യുഎഇയില്‍ കുട്ടിയെ തല്ലിയതിന് വിദേശിക്ക് പിഴയും ജയില്‍ ശിക്ഷയും വിധിച്ചു. ഷോപ്പിങ് മാളില്‍ വെച്ച് അപരിചിതനായ കുട്ടി മാന്യമല്ലാത്ത പ്രവൃത്തി കാണിച്ചുവെന്ന കാരണത്താല്‍ കുട്ടിയെ തല്ലി പരിക്കേല്പിച്ചതിന് വിദേശിക്ക് ഫുജൈറ കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം (3.85 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയുമാണ് വിധിച്ചത്.
ഷോപ്പിങ് മാളിലെ ടോയ്ലറ്റില് കയറിയ സമയത്ത്, കൂട്ടുകാര്‍ക്കൊപ്പം അവിടെയെത്തിയ കുട്ടി വാതില്‍ ബലമായി തുറന്നതാണ് പ്രശ്നങ്ങള്‍ കാരണമായത്. അകത്ത് ആളുണ്ടെന്ന് മനസിലായിട്ടും ബലമായി വാതില്‍ തുറന്നപ്പോള്‍ തനിക്ക് ദേഷ്യം വന്നു. കുട്ടിയെ ഉപദ്രവിക്കണമെന്ന് വിചാരിച്ചിരുന്നില്ല. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശിക്ഷിച്ചത് - പ്രതി പറഞ്ഞു. കുട്ടിയെ അപമാനിച്ചില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. ടോയ്ലറ്റിലെ വാതിലില്‍ മുട്ടിയപ്പോള്‍ അത് ലോക്ക് ചെയ്തിരുന്നതിനാല്‍ താന്‍ മറുപടിയൊന്നും പറഞ്ഞില്ല. എന്നാല്‍ തന്നെ അപമാനിക്കാനായി വാതില്‍ ബലമായി തുറക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു ഇത് ചെയ്തതെന്നും പ്രതി പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളൊക്കെ നിരസിച്ച് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.