TopTop
Begin typing your search above and press return to search.

'കോവിഡുള്ളവരും ഇല്ലാവത്തവരുമൊക്കെ ഒരുമിച്ചാണ് താമസം, വേറെ വഴിയില്ല; എങ്ങനെയെങ്കിലും തിരിച്ചു കേരളത്തിലെത്തിയാല്‍ മതി'

കോവിഡുള്ളവരും ഇല്ലാവത്തവരുമൊക്കെ ഒരുമിച്ചാണ് താമസം, വേറെ വഴിയില്ല; എങ്ങനെയെങ്കിലും തിരിച്ചു കേരളത്തിലെത്തിയാല്‍ മതി

ആശങ്കയാണ് പ്രവാസികള്‍ക്ക്. ഒരു മഹാരോഗത്തിന്റെ പിടിയില്‍ തങ്ങളും പെടുമോ എന്നതിനെക്കാള്‍ രോഗം വന്നാല്‍ എന്തു ചെയ്യുമെന്നതാണ് ഗള്‍ഫ് മേഖലകളിലുള്ള മലയാളികളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. നാട്ടിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ് പല ഗള്‍ഫ് രാജ്യങ്ങളിലുമെന്നാണ് പ്രവാസികള്‍ പറയുന്നത്. ഇത്തരമൊരു അവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് കരുതുന്നവരാണ് ബഹുഭൂരിപക്ഷവും. കേളത്തിലേക്ക് തിരികെയെത്താന്‍ തയ്യാറെടുക്കുന്ന ആഗോള പ്രവാസികളില്‍ ഗള്‍ഫ് മേഖലയില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ നോര്‍ക്ക റൂട്‌സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന കണക്കിന്റെ അടിസ്ഥാനവും അവര്‍ക്കിടിയില്‍ ശക്തമാകുന്ന ആശങ്കളാണ്.

"ഒന്നും ചെയ്യുന്നില്ലെന്നല്ല, പക്ഷേ, നാട്ടില്‍ നടക്കുന്ന കാര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇവിടുത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അത്ര കാര്യക്ഷമമാണെന്നു പറയാന്‍ കഴിയില്ലെ"ന്നാണ് ഷാര്‍ജയിലുള്ള ഒരു മലയാളി പ്രവാസി അഴിമുഖത്തോട് പറഞ്ഞത്. "നാട്ടില്‍ ലോക്ഡൗണ്‍ ശക്തമാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് വലിയൊരു പരിധി വരെ രോഗവ്യാപനം തടയാന്‍ കഴിയുന്നുണ്ട്. ഷാര്‍ജയിലെ കാര്യം തന്നെ എടുത്താല്‍, ഇവിടെ ലോക്ഡൗണ്‍ ഇല്ല. രാത്രി പത്തു മണി മുതല്‍ രാവിലെ ആറുവരെയുള്ള കര്‍ഫ്യൂ ആണുള്ളത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള സമയമാണ്. ഈ സമയത്ത് ആരും പുറത്തിറങ്ങാന്‍ പാടില്ല. ബാക്കി സമയങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ പോലും ആളുകള്‍ പുറത്തുണ്ട്. രോഗവ്യാപനത്തിന് അത് സാധ്യയേറ്റുന്നുണ്ട്".

മലയാളികള്‍ക്കിടയില്‍ പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. ടെസ്റ്റുകള്‍ നടക്കുന്നുണ്ടെങ്കിലും ഫലം വരാന്‍ വലിയ താമസം എടുക്കുന്നുണ്ടെന്നും പ്രവാസികള്‍ പറയുന്നു. കമ്പനികള്‍ പണം മുടക്കി തൊഴിലാളികളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. പക്ഷേ, അതിന്റെ റിസള്‍ട്ട് വൈകുകയാണ്. കാത്തിരിക്കാനാണ് കമ്പനികള്‍ പറയുന്നത്. റിസള്‍ട്ട് വരുന്നതുവരെ കൂട്ടമായിട്ടാണ് പലരും താമസിക്കുന്നത്. പോസിറ്റീവ് ആണെങ്കില്‍ കൂടെയുള്ളവരും രോഗഭീഷണിയിലാവുകയാണ്. കോണ്‍ടാക്റ്റ് ട്രേസിംഗ് നടക്കുന്നില്ല. രോഗവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആളുകളിലേക്ക് എത്തുന്നില്ല. ഔദ്യോഗികമായി പുറത്തു വിടുന്ന കാര്യങ്ങള്‍ മാത്രമെ അറിയാന്‍ കഴിയൂ. ഗള്‍ഫ് മേഖലകളിലെ ആരോഗ്യസംവിധാനങ്ങളെക്കുറിച്ച് പ്രവാസികള്‍ക്ക് മതിപ്പാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അവ തങ്ങളെ വേണ്ട വിധത്തില്‍ സഹായിക്കുന്നുണ്ടോ എന്ന് സംശയിക്കുകയാണവര്‍.

"ഘട്ടം ഘട്ടമായാണ് ടെസ്റ്റിന് വിധേയരാക്കുന്നത്. ഭൂരിഭാഗം പേരുടെയും റിസള്‍ട്ട് വൈകിയാണ് വരുന്നത്. ബാച്ചിലേഴ്‌സ് റൂമുകളിലും ലേബര്‍ ക്യാമ്പുകളിലും താമസിക്കുന്നവരാണ് ഭൂരിഭാഗവും. എട്ടും പത്തും പേരൊക്കെ കാണും. ഫലം വരുമ്പോള്‍ പലരും പോസിറ്റീവ് ആണ്. ഒരാള്‍ക്ക് വന്നാല്‍ മതി ബാക്കിയുള്ളവര്‍ക്കും കൂടി രോഗം പകരുകയാണ്. കമ്പനികള്‍ ഏര്‍പ്പെടുത്തിയ അക്കോമഡേഷനിലും ക്വാറന്റൈനിലും പോയവരില്‍ പകുതിപ്പേരും പോസിറ്റീവ് ആകുന്നു. അതെങ്ങനെയായി, ഏതു രീതിയിലായി എന്നൊന്നും അറിയില്ല", ഷാര്‍ജയില്‍ നിന്നും സംസാരിച്ച മറ്റൊരു പ്രവാസി പറയുന്നു.

രോഗം പകരുന്നുവെന്നത് തന്നെയാണ് പ്രവാസികള്‍ക്കിടയിലെ ഭയം വര്‍ദ്ധിപ്പിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവരെയോ പോസിറ്റീവ് ആയവരെയോ പ്രത്യേക നിരീക്ഷണത്തിലോ ക്വാറന്റൈനിലോ മാറ്റാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. മധ്യവര്‍ഗ പ്രവാസികളില്‍ ഭൂരിഭാഗം പേരും അപ്പാര്‍ട്ട്‌മെന്റുകളും ഫ്‌ളാറ്റുകളും വാടകയ്ക്ക് എടുത്ത് മിനിമം അഞ്ചു പേരെങ്കിലുമായാണ് താമസിക്കുന്നത്. ഇത്തരം താമസസ്ഥലങ്ങളിലെല്ലാം രോഗവ്യാപനത്തിന്റെ ഭീതി നിറഞ്ഞു നില്‍ക്കുന്നുണ്ട്. അഴിമുഖത്തോട് സംസാരിച്ച ഒരു പ്രവാസി അക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. "ഫ്‌ളാറ്റും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് എടുത്ത് താമസിക്കുന്നവരാണ് ഞങ്ങളില്‍ ഏറെപ്പേരും. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അറിയുന്നവര്‍. വിളിക്കുമ്പോള്‍ എല്ലാവര്‍ക്കും പങ്കുവയ്ക്കാനുള്ളത് പരിഭ്രമങ്ങളും ആശങ്കകളുമാണ്. പോസിറ്റീവ് ആയവരും, പരിശോധന ഫലം കാത്തിരിക്കുന്നവരുമെല്ലാം ഒരേ സ്ഥലത്താണ് താമസം. എന്തെങ്കിലും സൗകര്യം ഒരുക്കാന്‍ വേണ്ടി പ്രവാസി സംഘടനകളെ ബന്ധപ്പെടുമ്പോള്‍ അവരും നിസ്സഹായരാണ്. താമസ സൗകര്യം കണ്ടെത്താന്‍ കഴിയും. ഇവിടെ ഇഷ്ടം പോലെ ബില്‍ഡിംഗുകള്‍ വാടകയ്ക്ക് കിട്ടും. പക്ഷേ, അതുകൊണ്ട് മാത്രം കാര്യമില്ല. ആള്‍ക്കാരെ അങ്ങോട്ട് മാറ്റിയതുകൊണ്ട് എല്ലാം കഴിയുന്നില്ലല്ലോ. അവര്‍ക്ക് ചികിത്സ സൗകര്യം കിട്ടണ്ടേ? ക്ലീനിംഗ് സൗകര്യം കിട്ടണ്ടേ? ക്ലീനിംഗ് എങ്ങനെയെങ്കിലും ചെയ്യാമെന്നു വയ്ക്കാം. പക്ഷേ, മെഡിക്കല്‍ ഫെസിലിറ്റി കിട്ടിയില്ലെങ്കിലോ? അതില്ലാതെ ആള്‍ക്കാരെ എവിടെയെങ്കിലും കൊണ്ടുപോയി അക്കോമഡേറ്റ് ചെയ്തിട്ട് കാര്യമില്ലല്ലോ. അതുകൊണ്ടാണ് സംഘടനകളും നിസ്സഹായരായി പോകുന്നത്. ഷാര്‍ജയില്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളായിട്ടുള്ള എട്ടും പത്തും പേര്‍ ഒരുമിച്ച് താമസിക്കുന്നുണ്ട്. ഒരിടത്തെ മാത്രം കാര്യമല്ലിത്. വേറെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്".

കോവിഡ് മരണങ്ങളും വല്ലാതെ പേടിപ്പിക്കുന്നുണ്ട്. മരിക്കുന്നവര്‍ 35-നും 50-നും ഇടയില്‍ പ്രായമുള്ളവരാണെന്നത് ആ പേടി ഇരട്ടിപ്പിക്കുന്നുമുണ്ട്. ആവശ്യമായ ചികിത്സ കിട്ടാതെ പോകുന്നതാണ് രോഗം മരണത്തിലേക്ക് കൊണ്ടെത്തിക്കുന്നതിന് കാരണമായി പ്രവാസികള്‍ കരുതുന്നത്. മതിയായ ചികിത്സ ലഭിക്കുന്നില്ല, അല്ലെങ്കില്‍ ലഭിക്കില്ല എന്ന ഭയം തന്നെയാണ് എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന മന:സ്ഥിതിയിലേക്ക് പ്രവാസികളെ കൊണ്ടെത്തിച്ചിരിക്കുന്നെന്ന് ഞങ്ങള്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നു. "ഈയൊരു അവസ്ഥയില്‍ നാട്ടില്‍ പോകുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ കരുതുന്നു. എല്ലാം വിട്ടെറിഞ്ഞു പോരാനല്ല, ഈ പ്രശ്‌നങ്ങളെല്ലാം അവസാനിക്കും വരെയെങ്കിലും. നമ്മുടെ ജീവിതം ഇവിടം കൊണ്ടാണ്. ഇങ്ങോട്ട് തന്നെ തിരിച്ചു വരാതെ പറ്റില്ല. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടുത്തേക്കാള്‍ സുരക്ഷിതത്വം നാട് തന്നെയാണ്'.

സാമൂഹിക അകലം നടപ്പാകുന്നില്ലെന്നതാണ് രോഗം പടരാന്‍ കാരണമായി പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും ആളുകള്‍ തമ്മില്‍ കൂടുതലായി ഇടപഴകുന്നതിനുള്ള സാഹചര്യമുണ്ടെന്നാണ് അവര്‍ പറയുന്നത്. ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയൊക്കെ അടഞ്ഞു കിടക്കുകയാണെങ്കിലും കണ്‍സ്ട്രക്ഷന്‍ മേഖലകളും കമ്പനികളുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ ചുരുക്കം കമ്പനികള്‍ മാത്രമാണ് വര്‍ക്ക് അറ്റ് ഹോം അനുവദിച്ചിരിക്കുന്നത്. ബസ് സര്‍വീസുകളും ഭാഗികമായി നടക്കുന്നുണ്ട്. സാധാരണ തൊഴിലാളികള്‍ അതുകൊണ്ട് തന്നെ ജോലിക്കു പോകേണ്ടി വരുന്നുണ്ട്. "സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടരുന്നത്. ഇത്ര ഗുരുതരമായ സാഹചര്യത്തിലും ബാച്ചിലര്‍ റൂമുകളിലായാലും ക്യാമ്പുകളിലായാലും ഒരു റൂമില്‍ എട്ടും പത്തും പേരാണ് താമിക്കുന്നത്. പോസിറ്റീവ് ആയവരെ വേറെ മാറ്റി താമസിപ്പിക്കാനൊന്നും പറ്റുന്നില്ല. ലോക്ഡൗണ്‍ ഇല്ല, വര്‍ക്ക് നടക്കുന്നുണ്ട്. ഒരു മുറിയില്‍ എട്ടു പേര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ എട്ടു സ്ഥലത്ത് ജോലിക്കു പോയി തിരിച്ചു വരുന്നവരായിരിക്കും. അതാത് ജോലി സ്ഥലത്ത് അവര്‍ക്ക് മറ്റു പലരുമായി ഇടപഴകേണ്ടി വരുന്നു. അവിടെ നിന്നും രോഗം പകരാം. തിരിച്ചവരീ മുറിയിലേക്ക് തന്നെയാണ് വരുന്നത്. ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ റൂമുകളിലുമൊക്കെ ഇത്തരത്തില്‍ പോസിറ്റീവ് ആയവരും നെഗറ്റീവ് ആയവരും ഇതുവരെ രോഗം വരാത്തവരും ലക്ഷണങ്ങള്‍ കാണിക്കാത്തവരുമൊക്കെ ഒരുമിച്ച് ചേര്‍ന്ന് കിടക്കുകയാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നടക്കുന്നതും പ്രവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ആ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഭയപ്പാടില്‍ നില്‍ക്കുന്നത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ താമസിക്കുന്ന ഒരു ക്യാമ്പില്‍ 150-ഓളം പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. യാത്രക്കാരില്‍ നിന്നും രോഗം ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്ക് പരസ്പരവും പകരാനുള്ള സാധ്യത ശക്തമാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ഡ്രൈവര്‍ ജോലി ചെയ്യുന്ന മലയാളികളുണ്ട്. ഇവരില്‍ ചിലര്‍ കുടംബമായി താമസിക്കുന്നവരാണ്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുന്നത് തങ്ങള്‍ക്ക് രോഗം പകര്‍ന്നു കിട്ടിയിട്ടില്ലെന്ന പ്രതീക്ഷ വച്ചുകൊണ്ടാണെന്നാണ് അവര്‍ പറയുന്നത്. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്ന കുടുംബങ്ങളുണ്ട്. അവരുടെ വീട്ടില്‍ കൊച്ചു കുഞ്ഞുങ്ങളും പ്രായമായ മാതാപിതാക്കളുമുണ്ടാകും. ആളുകളെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണിതൊക്കെ. ജോലിക്ക് പോകാതിരിക്കാനും പറ്റില്ലല്ലോ. ജീവന്‍ പണയപ്പെടുത്തി ജീവിതത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് ഏറെയും".

നാട്ടിലേക്ക് തിരികെ വരാനായി നോര്‍ക്ക് റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 3.53 ലക്ഷം പ്രവാസികളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ യുഎഇയില്‍ നിന്നും- 1,53,660. സൗദി അറേബ്യയില്‍ നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിനു പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന 94,484 പേരും ഇതിനൊപ്പം നാട്ടിലേക്ക് തിരികെ വരാന്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കര്‍ണാടകത്തില്‍ നിന്നാണ് - 30,576 പേര്‍. തമിഴ്‌നാട്-29,181, മഹാരാഷ്ട്ര- 13,113, തെലങ്കാന- 3,864, ആന്ധ്രാ പ്രദേശ്- 2,816, ഗുജറാത്ത് - 2,690, ഡല്‍ഹി- 2,527, യുപി- 1,813 എന്നിങ്ങനെയാണ് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കുകള്‍.

പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക ധനസഹായം 5000 രൂപയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് അഞ്ചു വരെ നീട്ടിയതായി മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ നാട്ടിലെത്തിയ ശേഷം തിരികെ പോകാന്‍ കഴിയാത്തവരും വിസ കാലാവധി കഴിഞ്ഞവരുമാണ് അപേക്ഷിക്കേണ്ടത്. ഇതു നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യാം.

കൊറോണ അല്ലാതെ മറ്റു രോഗങ്ങള്‍ ബാധിച്ചവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങി മുന്‍ഗണന ക്രമത്തിലായിരിക്കും രജിസ്റ്റര്‍ ചെയ്തവരെ തിരികെ കൊണ്ടുവരിക.


Next Story

Related Stories