TopTop
Begin typing your search above and press return to search.

അപകടത്തില്‍പ്പെട്ട കാറിനെ വളഞ്ഞ് ചീങ്കണ്ണികള്‍, കനാലില്‍ ഇറങ്ങാനാവാതെ രക്ഷാപ്രവര്‍ത്തകര്‍, മലയാളി ഡോക്ടര്‍ക്ക് യുഎസ്സില്‍ ദാരുണാന്ത്യം

അപകടത്തില്‍പ്പെട്ട കാറിനെ വളഞ്ഞ് ചീങ്കണ്ണികള്‍, കനാലില്‍ ഇറങ്ങാനാവാതെ രക്ഷാപ്രവര്‍ത്തകര്‍, മലയാളി ഡോക്ടര്‍ക്ക് യുഎസ്സില്‍ ദാരുണാന്ത്യം

ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്കു കാര്‍ മറിഞ്ഞ് മലയാളി വനിതാ ഡോക്ടര്‍ യുഎസില്‍ മരിച്ചു. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ സ്വദേശിനി ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് 6) അപകടം. മയാമിയിലെ ആശുപത്രിയിലാണ് ഡോ. നിത ജോലി ചെയ്യുന്നത്.

ഫ്‌ളോറിഡയെയും നേപ്പിള്‍സിനെയും ബന്ധിപ്പിക്കുന്ന ഐ75 എക്‌സ്പ്രസ് ഹൈവേയിലായിരുന്നു അപകടം. ഇല്ലിനോയ് ബെന്‍സന്‍വില്ലെയിലെ താമസസ്ഥലത്തുനിന്ന് നേപ്പിള്‍സിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഡോ. നിത സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട കാര്‍ കനാലിലേക്ക് പതിക്കുകയായിരുന്നു.

നിതയുടെ കാറിന് പിന്നിലെത്തിയ അമേരിക്കന്‍ ദമ്പതികള്‍ നിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തിയതോടെ പരാജയപ്പെടുകയായിരുന്നു. ബോധം നഷ്ടപ്പെട്ട നിതയെ കരയ്‌ക്കെത്തിക്കുന്നതിനിടെയാണു ചീങ്കണ്ണികള്‍ പാഞ്ഞെത്തിയത്. കരയില്‍നിന്ന ഭാര്യ നിലവിളിച്ചതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ചു കരയ്ക്കു കയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ വിവരമറിയിച്ചതനുസരിച്ചു പോലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

അപകടത്തില്‍ പെട്ട നിതയുടെ കാറിനരികിലേക്ക് ചീങ്കണ്ണി നീന്തി വരുന്ന വീഡിയോകള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കാറിനു ചുറ്റും ചീങ്കണ്ണികള്‍ കൂടിനിന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഒന്നു രണ്ടു ചീങ്കണ്ണികളെ വെടിവച്ചു കൊന്നതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കനാലില്‍ ഇറങ്ങാനായതെന്ന് പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉഴവൂര്‍ കുന്നുംപുറത്ത് എ.സി. തോമസ് ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ് മരിച്ച ഡോ. നിത. എക്‌സൈസില്‍നിന്നു വിരമിച്ച എ.സി. തോമസ് 15 വര്‍ഷമായി കുടുംബത്തോടൊപ്പം യുഎസിലായിരുന്നു. ഇപ്പോള്‍ ഷിക്കാഗോയില്‍ എല്‍മസിലാണ് താമസം. പത്താം ക്ലാസ് വരെ കേരളത്തില്‍ പഠിച്ച നിത മയാമിയില്‍ സര്‍ജറി പിജി വിദ്യാര്‍ഥിയാണ്. ഭര്‍ത്താവ് നിഖില്‍. സഹോദരങ്ങള്‍: നിതിന്‍, നിമിഷ. സംസ്‌കാരം പിന്നീട് ഷിക്കാഗോ എസ്എച്ച് ക്‌നാനായ കത്തോലിക്ക പളളിയില്‍.

നേപ്പിള്‍സ് മുതല്‍ ഫോര്‍ട്ട് ലോഡല്‍ഡെയില്‍ വരെ 128 കിലോമീറ്റര്‍ പാതയോരത്തെ നദിയിലും കനാലുകളിലുമായി ചീങ്കണ്ണികളുടെ സാന്നിധ്യം സജീവമാണ്. വെയില്‍ കായാനും ഇര തേടാനും ചീങ്കണ്ണികള്‍ റോഡുകളില്‍ കയറിവരുന്നതും ഇവിടെ പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


Next Story

Related Stories