മേയ് ഏഴ് മുതല്‍ ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി 2,75,000 ഇന്ത്യക്കാര്‍ നാട്ടിലെത്തിയതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി അഞ്ച് ലക്ഷത്തിലധികം പേര് നാട്ടിലെത്താന്‍ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തതെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
അതേസമയം സാമ്പത്തിക ശേഷി ഇല്ലാതെയും മറ്റ് അസൗകര്യങ്ങളാലും നാട്ടിലേക്ക് മടങ്ങാത്തവരുണ്ടാകാമെന്നും കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളില്‍ നിരവധി സീറ്റുകള്‍ ഒഴിവുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു. ഓഗസ്റ്റ് 15 വരെയുള്ള 90ഓളം വിമാനങ്ങളിലേക്ക് ഇപ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓഗസ്റ്റ് 16 മുതല്‍ 31 വരെയുള്ള വിമാനങ്ങളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഇതിന് പുറമെ എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയര്‍ അറേബ്യ, സ്പൈസ് ജെറ്റ്, ഇന്റിഗോ, ഗോ എയര്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് നൂറോളം സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഈ വിമാനങ്ങളിലേക്കെല്ലാം ഉള്ള ടിക്കറ്റുകള്‍ അതത് കമ്പനികളുടെ വെബ്സൈറ്റുകളിലോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ലഭ്യമാവും.
നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ വന്ദേ ഭാരത് വിമാനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണം. മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശക വിസയുടെ കാലാവധി അവസാനിച്ചവര്‍ക്ക് പിഴ അടയ്ക്കാതെ രാജ്യം വിടാനുള്ള അവസരം ഓഗസ്റ്റ് 10 വരെയാണ്. ടിക്കറ്റുകളെക്കാന്‍ സാധിക്കാതെ യാത്ര ചെയ്യാനാവാത്ത അവസ്ഥയിലുള്ളവര്‍ വിശദ വിവരങ്ങളടക്കം www.cgidubai.gov.in/helpline.php എന്ന വെബ്സൈറ്റിലൂടെ കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.