യുഎസ് ഗ്രീന്‍ കാര്‍ഡിനായി ശ്രമിക്കുന്ന രണ്ടര ലക്ഷം എച്ച് 1 ബി വിസയുള്ളവര്‍ക്ക് യുഎസില്‍ തുടരാനുള്ള നിയമപരമായ അവകാശം ജൂണ്‍ കഴിയുന്നതോടെ അവസാനിച്ചേക്കും. വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് ഗ്രൂപ്പായ നിസ്കാനന്‍ സെന്ററിലെ ഇമ്മിഗ്രേഷന്‍ പോളിസി അനലിസ്റ്റ് ജെറിമി ന്യൂഫീല്‍ഡ് ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. യുഎസില്‍ സ്ഥിര താമസം ആവശ്യപ്പെടാത്തവരും നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരും. എച്ച് 1 ബി വിസക്കാരില്‍ നാലില്‍ മൂന്നും ടെക്നോളജി, മേഖലയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കാണ് ജോലി നഷ്ടമായത്.
ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്ന എച്ച് 1 ബി വിസ തൊഴിലാളികള്‍ക്ക് മറ്റൊരു ജോലി കണ്ടെത്താനോ മറ്റ് വിസകളിലേയ്ക്ക് മാറാനോ അല്ലെങ്കില്‍ രാജ്യം വിടാനോ 60 ദിവസമാണുള്ളത്. ജോലി നഷ്ടമായില്ലെങ്കിലും വിസ പുതുക്കാന്‍ സാധിക്കാതെ വന്നാല്‍ പ്രതിസന്ധിയുണ്ടാകും. വിസ പ്രതിസന്ധി സാമ്പത്തികമായും മാനുഷികമായും വലിയ ദുരന്തമായി മാറുകയാണെന്ന് ബൗണ്ട്ലെസ് ഇമ്മിഗ്രേഷന്‍ എന്ന കമ്പനിയുടെ സ്ഥാപകനും ഒബാമ ഗവണ്മെന്റില് ടെക്നോളജി ആന്‍ഡ് ഇമ്മിഗ്രേഷന്‍ പോളിസി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളുമായ ഡഗ് റാന്റ് പറഞ്ഞു. എച്ച് 1 ബി വിസയുള്ളവരുടെ കുടുംബം ഇവരുടെ തൊഴിലിനെ ആശ്രയിച്ചാണ് യുഎസ്സില്‍ നില്‍ക്കുന്നത്. ഇവരുടെ കുട്ടികള്‍ ജനിച്ചുവളര്‍ന്നത് യുഎസ്സിലായിരിക്കാം. വളരെ മോശപ്പെട്ട അവസ്ഥയാണ് ഇപ്പോളുണ്ടായിരിക്കുന്നതെന്ന് ഡഗ് റാന്റ് പറഞ്ഞു.
ഏപ്രില്‍ 17ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനും (വിദേശകാര്യ വകുപ്പ്) നല്കിയ കത്തുകളില്‍ ലോബിയിംഗ് ഗ്രൂപ്പ് ആയ ടെക്ക് നെറ്റ് ആവശ്യപ്പെട്ടത് വിദേശത്ത് ജനിച്ച തൊഴിലാളികള്‍ക്ക് ഇളവുകള്‍ നല്‍കണമെന്നാണ്. ആപ്പിള്‍, ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണിത്. വര്‍ക്ക് ഓതറൈസേഷന്റെ കാലാവധി സെപ്റ്റംബര്‍ 10 വരെയെങ്കിലും നീട്ടണമെന്നാണ് ഈ ഗ്രൂപ്പ് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടത്. ഇതില്‍ നടപടിയുണ്ടായില്ലെങ്കില്‍ നിരവധി പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് കത്തില്‍ പറയുന്നു. വിദൂരസ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യാനും ടെലിഹെല്‍ത്ത് സര്‍വീസുകളില്‍ ഡോക്ടര്‍മാര്‍ക്ക് സഹായം നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാനും ടെക്നോളജി ഇന്‍ഡസ്ട്രിയുടെ സേവനം പ്രധാനമാണ്. നികുതി അടയ്ക്കാനുള്ള സമയം നീട്ടി നല്കിയ ഗവണ്മെന്റ് ഇക്കാര്യത്തിലും ഇളവ് നല്‍കണമെന്ന് ടെക്ക്നെറ്റ് ആവശ്യപ്പെട്ടു. ടെക്നെറ്റിന്റെ കത്തിനോട് ട്രംപ് ഗവണ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുഎസ് വിദേശകാര്യ വകുപ്പിന്റെ കണക്ക് പ്രകാരം 2015ല്‍ ഒരു കോടിയിലധികം എച്ച് 1 ബി വിസ നല്‍കിയിരുന്നത് 2019ല്‍ 87 ലക്ഷമായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് എംബസികളും കോണ്‍സുലേറ്റുകളും അടച്ചു. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്വീസസില ഇന്‍ പേഴ്സണ്‍ സര്‍വീസസ് മാര്‍ച്ച്് 18 മുതല്‍ നിര്‍ത്തിയിരിക്കുകയാണ്. ജൂണ്‍ നാലിനേ ഇത് പുനരാരംഭിക്കൂ.
എല്ലാ ഇമ്മിഗ്രേഷനുകളും തല്ക്കാലത്തേയ്ക്ക് നിര്‍ത്താന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏപ്രില്‍ 20ന് പറഞ്ഞിരുന്നു. ഇതിനടുത്ത ദിവസം യുഎസില്‍ നിന്ന് പുറത്തുനിന്നുള്ളവര്‍ക്ക് 60 ദിവസത്തേക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നത് തടഞ്ഞു. ഇത് വിദേശത്ത് നിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികളെ വലിയ പ്രതിസന്ധിയിലാക്കി. യുഎസില്‍ ജനിച്ചവരെ റിക്രൂട്ട് ചെയ്്ത് പുറത്തുനിന്നുള്ളവരെ ഒഴിവാക്കുന്ന പ്രവണത ചില കമ്പനികള്‍ക്കുണ്ട്. അതേസമയം നിയമപരമായ നിലനില്‍പ്പിനായി എച്ച് 1 ബി വിസക്കാരെ നിലനിര്‍ത്തി യുഎസില്‍ ജനിച്ചവരെ പുറത്താക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ കുടിയേറ്റത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ ഭിന്നമായി പരിഗണിക്കുന്നത് യുഎസില്‍ നിയമനടപടി ക്ഷണിച്ചുവരുത്തുമെന്ന് ഡോര്‍സി ആന്‍ഡ് വിറ്റ്നി എല്‍എല്‍പിയിലെ പാര്‍ട്ട്നര്‍ ആയ റെബേക്ക ബേണ്‍ഹാര്‍ഡ് പറയുന്നു.