TopTop
Begin typing your search above and press return to search.

പ്രവാസലോകത്ത് അരങ്ങിന്റെ സ്പന്ദനങ്ങള്‍ വീണ്ടെടുത്ത കലാകാരന്‍; പ്രതിസന്ധികളെ അതിജീവിച്ച് അന്‍സാര്‍ ഇബ്രാഹിം നടന്നുവന്ന വഴികള്‍

പ്രവാസലോകത്ത് അരങ്ങിന്റെ സ്പന്ദനങ്ങള്‍ വീണ്ടെടുത്ത കലാകാരന്‍; പ്രതിസന്ധികളെ അതിജീവിച്ച് അന്‍സാര്‍ ഇബ്രാഹിം നടന്നുവന്ന വഴികള്‍

പ്രവാസ ലോകത്ത് അരങ്ങിന്റെ സ്പന്ദനങ്ങള്‍ക്ക് വീണ്ടെടുപ്പ് നടത്തുന്ന നാടക സംവിധായകന്‍, മസ്‌ക്കറ്റില്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കലാകാരന്‍, ഗള്‍ഫില്‍ ആദ്യമായി ലൈവ് നാടകങ്ങളും അതിന്റെ ദൃശ്യവിഷ്‌കാരവും അവതരിപ്പിച്ച, 'തിയേറ്റര്‍ ഗ്രൂപ്പ് മസ്‌ക്കറ്റ്' എന്ന നാടക കൂട്ടായ്മ ഉണ്ടാക്കിയ... ; ഒമാനിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ പരിശീലകനും കൊല്ലം സ്വദേശിയുമായ അന്‍സാര്‍ ഇബ്രാഹിമിന് പ്രവാസ ലോകത്ത് വിശേഷണങ്ങള്‍ ഏറെയാണ്. പ്രവാസലോകത്തെ നാടക രംഗത്തിന് നല്‍കി വരുന്ന സമഗ്രസംഭാവനയ്ക്കുള്ള ആദരവായി അന്‍സാറിനെ ഈ വര്‍ഷത്തെ തിലകന്‍ സ്മാരക വേദിയുടെ 'തിലകന്‍ സ്മാരക പുരസ്‌കാര'ത്തിന് തെരഞ്ഞെടുത്തിരിക്കുകയാണ്. നാട്ടില്‍ പോലും നാടകപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി നേരിടുന്ന കാലത്ത് പ്രവാസിയായി ഒമാനിലെത്തി, ജോലിത്തിരക്കുകള്‍ക്കിടയിലും നാടക അഭിരുചിയുള്ള കലാകാരന്‍മാരെ കണ്ടെത്തി നാടകപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തയാളാണ് അന്‍സാര്‍ ഇബ്രാഹിം. ഒമാനിലെ മസ്‌കറ്റില്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്ലസ് ടു അധ്യാപകനായി ജോലി ചെയ്യുകയാണ് അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയില്‍ കൂടി തന്റെ നാടക യാത്രകള്‍ക്ക് തുടക്കം കുറിച്ചു. ഒമാനില്‍ കേരള സംഗീതനാടക അക്കാദമി പ്രവാസികള്‍ക്കായി സംഘടിപ്പിച്ച നാടക മത്സരത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, കേരള വിങ്ങിനു വേണ്ടി മൃഗതൃഷ്ണ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് മസ്‌കറ്റില്‍ നാടക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് 'മധുരിക്കും ഓര്‍മകളെ' എന്ന മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണര്‍ത്തിയ നാടക ഗാനങ്ങളിലൂടെ ഒരു സര്‍ഗ്ഗ സഞ്ചാരം. നാടക പരിശീലത്തിനും നാടക പ്രവര്‍ത്തനങ്ങള്‍ക്കുമായി 2015ല്‍ തിയേറ്റര്‍ ഗ്രൂപ്പ് മസ്‌കറ്റ് എന്ന നാടക കൂട്ടായ്മ ഉണ്ടാക്കി. 2015 യില്‍ തന്നെ തിയേറ്റര്‍ ഗ്രൂപ്പ് മസ്‌ക്കറ്റിന് വേണ്ടി പ്രവാസ ലോകത്ത് തോപ്പില്‍ ഭാസിയുടെ , കെ പി എ സി നാടകം 'അശ്വമേധം' സംവിധാനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ചെത്തിയ തന്റെ കലാപ്രവര്‍ത്തനങ്ങളുടെ കഥ അഴിമുഖത്തോട് പങ്കുവെയ്ക്കുകയാണ് അന്‍സാര്‍ ഇബ്രാഹിം.

അന്‍സാര്‍ ഇബ്രാഹിമിന്റെ ഒരു ദിവസം

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഒമാനിലെ മസ്‌കറ്റില്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്ലസ്ടു കായികാധ്യാപകനും ഫുട്‌ബോള്‍ പരിശീലകനുമാണ്. എന്റെ ഒരു ദിവസം രാവിലെ ആറു മണിക്ക് ഗ്രൗണ്ടില്‍ ആരംഭിക്കും. പ്രത്യേകിച്ച് ക്യാമ്പുകളും മറ്റും ഉണ്ട്. 19 വയസില്‍ താഴെയുള്ള അണ്ടര്‍ 19 ടീമിനെയാണ് ഞാന്‍ പരിശീലിപ്പിക്കുന്നത്. അത് കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടു മണിയാകുമ്പോള്‍ റെഗുലര്‍ സ്‌കൂള്‍ കഴിഞ്ഞാല്‍ വീട്ടില്‍ വന്ന് ഒരു മണിക്കൂര്‍ വിശ്രമം. നാലു മണിയോടെ വീണ്ടും കോച്ചിംഗ് ഉണ്ട്, അത് ആറുമണി വരെ നീളും. പിന്നീട് വീട്ടിലെത്തി ഏഴ് മണിയോടെ നാടക റിഹേഴ്‌സല്‍ ക്യാമ്പിലേക്ക് പോകുകയാണ്. എട്ട് മണിക്ക് റിഹേഴ്‌സല്‍ തുടങ്ങിയാല്‍ 11.00 മണി വരെ തുടര്‍ച്ചയായ റിഹേഴ്‌സലാണ്. തിരിച്ച് വീട്ടിലെത്തുമ്പോള്‍ 12.00 മണി. പിറ്റേ ദിവസം പുലരുമ്പോള്‍ ആറ് മണിക്ക് ഗ്രൗണ്ടിലെത്തും. ഈ രിതിയിലാണ് ആറ് മാസം കഴിഞ്ഞ് പോകുന്നത്. ഇതിനുള്ളില്‍ കിട്ടുന്ന വെള്ളിയും ശനിയും പൊതു അവധി ദിവസങ്ങളിലും നാടകപ്രവര്‍ത്തനങ്ങള്‍ തന്നെ. കുടുംബവുമായി മാസങ്ങളോളം ബന്ധമില്ലാതെ ഞാനും ഒപ്പമുള്ള കലാകാരന്‍മാരും അണിയറപ്രവര്‍ത്തകരും വലിയ സാഹസം തന്നെയാണ് ചെയ്യുന്നത്. എനിക്ക് കിട്ടിയ നേട്ടങ്ങള്‍ എല്ലാം എന്നോട് സഹകരിച്ച എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.

എന്നെ സംബന്ധിച്ചിടത്തോളം അമച്വര്‍ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുമായി നാട്ടില്‍ വളരെ കാലം മുന്നേ ബന്ധമുണ്ടായിരുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുമായുള്ള പരിചയം, തെരുവ് നാടകരംഗത്തുള്ള പരിചയം, ഇതിലൂടെയൊക്കെയാണ് നാടകം മനസില്‍ കൊണ്ട് നടക്കുകയും താലോലിക്കുകയും ഒക്കെ ചെയ്തത്. പക്ഷെ ഗള്‍ഫില്‍ വന്നതിന് ശേഷം ഞാന്‍ മനസിലാക്കിയത്, നാടകാനുഭവങ്ങളിലൂടെ കടന്ന് വരികയും നാട്ടിലുള്ളതിനെക്കാള്‍ കൂടുതല്‍ നാടകത്തെ സ്‌ഹേിക്കുകയും ഇഷ്ടപ്പെടുകയും നാടകത്തിന്റെ സര്‍വസവും സിരകളില്‍ ആവാഹിച്ചുകൊണ്ട് നടക്കുന്ന ഒരു പറ്റം കലാകാരന്‍മാരുള്ള ഒരു മേഖലയാണ് പ്രവാസ ലോകം എന്നാണ്. പ്രത്യേകിച്ച് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനോ അല്ലെങ്കില്‍ അവരെ സഹായിക്കാനോ അവരുടെ നൈസര്‍ഗികമായിട്ടുള്ള വാസനകള്‍ കാണിക്കുന്നതിനോ ഉള്ള വേദികളൊന്നും ഗള്‍ഫില്‍ സാധാരണ ഉണ്ടാകാറില്ല. ദൈനംദിനമായിട്ടുള്ള, വളരെ യാന്ത്രികമായി ജീവിക്കുന്ന മേഖലയാണ് പ്രവാസം. പല നാടുകളില്‍ നിന്ന് ജീവിക്കാന്‍ വേണ്ടി പല ജോലികള്‍ ചെയ്യുന്നവര്‍. ചിലര് അതിശക്തമായ ചൂട് പോലും സഹിച്ച് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍. അല്ലെങ്കില്‍ ആതുരശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നവര്‍... അങ്ങനെ പലരും പല രീതിയില്‍. പക്ഷെ ഇവരെ എല്ലാം കൂട്ടിയോജിപ്പിക്കാനോ അവരുടെതായോ വാസനകള്‍ കാണിക്കാനും ഒരു കൂട്ടായ്മ ഇല്ലായിരുന്ന കാലത്താണ് ഞാന്‍ ഗള്‍ഫില്‍ എത്തുന്നത്. ഇതില്‍ നിന്നുള്ള തിരിച്ചറിവാണ് ഞാന്‍ നേതൃത്വം കൊടുത്ത് ഉണ്ടാക്കിയെടുത്ത 'തിയേറ്റര്‍ ഗ്രൂപ്പ് മസ്‌ക്കറ്റ്' എന്ന നാടക സമിതി അല്ലെങ്കില്‍ നാടക കൂട്ടായ്മ. അത് വന്നതിന് ശേഷമാണ് ചെറിയൊരു നാടക പാഠ്യ പദ്ധതി രീതിയില്‍ കലാകാരന്‍മാരെ എത്തിക്കുന്നത്. അങ്ങനെ തുടങ്ങിയ സമയത്താണ് അതിശയപ്പെടുത്തുന്ന വിധം ഒരുപാട് കഴിവുള്ള കലാകാരന്‍മാര്‍ പ്രവാസലോകത്ത് ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. പിന്നെയാണ് ഈ സമിതിയിലൂടെ ആദ്യമായിട്ട് ഒരു പ്രഫഷണല്‍ നാടകം നടത്തണമെന്ന തീരുമാനത്തിലെത്തിയത്. അങ്ങനെ കെപിഎസിയുടെ വിഖ്യാതമായിട്ടുള്ള, നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ 'അശ്വമേധം' അരങ്ങത്ത് എത്തിച്ചു. പ്രവാസ ലോകത്തെ കലാകാരന്‍മാര്‍ അവരുടെ തൊഴില്‍സമയത്തിന് ശേഷം കുടുംബവുമായി കഴിയേണ്ട സമയമാണ് യാതൊരു ലാഭേച്ഛയുമില്ലാതെ നാടകത്തിന് വേണ്ടി കരുതിവെച്ചത്. നാല് മുതല്‍ അഞ്ച് മാസം വരെ തുടര്‍ച്ചയായ റിഹേഴ്‌സല്‍ ക്യാമ്പുകളിലൂടെ കിട്ടുന്ന ഊര്‍ജമാണ് വിവിധ വേദികളില്‍ അവര്‍ അവതരിപ്പിച്ചത്. ദൈവീകമായിട്ട് കലയെ കാണുന്ന ഒരു പറ്റം കലാകാരന്‍മാരാണ്‌ എന്നോടൊപ്പമുള്ളത്.

എന്നെ പ്രോത്സാഹിപ്പിക്കുകയും ഈ നാടകങ്ങളൊക്കെ ചെയ്യിപ്പിക്കുകയും ചെയ്തത് എന്നോടൊപ്പം നില്‍ക്കുന്ന പ്രവാസി കലാകാരന്‍മാരാണ്. 1962 ല്‍ എഴുതി അവതരിപ്പിച്ച നാടകമാണ് 'അശ്വമേധം'. അതൊന്നും എല്ലാവര്‍ക്കും കാണാനോ കൂടുതല്‍ അറിയാനോ കഴിഞ്ഞിരുന്നില്ല. കാരണം ഇന്നത്തെ തലമുറയ്ക്ക് ഈ നാടകങ്ങളിലുള്ള അംശങ്ങള്‍ അന്യമാണ്. ആ കാലഘട്ടങ്ങളിലെ ജീവിത രീതികള്‍, ഭാഷയിലുള്ള വ്യത്യാസങ്ങള്‍, അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതി, അക്കാലത്തെ വേഷങ്ങള്‍ എല്ലാം പുതിയ തലമുറയെ പരിചയപ്പെടുത്തുക, ആ കാലത്തേക്ക് അവരെ കൊണ്ടുപോകുക എന്നതൊക്കെ ആയിരുന്നു ലക്ഷ്യങ്ങള്‍. എന്റെ നാടകങ്ങള്‍ പലതും കെപിഎസിയുടെ വേദികളില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതാണ്. എന്നാല്‍ കൊറോണ വൈറസിന്റെ വ്യാപനത്തില്‍ നിര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയി.

(2016 യില്‍ തോപ്പില്‍ ഭാസിയുടെ തന്നെ വിഖ്യാത നാടകമായ ' കെപിഎ സിയുടെ 'മുടിയനായ പുത്രന്‍', 2017ല്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര കെപിഎസിക്ക് വേണ്ടി എഴുതിയ 'അസ്തമിക്കാത്ത സൂര്യന്‍', 2018ല്‍ ജയ്പാല്‍ ദാമോദരന്റെ 'കടലാസുതോണി' എന്നീ നാടകങ്ങള്‍ തിയേറ്റര്‍ ഗ്രൂപ്പിന് വേണ്ടി അന്‍സാര്‍ സംവിധാനം ചെയ്തു. 2019ല്‍ തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചു. 2017ല്‍ ഒമാനിലെ വലിയ നാടക പുരസ്‌കാരമായ 'തോപ്പില്‍ ഭാസി നാടകപുരസ്‌കാരം' ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഉപാസന മസ്‌കറ്റ് നല്‍കുന്ന നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. 2019ല്‍ തന്നെ കരുനാഗപ്പള്ളി നാട്ടരങ്ങ്‌ നല്‍കുന്ന പ്രഥമ എന്‍.എന്‍ പിള്ള നാടക പ്രവാസി പ്രതിഭാ പുരസ്‌കാരം, കൊല്ലം കലാഗ്രാമം അവാര്‍ഡ്, ഓര്‍മ ചാക്കോള റോസി നാടക അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്)

ഒരുപാട് നൂലാമാലകള്‍ക്കിടയിലാണ് ഗള്‍ഫില്‍ ഒരു നാടകം അരങ്ങിലെത്തിക്കുന്നത്

നാട്ടിലെ പോലെ എന്തും സ്‌റ്റേജില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുവാദമില്ല, ഒരു നാടകത്തിന്റെ സ്‌ക്രിപ്റ്റ് വന്നാല്‍ അത് ഇംഗ്ലീഷില്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യണം. ഇംഗ്ലീഷില്‍ ട്രാന്‍സ്‌ലേറ്റ് ചെയ്ത സ്‌ക്രിപ്റ്റ് വീണ്ടും അറബിയിലേക്ക് ട്രാന്‍സ്‌ലേറ്റ് ചെയ്യുകയാണ്. പിന്നീട് മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് മന്ത്രാലയത്തിന് നല്‍കണം. അവര് അറബ് സ്‌ക്രിപ്റ്റ് പലയിടങ്ങളിലേക്ക് അയച്ച് കൊടുക്കുകയും, ഉദ്യോഗസ്ഥര്‍ അത് മുഴുവനും വായിച്ച് നോക്കി ഇവിടുത്തെ ഇസ്ലാമിക രീതിക്ക് എതിരായിട്ട് എന്തെങ്കിലും സംഭാഷണങ്ങള്‍ ഉണ്ടെങ്കില്‍ നാടകം വിലക്കും. മാത്രമല്ല നാടകം നടക്കുന്ന വേദിയില്‍ മദ്യപിക്കുകയോ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങളോ ഉണ്ടാകാന്‍ പടില്ല.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തില്‍ അവസാനം ചെങ്കൊടി ഉയര്‍ത്തുന്നതാണ്. സിംബോളിക്കായിട്ടാണ് ആ സീന്‍ അവസാനം കൊണ്ട് നിര്‍ത്തിയത് തന്നെ. ഇവിടെ ജാതി, രാഷ്ട്രീയം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ഒത്തിരി നിയന്ത്രണങ്ങളുണ്ട്. ഇങ്ങനെ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.


'മൃഗതൃഷ്ണ' എന്ന നാടകം ആദ്യമായി പ്രവാസ ലോകത്ത് സംവിധാനം ചെയ്യുമ്പോള്‍ തോന്നിയത്

ശരിക്കും പറഞ്ഞാല്‍ ജീവിതത്തിലെ വലിയ അനുഭവമാണ്. കേരള സംഗീത നാടക അക്കാദമി പ്രവാസ ലോകത്ത് പ്രവാസികള്‍ക്കായിട്ട് ഒരു നാടക മത്സരം നടത്തുകയാണ്. ഓമാനില്‍ നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ്. (കേരള സംഗീതനാടക അക്കാദമി പ്രവാസികള്‍ക്കായി സംഘടിപ്പിച്ച നാടക മത്സരത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, കേരള വിങ്ങിനു വേണ്ടി മൃഗതൃഷ്ണ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് അന്‍സാര്‍ മസ്‌കറ്റില്‍ നാടക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്).

അന്ന് ഇവിടുത്തെ രജിസ്‌റ്റേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബാണ്. ഗവണ്‍മെന്റ് ഈ രീതിയിലുള്ള പരിപാടികള്‍ ഇന്ത്യക്ക് ചെയ്യാനായിട്ട് ഔദ്യോഗികമായി അനുവാദം കൊടുത്തിരിക്കുന്ന സംഘടനയാണിത്. മക്കള്‍ക്ക് വിദ്യാഭ്യാസവും വലിയ ജോലിയും ലഭിക്കുമ്പോള്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതായിരുന്നു ഈ നാടകത്തിന്റെ പ്രമേയം. ഒരു പ്രവാസി ഡോക്ടര്‍ ആണ് ഇത് രചിച്ചത്. അത് സംവിധാനം ചെയ്യാന്‍ എന്നെ ആദ്യമായി ക്ഷണിക്കുകയായിരുന്നു. അന്ന് മസ്‌ക്കറ്റിലെത്തി കുറച്ച് നാളുകളായിട്ടുള്ളു. പക്ഷെ എന്നിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റണമായിരുന്നു.

വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഇതൊക്കെ. ഒരുപാട് പ്രശംസ നേടിത്തന്ന ആ നാടകത്തില്‍ നിന്ന് ലഭിച്ച ഊര്‍ജമാണ് അല്ലെങ്കില്‍ കലയോട് ആത്മ സമര്‍പ്പണം നടത്തുന്ന കലാപ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടെന്ന് മനസിലായതാണ് മുന്നോട്ടുള്ള യാത്ര എളുപ്പമാക്കിയത്. മലയാളികള്‍ നാട്ടില്‍ നല്‍കുന്ന പിന്തുണയേക്കാള്‍ ഇരട്ടിയിലധികമാണ് പ്രവാസ ലോകത്ത് ലഭിക്കുന്നത്.

നാടകങ്ങള്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുന്നത് 99 ശതമാനവും സ്‌പോണ്‍സര്‍ഷിപ്പാണ്

ഫണ്ട് അനിവാര്യമായ കാര്യമാണ്, സാധാരണ പ്രൊഫഷണല്‍ നാടകം, പ്രത്യേകിച്ച് കെപിഎസിയുടെ നാടകം ഒക്കെ ചെയ്യുമ്പോള്‍ ഒമാനില്‍ 7000 ഒമാനി റിയാല്‍ ചിലവ് വരും. നാട്ടില്‍ ഏകദേശം 17 ലക്ഷം രൂപയോളം വരും ഇത്. ഒരു നാടകം കണ്ടതിന് ശേഷം അത് ഇഷ്ടപ്പെട്ട ഒരുപാട് ബിസിനസ് സ്ഥാപനങ്ങള്‍, നാടക സ്‌നേഹികളും നല്‍കുന്ന സ്‌പോണ്‍സര്‍ തുക കൊണ്ടാണ് നാടകങ്ങള്‍ മുന്നോട്ട് പോയിട്ടുള്ളത്.

നാടക രംഗത്ത് അറിയപ്പെടുന്ന ദീപ സംവിധായകന്‍ കൂടിയാണ് അന്‍സാര്‍. നിരവധി നാടകപ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസലോകത്തും കേരളത്തിലും ഏര്‍പ്പെട്ടു വരുന്നു. റിട്ടയേര്‍ഡ് ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ആയ പ്രൊഫ. ഇബ്രാഹിം കുട്ടിയുടെയും റിട്ടയേര്‍ഡ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയ ബീഗം ഷാഹിദയുടെയും മകന്‍. ഭാര്യ രഹ്ന അന്‍സര്‍ , രണ്ട് മക്കള്‍: ഐഷ അന്‍സര്‍, ആമീന്‍ അന്‍സര്‍. അബ്ദുല്‍ ഹലീം മരുമകനാണ്.


Next Story

Related Stories