രാജ്യത്തിനു പുറത്ത് കഴിയുന്ന 40,000 ത്തോളം വിദേശികളുടെ താമസരേഖ റദ്ദാക്കിയതായി കുവൈറ്റ് താമസ കുടിയേറ്റകാര്യ വകുപ്പ്. വിവിധ കാരണങ്ങളാല്‍ രാജ്യത്തിനു പുറത്ത് പോവുകയും മടങ്ങിവരാന്‍ കഴിയാത്ത സാഹചര്യത്തില്‍ താമസരേഖ പുതുക്കാന്‍ നല്കിയ അവസരം പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് താമസാനുമതി നഷ്ടമായത്. ഇത്തരക്കാര്‍ക്ക് ഇനി പുതിയ വിസയില്‍ മാത്രമേ രാജ്യത്തു പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് താമസകാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹമദ് റഷീദ് അല്‍ തവാല പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാനുഷിക പരിഗണന മുന്‍ നിര്‍ത്തിയാണ് മന്ത്രാലയം രാജ്യത്തിനു പുറത്തുള്ളവര്‍ക്ക് താമസരേഖ പുതുക്കുന്നതിനു അവസരം നല്‍കിയത്. രാജ്യത്ത് വിമാന സര്‍വീസ് നിലച്ച പശ്ചാത്തലത്തില്‍ നിലവില്‍ രാജ്യത്ത് ഇല്ലാത്ത വിദേശികളുടെ വിസ പുതുക്കാന്‍ സ്പോണ്സര്, കമ്പനി പ്രതിനിധി എന്നിവര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. ഇതിനു പുറമേ രാജ്യത്തിനകത്തുള്ളവര്‍ക്ക് ഓഗസ്റ്റ് 1 വരെ താമസ രേഖ സ്വമേധയാ ദീര്‍ഘിപ്പിച്ചു നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ 4 ലക്ഷത്തിലേറെ പേര് ഈ സൗകര്യം പ്രയോജനപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇഖാമ വിസ ഫീസ് ഘടനയില്‍ വര്‍ദ്ധനവ് നടപ്പാക്കുമെന്നും ചോദ്യത്തിനുത്തരമായി ബ്രിഗേഡിയര്‍ ഹമദ് റഷീദ് അല്‍ തവാല പറഞ്ഞു.
അതേസമയം ബഹ്റൈനില്‍ സാധുവായതും കാലാവധി കഴിഞ്ഞതുമായ എല്ലാ സന്ദര്‍ശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നാഷണാലിറ്റി, പാസ്പോര്ട്ട്സ് ആന്റ് റസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ) ആണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് രോഗ വ്യാപനം സ്യഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ജൂലൈ 21 മുതല്‍ ഒക്ടോബര്‍ 21 വരെയാണ് ഇതിന് പ്രാബല്യമുണ്ടാകുക.എല്ലാ സന്ദര്‍ശക വിസകളും അപേക്ഷ കൂടാതെ തന്നെ പുതുക്കപ്പെടും.ഒക്ടോബര്‍ 21ന് ശേഷവും ബഹ്റൈനില്‍ തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇ-വിസ പോര്‍ട്ടല്‍ വഴി വിസ പുതുക്കുന്നതിന് അപേക്ഷിക്കാം.