കുവൈറ്റില്‍ ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ എത്തുന്ന കോവിഡ് -19 ന്റെ വാക്സിന് എല്ലാ കുവൈറ്റ് പൗരന്മാര്ക്കും സൗജന്യമായി നല്‍കുമെന്ന് റിപോര്‍ട്ടുകള്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സിന് സൗജന്യമായിരിക്കുമെന്നും റിപോര്‍ട്ടുണ്ട്. ലഭ്യമാകുന്ന ആദ്യ ഡോസുകളില്‍ സ്വദേശികള്‍ക്കാകും മുന്‍ഗണന നല്‍കുക
പ്രായപൂര്‍ത്തിയായവര്‍ക്കും, വിട്ടുമാറാത്ത രോഗമുള്ളവര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും 21 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് ഡോസുകളിലായി വാക്സിന് ആദ്യം നല്‍കുമെന്നാണ് സൂചന. എന്നാല്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കില്ല. വാക്സിന് സ്വീകരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരടക്കം ആരെയും നിര്‍ബന്ധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ക്ലിനിക്കല്‍ പരിശോധന വഴി ആഗോള, തദ്ദേശീയ തലത്തില്‍ അംഗീകാരം നേടിയ ശേഷമേ വാക്സിന് ഇറക്കുമതി ചെയ്യൂ. ഡിസംബര്‍ അവസാനം മുതല്‍ വാക്സിന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യും. 10 ലക്ഷം ഡോസ് ഫൈസര്‍ വാക്സിന്, 1.7 ദശലക്ഷം മോഡേണ വാക്സിന്, 30 ലക്ഷം ഡോസ് ഓക്സ്ഫോഡ്-ആസ്ട്രസെനിക്ക വാക്സിന് എന്നിവയാണ് ഇറക്കുമതി ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.
കുവൈറ്റില്‍ ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി കുവൈറ്റ് പൗരന്മാര്ക്ക് ഓണ്‍ലൈനില്‍ പോയി വാക്സിന് എടുക്കാന്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സംഘടിപ്പിക്കുന്നതിനുമുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.