TopTop
Begin typing your search above and press return to search.

കെട്ടിടങ്ങൾ പൂട്ടിയിട്ടാലും വാടക ചോദിച്ചെത്തുന്ന ഉടമസ്ഥർ, കൊറോണക്കാലത്തെ പ്രവാസി വ്യവസായിയുടെ അനുഭവങ്ങൾ

കെട്ടിടങ്ങൾ പൂട്ടിയിട്ടാലും വാടക ചോദിച്ചെത്തുന്ന ഉടമസ്ഥർ, കൊറോണക്കാലത്തെ പ്രവാസി വ്യവസായിയുടെ അനുഭവങ്ങൾ

കൊറോണ മൂലം കേരളത്തിലെ ലോക്ഡൌൺ പോലെ തന്നെ മലയാളികളെ ബാധിക്കുന്ന വിഷയമാണ് ഗൾഫ് രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ. മലയാളികളായ നിരവധി പേരാണ് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്. നാട്ടിലെത്തിയ പലർക്കും തിരിച്ചു ചെന്നാലുള്ള അവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. ഇനിയുണ്ടായേക്കാവുന്ന സാമ്പത്തിക പ്രയാസങ്ങൾ എങ്ങനെയാവും തങ്ങളുടെ ജീവിതത്തെ ബാധിക്കുകയെന്ന ആശങ്കയിലാണ് ഇവർ. അവിടെ ഇപ്പോഴും ജീവിക്കുന്നവർ അടച്ചിട്ട ഗൾഫ് ഉണ്ടാക്കുന്ന ആശങ്കകൾക്കൊപ്പം കഴിയുകയാണ്. ആ ആശങ്ക പങ്കുവെയ്ക്കുകയാണ ് കുവൈറ്റിലുള്ള ദിലീപ് നായർ

11 മണിക്കൂര്‍ കര്‍ഫ്യൂ, അതിനിടയിലാണ് കുവൈറ്റിലെ ജീവിതം. വൈകിട്ട് അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ പുറത്തിറങ്ങാനാവില്ല. മറ്റ് സമയങ്ങളില്‍ കര്‍ഫ്യൂ ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏതാണ്ട് അതുപോലത്തെ തന്നെ സാഹചര്യമാണുള്ളത്. കുവൈറ്റികളില്‍ പലരും മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കേള്‍ക്കുന്ന വിവരം. അവരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ നീക്കുന്നുണ്ട്. അത് പലര്‍ക്കും ആശങ്കയാവുന്നുണ്ട്. ബില്‍ഡിങ്ങുകളെല്ലാം ഉടമസ്ഥര്‍ ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ് പല സ്ഥലത്തും. കുവൈറ്റില്‍ അബ്ബാസിയ എന്ന സ്ഥലമാണ് ഞങ്ങളുടേത്. ഞാന്‍ സ്വന്തമായി കമ്പനി നടത്തുകയാണ്. മെക്കാനിക്കല്‍ , ഇലക്ട്രിക്കല്‍ കണ്‍സ്ട്രക്ഷന്‍ ചെയ്യുന്ന ഇപ്കോ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ്. ഓഫീസില്‍ പോയി വര്‍ക്ക് ചെയ്യാന്‍ ഇപ്പോള്‍ സാധ്യമല്ല. അത്യാവശ്യം ഡോക്യുമെന്റ്സ് എടുക്കാന്‍ ബില്‍ഡിങ് ഉടമസ്ഥര്‍ ബില്‍ഡിങ് തുറന്ന് തരും. വര്‍ക്കെല്ലാം വീട്ടില്‍ നിന്ന് തന്നെ. സ്വകാര്യ കമ്പനികളെല്ലാം ക്രിട്ടിക്കല്‍ അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്. ഇവിടെ രണ്ട് ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലതും ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണ്. ആറ് മാസം സ്‌കൂള്‍ അടച്ചിടേണ്ട അവസ്ഥ അവര്‍ക്ക് താങ്ങാനാവുന്നതല്ല. വരുമാനം ഇല്ലാതായാല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ വഴിയില്ല. പല അധ്യാപകരോടും നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതായാണ് സംസാരിക്കുമ്പോള്‍ ലഭിക്കുന്ന വിവരം. മടങ്ങാന്‍ ഉദ്ദോശിക്കുന്നവര്‍ക്ക് പോവാനും കഴിയുന്ന അവസ്ഥയല്ല. അതുപോലെ തന്നെയാണ് മറ്റ് പലരുടേയും കാര്യം. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരില്‍ പലര്‍ക്കും ടെര്‍മിനേഷന്‍ ലെറ്റര്‍ ലഭിച്ചിരുന്നു. സ്വകാര്യ കമ്പനികളെല്ലാം ജോലിക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി ചെയ്തതാണ്. എന്നാല്‍ അവരുടെയെല്ലാം നോട്ടീസ് പിരീഡ് അവസാനിച്ചിരിക്കുകയാണ്. മൂന്ന് മാസം മുമ്പ് തന്നെ പലരും നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് വരെ എടുത്തു. എന്നാല്‍ അതിന് കഴിയാതെ വരുന്നതോടെ അവരുടെ ജീവിതവും പ്രതിസന്ധിയിലാവും. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് നിലവില്‍ പല സന്നദ്ധ സംഘടനകളും ഭക്ഷണം എത്തിച്ച് നല്‍കുന്നുണ്ട്. എന്നാല്‍ അന്നന്നത്തെ ഭക്ഷണം തന്നെയാവും ഇവിടെ പലരുടേയും പ്രശ്നമായി വരിക.

ബില്‍ഡിങ്ങുകള്‍ ലോക്ക് ഡൗണ്‍ ചെയ്തെങ്കിലും ഉടമസ്ഥര്‍ കൃത്യമായി വാടക ചോദിച്ച് എത്തുന്നുണ്ട്. അവരില്‍ നിന്നുള്ള സപ്പോര്‍ട്ട് വളരെ കുറവാണ്. ഞങ്ങള്‍ താമസിക്കുന്നതിന് തൊട്ടടുത്തുള്ള അപ്പാര്‍ട്മെന്റില്‍ അവരുടെ ഉടമസ്ഥന്‍ വാടക 350 ദിനാറില്‍ നിന്ന് 200 ദിനാറാക്കി കുറച്ചു. പക്ഷെ ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥന്‍ അക്കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. പതിനൊന്നിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് എനിക്കുള്ളത്. ഇവിടെ രോഗവ്യാപന സാധ്യതയുണ്ടെന്ന് അറിഞ്ഞ് അവരുടെ സ്‌കൂള്‍ അടച്ച സമയത്ത് തന്നെ രണ്ട് പേരേയും നാട്ടിലേക്കയച്ചു. ഇപ്പോള്‍ ദിവസവും വൈകിട്ട് ഞങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് കോള്‍ വഴി ക്വിസ് ഒക്കെ നടത്തി, അതിലൊക്കെ സന്തോഷം കണ്ടെത്തി മുന്നോട്ട് പോവുന്നു.


Next Story

Related Stories