TopTop

ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു, ഓർമ്മയാവുന്നത് രാജ്യത്തെ യാഥാസ്ഥിക ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഭരണാധികാരി

ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു, ഓർമ്മയാവുന്നത് രാജ്യത്തെ യാഥാസ്ഥിക ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഭരണാധികാരി

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് (79) അന്തരിച്ചു. അർബുദ രോഗബാധിതനായിരുന്ന അദ്ദേഹം ഏറെ നാളായി ചികിൽസയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണമെന്ന് പുറത്ത് വിട്ട ഒമാൻ ദേശീയ മാധ്യമം അറിയിച്ചു. ബെൽജിയത്തിൽ ചികിൽസയിലായിരുന്ന സുൽത്താൻ കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. പിന്നാലെയാണ് മരണം.

പിതാവ് കൂടിയായ മുൻ ഭരണാധികാരി സെയ്ദ് ബിൻ തൈമൂറനെ 1970 ൽ ബ്രിട്ടീഷ് പിന്തുണയോടെ രക്തരഹിതമായ അട്ടിമറിയിലൂടെ പുറത്താക്കിയായിരുന്നു സുൽത്താൻ ഖാബൂസ് ഒമാന്റെ ഭരണത്തിലെത്തുന്നത്. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്.

പിന്നീട് രാജ്യത്തെ എണ്ണ സമ്പത്ത് ഉപയോഗിച്ച് അദ്ദേഹം ഒമാനിനെ വികസനത്തിലേക്കുള്ള പാതയിലേക്ക് നയിച്ചു. എന്നാൽ അവിവാഹിതനായ ഖാബുസിന് അവകാശിയോ നിയുക്ത പിൻഗാമിയോ ഇല്ലെന്നതും ശ്രദ്ധേയമാണ്. മരണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

സിംഹാസനം ഒഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ ഒരു പുതിയ സുൽത്താനെ തിരഞ്ഞെടുക്കണം ഒമാനിലെ നിലവിലെ നിയമം. 50 ഓളം പുരുഷ അംഗങ്ങൾ ഉൾപ്പെടുന്ന റോയൽ ഫാമിലി കൗൺസിലിനാണ് ഇതിന്റെ ചുമതല. എന്നാൽ കുടുംബത്തിന് ഇക്കാര്യത്തിൽ ധാരണയിലെത്താൻ കഴിയാതിരുന്നാല്‍ സുൽത്താൻ ഗാബൂസ് ബിൻ സഈദ് തയ്യാറാക്കിയിട്ടുള്ള മുദ്രവച്ച കവറിലുള്ള കത്ത് പരിശോധിക്കുയും പിന്തുടർച്ചാവകാശിയെ കണ്ടെത്തുകയുമാണ് ചെയ്യുകയെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ‌ പ്രതിരോധ സമിതി അംഗങ്ങൾ, സുപ്രീം കോടതി, കൺസൾട്ടേറ്റീവ് കൗൺസിൽ, സ്റ്റേറ്റ് കൗൺസിൽ എന്നിവരാണ് മുദ്രയിട്ട ഒരു കവർ തുറക്കുക.

സുൽത്താൻ സ്ഥാനത്തെക്ക് ഖബൂസിന്റെ ബന്ധുക്കളായ മൂന്ന് സഹോദരന്മാരും ഉൾപ്പെടുന്നു. സാംസ്കാരിക മന്ത്രി ഹീതം ബിൻ താരിഖ് അൽ സെയ്ദ്; ഉപപ്രധാനമന്ത്രി ആസാദ് ബിൻ താരിഖ് അൽ സെയ്ദ്; മുൻ ഒമാൻ നേവി കമാൻഡറായിരുന്ന ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ് എന്നിവർക്കാണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി, സായുധ സേനയുടെ പരമോന്നത കമാൻഡർ, പ്രതിരോധമന്ത്രി, ധനമന്ത്രി, വിദേശകാര്യ മന്ത്രി എന്നീ പദവികളാണ് സുൽത്താന്‍ വഹിക്കുന്നത്.

അഞ്ച് പതിറ്റാണ്ടായി രാജ്യത്തെ അധികാരം കയ്യാളിയ ഭരണാധികാരിയാണ് സുൽത്താൻ ഗാബൂസ് ബിൻ സഈദ്. 43% പ്രവാസികള്‍ ഉൾപ്പെടെ 4.6 ദശലക്ഷം ആളുകൾ വസിക്കുന്ന ഒമാന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഈ കാലഘട്ടം. 29-ാം വയസ്സിൽ ഭരണത്തിലെത്തിയ അദ്ദേഹം പിതാവ് സെയ്ദ് ബിൻ തൈമൂർ യാഥാസ്ഥിക നിലപാടുകളെ തിരുത്തുക കൂടിയാണ് ചെയ്തത്.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയിലായിരുന്നു ഗാബൂസ് ബിൻ സഈദിന്റെ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നത് പൂനെയിലെ പഠനകാലത്താണ്. അതുകൊണ്ട് തന്നെ ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലര്‍ത്തിപ്പോന്നു.


Next Story

Related Stories