TopTop
Begin typing your search above and press return to search.

ലോക കേരളസഭ ശരിയായ ദിശയിലോ? വെല്ലുവിളികളും വിവാദങ്ങളും

ലോക കേരളസഭ ശരിയായ ദിശയിലോ? വെല്ലുവിളികളും വിവാദങ്ങളും

തൊഴിൽ തേടിയുള്ള മലയാളികളുടെ യാത്രകൾക്ക് നമ്മുടെ സംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ കുടിയേറ്റങ്ങൾ. കേരള ജനസംഖ്യയുടെ പത്തിൽ ഒന്നു പ്രവാസികളാണ്, സംസ്ഥാനത്തിന്റെ അഭ്യന്തരോത്പാദനത്തിന്റെ 36 ശതമാനത്തോളവും ഇവരുടെ സംഭാവനയുമാണ്. ഈ കണക്കുക്കള്‍ മുന്നിൽ കണ്ട് കൊണ്ടായിരുന്നു കേരള സര്‍ക്കാർ മുന്‍കയ്യെടുത്ത് പ്രവാസികൾക്കായി ലോക കേരള സഭ എന്ന ആശയം മുന്നോട് വച്ചത്. ജൻമനാട്ടിൽ ജനാധിപത്യാത്മകമായ ഒരു ആഗോള സഭ. അതായിരുന്നു ലോക കേരള സഭ.

ലോകത്ത് അങ്ങോളമിങ്ങോളമുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോൽസാഹിപ്പിക്കുകയും കേരള സംസ്കാരത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും പുരോഗമനാത്മകമായ വികസനത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ലോക കേരള സഭമുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം.

2018 ജനുവരി 12, 13 തീയ്യതികളിലായിരുന്നു സഭയുടെ ആദ്യ സമ്മേളനം നടന്നത്. കേരളത്തിന്റെ ഭാവി വികസനത്തിനും പ്രവാസികളുടെ ക്ഷേമവുമായിരുന്നു ലോക കേരള സഭയുടെ പ്രധാന ലക്ഷ്യം. പ്രവാസികളുടെ സുരക്ഷ, ഭാവി, പുനരധിവാസം എന്നിവയ്ക്ക് മുതൽക്കൂട്ടാവുന്ന ഒട്ടേറെ ആശയങ്ങളും പരിപാടികളും സഭ മുന്നോട്ട് വച്ചു. ഇവ നടപ്പാക്കാൻ കർമ്മ പദ്ധതിയും രൂപീകരിച്ച് നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെ വീണ്ടും ലോകകേരള സഭ സമ്മേളിക്കുകയാണ്. 2020 ജനുവരി 2, 3 തീയ്യതികളിലാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നടക്കുന്നത്. ഈ സാഹചര്യത്തിൽ വിശാല കാഴ്ചപ്പാടിൽ സഭ മുന്നോട്ട് വച്ച ആശയങ്ങൾക്ക് എന്ത് സംഭവിച്ചു, ഭാവിയിലെ പ്രവർത്തനങ്ങൾ എന്തായിരിക്കും എന്നിവയെ കുറിച്ചും ചർ‌ച്ചകൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ലോക കേരള സഭ ഒരു വർഷം പൂർത്തീകരിക്കുമ്പോൾ അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ വിരമിക്കും. നിയമാവലി പ്രകാരം പകരം അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുള്‍പ്പെടെ ഉള്ള പ്രവർത്തികളാണ് മുന്നിലുള്ളത്. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ പരമാവധി രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്ന രീതിയില്‍ വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. രണ്ടാം സമ്മേളനത്തിന്റെ സംഘാടക സമിതിയോഗത്തിലായിരുന്നു മുഖ്യമന്ത്രി ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- 'ഒന്നാം ലോക കേരള സഭയുടെ നിര്‍ദേശങ്ങള്‍ ഗൗരവകരമായി സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. ഇവ നടപ്പിലാക്കുന്നതിള്ള പ്രവർത്തനങ്ങൾ ഭരണ തലത്തിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ സമ്മേളനത്തില്‍ ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി മുന്നോട്ടുവച്ച പ്രവാസികളില്‍ നിന്ന് ഓഹരി മൂലധനം സംഭരിച്ച് നിക്ഷേപ കമ്പനിയുണ്ടാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കി. വിദേശ മലയാളികളുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കമ്പനി രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ദുബായിയില്‍സംഘടിപ്പിച്ച ചെറുകിട-ഇടത്തരം സംരംഭകരുടെ സമ്മേളനം പ്രതീക്ഷി ച്ചതിലധികം വിജയമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജനുവരിയില്‍ രണ്ടാം ലോക കേരള സഭ സമ്മേളനത്തിനു ശേഷം കൊച്ചിയില്‍ നിക്ഷേപ സമ്മേളനം സംഘടിപ്പിക്കുന്നത്'.

ഒന്നാം ലോക കേരള സഭയുടെ ഒന്നാം സമ്മേളനം പത്ത് വിഷയങ്ങളായിരുന്നു ചർച്ച ചെയ്തത്. സമ്മളത്തിൽ ഉയർന്ന് വന്ന നിർദേശങ്ങൾ 48 ശുപാർശകളാക്കി വിഭജിക്കുകയും ഇതിൽ പത്തെണണ്ണം നടപ്പാക്കാൻ വർദേശിക്കുകയുമാണ് ഉണ്ടായത്. ഇതിൽ എട്ടെണ്ണവും അന്തിമ ഘട്ടത്തിലാണെന്നാണ് സർക്കാർ അവകാശപ്പെടുന്നു. നിക്ഷേപം, ക്ഷേമം, നൈപുണ്യം, കലാ-സാംസ്‌കാരികം എന്നീ നാല് ഇനങ്ങളിലായാണ് പത്ത് ശുപാർശകൾ.

1.നിക്ഷേപ മേഖല

എൻ.ആർ.ഐ. ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപവത്കരണം

പ്രവാസി സഹകരണ സൊസൈറ്റി രൂപവത്കരണം

പ്രവാസി ബാങ്ക്

പ്രവാസി നിർമാണ കമ്പനി

2. ക്ഷേമപദ്ധതികൾ

പ്രവാസി വനിതാ സെൽ

മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ, പ്രീ എംബാർക്ക്‌മെന്റ് ഓറിയന്റേഷൻ സെന്റർ

3. നൈപുണിവികസനം

നൈപുണി വികസനത്തിന് ഹൈപവർകമ്മിറ്റി രൂപവത്കരണം

ഇന്റർനാഷനൽ മൈഗ്രേഷൻ സെന്റർ രൂപവത്കരണം

4. കല, സാംസ്കാരികം

പ്രവാസി യുവജനോത്സവം സംഘടിപ്പിക്കുക

പ്രവാസികൾക്കായി പ്രസിദ്ധീകരണങ്ങൾ

ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കുകയെന്നത്. ഇതിനായി ടൂറിസം, എയര്‍പോര്‍ട്, എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, മരുന്നുകള്‍/മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപത്തിനായി ഒരു കമ്പനി അടുത്തിടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി ഒരു മാതൃ കമ്പനിയായി രൂപീകരിച്ചത്.

ഇതിന് പുറമെ, ലോക കേരള സഭയുടെ ഏഴു വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ വിശദമായ പഠനം നടത്തിയും ചില ശുപാർശകൾ സഭാ നാഥനായ മുഖ്യന്ത്രിക്ക് സമർപ്പിച്ചിരുന്നു. നവ കേരള നിർമാണം ഉൾപ്പെടെ ലക്ഷ്യമിട്ട് വികസനനിധി രൂപീകരണവും നടത്തിപ്പും, ലോക കേരള സഭ തുടര്‍സമ്മേളനങ്ങളുടെ നടപടിക്രമങ്ങളും ചിട്ടകളും എന്നിവയ്ക്കുള്ള നയസമീപന നിര്‍ദേശങ്ങളുടെ രൂപീകരണം സംബന്ധിച്ച ശുപാര്‍ശ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ രവിപിള്ളയാണ് സമർപ്പിച്ചത്.

സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഇവയ്ക്ക് മതിയായ സുരക്ഷയൊരുക്കുന്നതിനുമുള്ള നിര്‍ദേശങ്ങളുടെ രൂപീകരണം സംബന്ധിച്ച ശുപാര്‍ശ പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലിയാണ് മുന്നോട്ട് വച്ചത്. പ്രവാസി പുനപരധിവാസ പദ്ധതികള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും രൂപീകരണം സംബന്ധിച്ച ശുപാര്‍ശ ആസാദ് മൂപ്പനും തയ്യാറാക്കി നൽകി.

പ്രവാസത്തിന് തയ്യാറെടുക്കുന്നവര്‍ക്കും പ്രവാസികള്‍ക്കും സംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള നയരൂപീകരണം സംബന്ധിച്ച ശുപാര്‍ശയായിരുന്നു സി.വി. റപ്പായി അധ്യക്ഷനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമർപ്പിച്ചത്. മറ്റു രാജ്യങ്ങളിലെ തൊഴില്‍സാധ്യതയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെയും മികച്ച തൊഴിലുകള്‍ക്കായുള്ള വര്‍ധിച്ച മത്സരത്തിന്റെയും സാഹചര്യം നേരിടുക എന്നതായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. വനിതാ പ്രവാസികളുടെ സുരക്ഷിത കുടിയേറ്റം ഉറപ്പാക്കുന്നതിനുമായി കുടിയേറ്റ നിയമരൂപീകരണം സംബന്ധിച്ച ശുപാര്‍ശകളായിരുന്നു സുനിതാ കൃഷ്ണന്‍ ചെയർമാനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശകളിലുള്ളത്. പ്രവാസ സമൂഹത്തിന്റെ സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കാനുള്ള നിർദേശങ്ങളും കമ്മിറ്റി മുന്നോട്ട് വച്ചിരുന്നു.

സാഹിത്യകാരൻമാരായ കെ. സച്ചിദാനന്ദൻ, ബെന്യാമിന്‍ എന്നിവരുടെ ശുപാർശകളും മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. കേരളത്തിന്റെ കലാ, സാംസ്‌കാരിക സമ്പന്നത ലോകം മുഴുവന്‍ വിളംബരം ചെയ്ത് വിവിധ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും രൂപീകരണം. ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ കേരളീയരായ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെയും അതത് സംസ്ഥാന സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ എന്നിവയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

ഒന്നാം സമ്മേളനത്തിന്റെ നിർദേശങ്ങൾ, സ്വീകരിച്ച നടപടികൾ തുടങ്ങി ആഗോള കുടുയേറ്റ ഭൂപടത്തിൽ വന്നുകൊണ്ടികരിക്കുന്ന മാറ്റങ്ങള്‍ എന്നിവ ഉൾപ്പെടുത്തി സഭാ നേതാവായ മുഖ്യമന്ത്രി മേശപ്പുറത്ത് വയ്ക്കുന്ന സമീപന രേഖ അടിസ്ഥാനമാക്കിയായിരിക്കും രണ്ടാം സമ്മേളത്തിലെ ചർച്ചകൾ പുരോഗമിക്കുന്നത്. ഇതിനുള്ള വിഷയങ്ങളും ധാരണയായിട്ടുണ്ട്.

പ്രവാസരംഗത്തെ വെല്ലുവിളികൾ, പരിഹാരങ്ങളും കേരള വികസനത്തിന് തുറന്നിടുന്ന സാധ്യകളും സമ്മേളനം പരിശോധിക്കും. കൂടാതെ ലോക കേരളത്തിന്റെ സംഘ ശക്തിയെ കുടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങള്‍ ഉപ്പെട്ട രണ്ടാം സമ്മേളനത്തിന് മുന്നിലെത്തും.

രണ്ടാം സമ്മേളനത്തിന്റെ പ്രധാന പരിഗണന വിഷയങ്ങൾ.

ലോക മെമ്പാടുമുള്ള മലയാളികളെ തമ്മിലും സംസ്ഥാനവുമായി ചേർത്ത് നിർത്തുക. സർക്കാറിന്റെ നേതൃത്വത്തിൽ പ്രവാസികളെ കേരളവുമായി ചേർത്തുനിർത്തുക. പ്രവാസികളുടെ അറിവും കഴിവും സംസ്ഥാന വികസനത്തിനും നവ കേരള സൃഷ്ടിക്കും ഫലപ്രഥമായി ഉപയോഗിക്കുക. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണുക, പ്രവാസികളോടുള്ള സർക്കാറിന്റെ ഉത്തരവാദിത്വം നിവേറ്റുക. വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന സാമ്പത്തിക ഭദ്രതയില്ലാത്തവരുടെ ഉള്‍പ്പെടെ പുനരധിവാസവും ക്ഷേമവും ഉറപ്പ് വരുത്തുക. പ്രവാസ പാരമ്പര്യത്തിലൂടെ കേരളം സ്വന്തമാക്കിയ ഗുണഫലങ്ങൾ അടയാളപ്പെടുത്തുക. പ്രവാസം പ്രോൽസാഹിപ്പിക്കുകയും സുരക്ഷിത പ്രവാസം സാധ്യമാക്കുകയും ചെയ്യുക. വിദേശത്തെ കേരളീയരെ കുറിച്ചുള്ള സമഗ്രവിവരം തയ്യാറാക്കുക. ആഗോള തലത്തിലെ തൊഴിൽ രംഗം നിരീക്ഷിച്ച് കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുക. കുടിയേറ്റം, പ്രവാസം എന്നിവയില്‍ കേന്ദ്ര നയത്തിന്റെ ആവശ്യകത. വരുകാലത്തിന് ആവശ്യമായ തൊഴിൽ വിദഗ്ദ പരിശീലനം നൽകുക. സാമ്പത്തിക പിന്നോക്കവാസ്ഥ നേരിടുന്നവർക്ക് പ്രവാസത്തിന് അവസരം ഒരുക്കൽ. പ്രവാസികളുടെ സംരക്ഷണത്തിന് ക്ഷേമനിധി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുക എന്നിവയ്ക്കൊപ്പം ആഗോളതലത്തിൽ മലയാള ഭാഷ, കല, സാഹിത്യം, സംസ്കാരം തുടങ്ങിവയുടെ സംരക്ഷണവും പ്രചാരണവും പ്രോൽസാഹിപ്പിക്കുക. ഇവയ്ക്ക് ഡിജിറ്റല്‍ വിപണന സാധ്യത പരിശോധിക്കുക എന്നിവയാവും സഭ മുൻഗണന നൽകി പരിശോധിക്കുക.

ലോക കേരള സഭയുടെ രൂപം.

ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാധിനിത്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതു സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ എന്നിവ പരിഗണിച്ചാവും സഭാംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുക. പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളില്‍ നിന്ന് മേഖല മാനദ്ണ്ഡങ്ങള്‍ അനുസരിച്ച് അംഗങ്ങളുടെ പാനല്‍ തയാറാക്കുന്നത് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ടസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ജനറല്‍ മാനേജര്‍ എന്നിവര്‍ ആയിരിക്കും.

351 ആണ് ലോക കേരള സഭയുടെ അംഗബലം. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 173 പേര്‍ ഒഴികെയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. ഇതാണ് ലോക കേരള സഭയുടെ പ്രാഥമിക രൂപം.

ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദശം ചെയ്യുക. ഇതില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 100 പേര്‍ പുറം രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയ ആറുപേരും വിവിധ മേഖലകളില്‍ നിന്നുള്ള 30 പ്രമുഖ വ്യക്തികളും സഭയിലുണ്ടാവും. വെസ്റ്റ് ഏഷ്യ – 40, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ – 20, അമേരിക്കൻ വൻകര – 10, യൂറോപ്പ് – 15, ഇതര രാജ്യങ്ങള്‍ – 15 എന്നിങ്ങനെയാണ് ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള മലയാളികളുടെ പ്രാതിനിധ്യം.

സംസ്ഥാന മുഖ്യമന്ത്രിയാണ് സഭയുടെ നേതാവ്. ഉപനേതാവ് പ്രതിപക്ഷ നേതാവ് ഉപനേതാവിന്റെ സ്ഥാനവും വഹിക്കും. ചീഫ് സെക്രട്ടറിയാണ് സഭയുടെ സെക്രട്ടറി ജനറല്‍. നിയമസഭ സ്പീക്കറുടെ അദ്ധ്യക്ഷതയില്‍ ഏഴ് അംഗ പ്രസീഡിയം സഭാനടപടികള്‍ നിയന്ത്രിക്കും. സഭാ നേതാവ് നില്‍ദേശിക്കുന്ന പാര്‍ലമെന്റ് അംഗം, നിയമസഭാംഗം, ഇതര സംസ്ഥാനങ്ങള്‍, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓരോ അംഗം വീതവും ഉള്‍പ്പെടുന്നതായിരിക്കും പ്രസീഡിയം.

കേരള സർക്കാരും പ്രവാസികളും-

പ്രവാസികൾക്കായി സര്‍ക്കാർ ഇതിനോടകം നിരവധി പദ്ധതികളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. കേരള വികസനത്തിൽ പ്രവാസികളെ പങ്കുചേർക്കുന്നതിനായുള്ള സംരംഭങ്ങളായ പ്രവാസിമിത്രം, പ്രവാസ കേരളം, പ്രവാസിക്കൂട്ടം എന്നിവയാണ് ഇതിൽ പ്രധാനം. കൂടാതെ പ്രവാസം മതിയാക്കി മടങ്ങിയെത്തുന്നവർക്ക് പുനരധിവാസ പദ്ധതി, പലിശ സബ്സിഡി. ഇത്തരക്കാർക്കുള്ള സഹായ പദ്ധതിയായ സ്വാന്ത്വന. മാസ വരുമാനം ഉറപ്പാക്കാൻ ഡിവിഡന്റ് പദ്ധതി. 500 രൂപയായിരുന്ന പ്രവാസി പെൻഷൻ 2000 രൂപയാക്കി ഉയർത്തൽ. പ്രവാസ് ക്ഷേമനിധി, വിമാനയാത്രാക്കൂലി ഉളവിനുള്ള നോർക്കയുടെ ഇടപെടൽ. സുതാര്യമായ വിദേശ റിക്രൂട്ടിങ്ങ്, കൂടുതൽ പേർക്ക് വിദേശ തൊഴിൽ അവസരം. തൊഴിൽ വൈദഗ്ദ്യം ഉറപ്പാക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പരിശീലനം. നോർക്ക റൂട്ട്സ്- ഒടേപെക് ഇടപെടലിലൂടെ രണ്ടായിരത്തിലേറെ നഴ്സുമാർക്ക് ജോലി. പ്രവാസി സമ്പാദ്യം സംസ്ഥാന വികസന പദ്ധതികൾക്ക് ഉപയോഗിക്കാൻ കഴിയും വിധത്തിൽ പ്രവാസി ചിട്ടികൾ, എൻആർഐ ഇൻവെസ്റ്റ്മെന്റ് കമ്പനി. പ്രവാസി നിക്ഷേപം പ്രോൽസാഹിപ്പിക്കാനുള്ള സംവിധാനം. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് പദ്ധതി. നോര്‍ക്ക എമർജൻസി ആംബുലൻസ് സർവ്വീസ്. പൊതുമാപ്പ് ഉൾപ്പെടെ ഉപയോഗപ്പെടുത്തി മടങ്ങുന്നവർക്ക് നാട്ടിലെത്താൻ സഹായം എന്നിയ്ക്ക് അപ്പുറത്ത് സർക്കാറിന്റെ മികച്ച് പ്രവാസി പദ്ധതികളിൽ ഒന്നായാണ് ലോക കേരള സഭയെയും വിലയിരുത്തുന്നത്.

അതേസമയം, പ്രവാസി ക്ഷേമത്തിനായി തയ്യാറാക്കിയ ലോക കേരള സഭ ആഡംബരത്തിന്റെ പര്യായമായിമാറിയെന്നാണ് പ്രതിപക്ഷത്തിന്റെ പുതിയ ആരോപണം. രണ്ട് വര്‍ഷം കൊണ്ട് പ്രവാസി മലയാളികള്‍ക്കും സര്‍ക്കാരിനും പ്രയോജനമില്ലാത്ത വേദിയായി മാറിയിരിക്കുകയാണ് ലോക കേരള സഭയെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രവാസികള്‍ക്ക് ഒരു സഹായവും നല്‍കാതെ അവരെ ആത്മഹത്യയിലേക്കും പ്രയാസങ്ങളിലേക്കും തള്ളിവിടുന്ന സര്‍ക്കാര്‍ ലോക കേരള സഭ നടത്തുന്നതില്‍ എന്ത് കാര്യമാണുള്ളതെന്ന ചോദിക്കുന്ന അദ്ദേഹം ലോക കേരള സഭയും ഒരു പൊള്ളയായ സംരംഭമാണെന്നും വ്യക്തമാക്കുന്നു. അത് കൊണ്ട് തന്ന രണ്ടാം ലോക കേരളസഭ ബഹിഷ്കരിക്കാനാണ് യു ഡി എഫിന്റെ തീരുമാനമെന്ന് സഭയുടെ ഉപാധ്യക്ഷൻ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു.


Next Story

Related Stories