ദുബായില്‍ ജൂലൈ 7 മുതല്‍ വിനോദസഞ്ചാരികളെ അനുവദിക്കുമെന്നും ജൂണ്‍ 23 മുതല്‍ പൗരന്മാര്ക്കും താമസ വിസക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. വിമാന യാത്രയ്ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അധികൃതര്‍ പുറത്തിറക്കി. താമസ വിസയുള്ളവര്‍ക്ക് ദുബായിലേക്ക് ജൂണ്‍ 22 തിങ്കളാഴ്ച മുതല്‍ മടങ്ങിയെത്താമെന്നും അധികൃതര്‍ അറിയിച്ചു.
മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അതാത് രാജ്യങ്ങള്‍ നിഷ്കര്‍ഷിക്കുന്ന കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റഡിസന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സ്(ജിഡിആര്‍എഫ്എ), എയര്‍ലൈന്‍സ് എന്നിവയുടെ അനുമതി ലഭിക്കുന്നത് അനുസരിച്ച് ദുബായ് താമസ വിസയുള്ളവര്‍ക്ക് ജൂണ്‍ 22 മുതല്‍ മടങ്ങിയെത്താം. കൊവിഡ് 19 ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് യാതാനുമതി നിഷേധിക്കാന്‍ എയര്‍ലൈന്‍സിന് അനുവാദമുണ്ട്.
ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. ടെര്‍മിനലില്‍ നിന്ന് പുറത്തു പോകുന്നതിന് മുമ്പായി കൊവിഡ് 19 ഡിഎക്സ്ബി സ്മാര്‍ട്ട് ആപ്പില്‍ മുഴുവന്‍ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യണം. കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് വരെ വീട്ടില്‍ നിന്ന് പുറത്ത് പോകരുത്. കൊവിഡ് പോസിറ്റീവായാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഐസൊലേഷന്‍, ചികിത്സ എന്നിവയുടെ ചെലവുകള്‍ ഇവര്‍ സ്വയം വഹിക്കണം. ഇതാണ് പൊതുവായ നിര്‍ദ്ദേശങ്ങള്‍
മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി തിരികെ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തണം. ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് പരിശോധനാ ഫലം ലഭിക്കുന്ന വരെ വീട്ടില്‍ തന്നെ കഴിയണം. വിദേശ രാജ്യങ്ങളിലെത്തുന്ന യുഎഇ പൗരന്മാര് അവിടെ കൊവിഡ് പോസിറ്റീവായാല്‍ ആ വിവരം അതാത് രാജ്യങ്ങളിലെ യുഎഇ എംബസിയെ അറിയിക്കണം. ദുബായിലേക്കെത്തുന്ന സന്ദര്‍ശക വിസക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് നാല് ദിവസത്തെ(96മണിക്കൂര്‍) കാലാവധിയുള്ള പിസിആര്‍ പരിശോധന നടത്തണം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കുന്നതിന് പുറമെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തുമ്പോള്‍ കൊവിഡ് പോസിറ്റീവല്ല എന്നതിന് തെളിവ് നല്‍കണം. ഇതിന് കഴിയാത്തവര്‍ വിമാനത്താവളത്തില്‍ തന്നെ പിസിആര്‍ ടെസ്റ്റിന് വിധേയമാകേണ്ടി വരും.