിയുടെ മാതാവ്. അധ്യാപികയായിരുന്ന കാലത്തും അമ്മ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. എന്റെ അച്ഛനും- കെ. ഭാസ്കരന്- ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും അധ്യാപകനുമാണ്. അവര്‍ പാര്‍ട്ടി മീറ്റിംഗുകളില്‍ വച്ചാണ് കണ്ടു മുട്ടിയതും പിന്നീട് കല്യാണം കഴിച്ചതും", ശോഭിത് പറയുന്നു. ശൈലജ ടീച്ചറുടെ ഇളയ മകന് ലസിത് കെ.കെ ഇലക്ട്രോണിക്സ് എഞ്ചിനീയറാണ്, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നു.
"അമ്മ ഒരു സുഹൃത്തിനോടെന്ന വിധമാണ് എന്നോട് പെരുമാറാറ്. വളരെ ബോള്‍ഡും പ്രശ്നങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ആളുമാണ്. എന്നാല്‍ അമ്മയുടെ ശബ്ദത്തില്‍ ചെറിയ മാറ്റം വന്നാല്‍, എനിക്കറിയാം അമ്മയെ അലോസരപ്പെടുത്തുന്ന എന്തോ ഉണ്ട് എന്ന്" ശോഭിത് പറയുന്നു.
അമ്മയും അച്ഛനും നന്നായി വായിക്കുന്നവരാണെന്നും ശോഭിത് പറയുന്നു. "രണ്ടു പേരും മലയാളത്തിലും ഇംഗ്ലീഷിലും ധാരാളം വായിക്കുന്നവരാണ്, ഏകദേശം 3,500-ഓളം പുസ്തകങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞങ്ങളുടെ വീട്ടിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നു".
മക്കളെ സര്‍ക്കാര്‍ സ്കൂളിലും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചതെന്നും മകന് പറയുന്നു. "അമ്മയുടെ പേരോ പദവിയോ ഞാനൊരിക്കലും ദുരുപയോഗിച്ചിട്ടില്ല", ശോഭിത് വ്യക്തമാക്കുന്നു.
കൂടുതല്‍ വായനയ്ക്ക്: Meet the UAE resident whose mother is leading Kerala's coronavirus battle