കുവൈറ്റില്‍ ഭക്ഷണ വിതരണ കമ്പനികള്‍ക്ക് തിരിച്ചടിയായി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഹോം ഡെലിവറി മോട്ടോര്‍ ബൈക്കുകള്‍ ഒരു കമ്പനിക്ക് 15 എണ്ണമായി പരിമിതപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ലൈസന്‍സില്ലാതെയും ബന്ധപ്പെട്ട കമ്പനിയുടെ സ്പോണ്സര്ഷിപ്പില് അല്ലാതെയും ബൈക്കുക നിരത്തുകളില്‍ ഓടുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താതെ ഓടുന്ന ബൈക്കുകള്‍ അപകടമുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രധാന ഭക്ഷണ വിതരണ കമ്പനികളില്‍ നിലവില്‍ ആയിരക്കണക്കിന് ഹോം ഡെലിവറി സര്‍വീസ് ജോലിക്കാര്‍ ഉള്ളത് കൊണ്ട് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. മലയാളികളക്കം ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകളുടെ ജോലിയെ തീരുമാനം ബാധിച്ചേക്കും. തീരുമാനം കച്ചവടത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി വ്യാപാര സ്ഥാപനങ്ങളും രംഗത്തെത്തി. നൂറിലധികം അംഗീകൃത കമ്പനികളാണ് രാജ്യത്ത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് നല്‍കുന്നതിന് ഡെലിവറി വാഹനങ്ങളുടെ എണ്ണം കുറക്കുന്നത് തിരിച്ചടിയായേക്കും. കോവിഡ് മൂലം നഷ്ടപ്പെട്ട കച്ചവടം ഹോം ഡെലിവറിയിലൂടെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കുകളുടെ എണ്ണം കുറയ്ക്കുന്നത് സാധനങ്ങള്‍ എത്തിക്കാന്‍ കാലതാമസം ഉണ്ടാക്കുമെന്നാണ് റിപോര്‍ട്ട്.
എന്നാല്‍ ബൈക്കുകള്‍ക്ക് പകരം കാറുകള്‍ ഉപയോഗപ്പെടുത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലന്നാണ് ഉടമകള്‍ പറയുന്നത്. ഈ മേഖല വലിയ വരുമാന പ്രതിസന്ധി നേരിടുന്നുണ്ട്. കൂടാതെ, കമ്പനികള്‍ മോട്ടോര്‍ബൈക്ക് വായ്പകള്‍ ബാങ്കില്‍ തിരിച്ചടക്കണം, പുതിയ കാറുകള്‍ വാങ്ങുകയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേടുകയും വേണം. കൂടുതല്‍ സമയം അനുവദിക്കാതെയുള്ള പുതിയ തീരുമാനത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇപ്പോള്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തന്നെ ഹോട്ടല്‍ മേഖലയ്ക്ക് പ്രതിസന്ധിയായി മാറിയിരിക്കുകയാണ് ഇതിനിടയില്‍ ഹോം ഡെലിവറി ബൈക്കിന്റെ കാര്യത്തില്‍ നിയന്ത്രണം വരുന്നത്. ഇതോടെ കെഎഫ്സി, മക്ഡൊണാള്‍ഡ്സ്, തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവരെയും, ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയും സാരമായി ബാധിക്കും.