TopTop
Begin typing your search above and press return to search.

'ഈ സമയത്ത് വാക്കുമാറ്റിപ്പറയരുത്; നാട്ടില്‍ നിന്നയച്ചു തരുന്ന പൈസ കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്, ഇനി ക്വാറന്റൈനും കൂടി പൈസ താങ്ങില്ല'

ഈ സമയത്ത് വാക്കുമാറ്റിപ്പറയരുത്; നാട്ടില്‍ നിന്നയച്ചു തരുന്ന പൈസ കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്, ഇനി ക്വാറന്റൈനും കൂടി പൈസ താങ്ങില്ല

"പട്ടിണി തന്നെ എന്ന അവസ്ഥയിലാണ് ഞാനും ഭാര്യയും മൂന്ന് കുട്ടികളും ഇവിടെ കഴിയുന്നത്. നാട്ടില്‍ നിന്ന് കുടുംബക്കാരയച്ച് തരുന്ന പൈസ കൊണ്ടാണ് അത്യാവശ്യം പിടിച്ച് നില്‍ക്കുന്നത്. മൂന്ന് മാസമായിട്ട് ജോലിയില്ല. കടം വാങ്ങിയാലേ നാട്ടിലേക്കാത്താന്‍ പറ്റൂ. ആ അവസ്ഥയില്‍ നാട്ടില്‍ ക്വാറന്റൈന്റെ ചെലവും കൂടി താങ്ങില്ല. സര്‍ക്കാര്‍ തന്ന ആത്മവിശ്വാസത്തിലാണ് ഞാനുള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്ക് പോരാന്‍ നില്‍ക്കുന്നത്. ഈ സമയത്ത് വാക്ക് മാറ്റി പറഞ്ഞാല്‍ അത് ഞങ്ങളെപ്പോലെയുള്ള പതിനായിരക്കണക്കിന് ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടാവും", ദുബായില്‍ പതിനഞ്ച് വര്‍ഷമായി ജോലി ചെയ്യുന്ന കുറ്റിപ്പുറം സ്വദേശി സാബിത് സലാം പറയുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ഇനി സൗജന്യമായിരിക്കില്ല എന്ന മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു സാബിത്.

"ഓരോ മണിക്കൂറിലും ഇവിടെ പോസിറ്റീവ് കേസുകള്‍ കൂടുകയാണ്. അതാണ് നാട്ടിലേക്കെത്താനായി അപേക്ഷിച്ച് കാത്ത് നില്‍ക്കുന്നത്. ജോലി ഇല്ലാതായിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞു. അകത്തിരുന്നാല്‍ പോസിറ്റീവ് ആവും. പുറത്തിറങ്ങിയാല്‍ സര്‍ക്കാര്‍ പിടിച്ച് കൊണ്ട് പോവും. അത്തരത്തിലാണ് അവസ്ഥ. അങ്ങനെ കഷ്ടപ്പെടുന്ന ഞങ്ങള്‍ക്ക് സ്വന്തം നാട്ടുകാരും സര്‍ക്കാരും കൂടെയുണ്ടാവും എന്നതായിരുന്നു ആകെയുള്ള പ്രതീക്ഷ. അതാണിപ്പോള്‍ ഇല്ലാതായിരിക്കുന്നത്" സൗദിയില്‍ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി മനോജ് കുമാര്‍ പ്രതികരിച്ചു.

നിരവധിപ്പേര്‍ വിദേശത്ത് നിന്ന് എത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ചെലവ് താങ്ങാനാവില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇനി വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കാണ് പുതിയ തീരുമാനം ബാധകമാവുക. നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ല. തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്ക് ആവശ്യമായ തുക എത്രയാണെന്ന് അറിയിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗര്‍ഭിണികളെ മാത്രമാണ് വീടുകളിലേക്ക് അയയ്ക്കുന്നത്. ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും ഏഴ് ദിവസം ഹോം ക്വാറന്റൈനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് പല തദ്ദേശ സ്ഥാപനങ്ങളും ഒരുക്കിയിരിക്കുന്നത്. ഇത് വലിയ ചെലവ് വരുമെന്നതിനാല്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ചെലവ് അധിക ബാധ്യതയായി മാറുമെന്നതാണ് പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വിലയിരുത്തല്‍.

രണ്ടര ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ കേരളത്തില്‍ സജ്ജമാണെന്ന് മുമ്പ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. കൂടാതെ വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് എത്തുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ക്വാറന്റൈന്‍ സൗകര്യങ്ങളുടെ ചെലവ് പോലും നല്‍കാനാവില്ലെന്ന തീരുമാനം തിരിച്ചെത്തുന്ന പ്രവാസികളുടെയെല്ലാം പ്രതീക്ഷകളെ തകര്‍ക്കുന്നതും പ്രവാസികളോടുള്ള വഞ്ചനയാണെന്നും കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ എം സി സി) സൗദി പ്രസിഡന്റ് കെ എം മുഹമ്മദ് കുട്ടി വിമര്‍ശിക്കുന്നു. "ഒരു കാരണവശാലും സര്‍ക്കാര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഭൂരിഭാഗം പേര്‍ക്കും ജോലി നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിയാണ്. പ്രവാസികളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാനെന്നോ സംസ്ഥാന സര്‍ക്കാരെന്നോ വ്യത്യാസമില്ല. കേന്ദ്ര സര്‍ക്കാര്‍ ക്വാറന്റൈനിന് പൈസ വാങ്ങണം എന്ന് പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന് അതല്ലാത്ത ഒരു തീരുമാനം എടുക്കാന്‍ കഴിയും. വരുന്ന എല്ലാവര്‍ക്കുമുള്ള ക്വാറന്റൈന്‍, ചികിത്സ സൗകര്യങ്ങളെല്ലാം തയ്യാറാണ്. നിങ്ങള്‍ ഇങ്ങോട്ട് പോന്നൂളൂ എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ അത് സ്വന്തം ചെലവില്‍ വേണമെന്ന് പറയുന്നത് അനീതിയാണ്. പൂര്‍ണമായ സംരക്ഷണവും ആറ് മാസത്തെ ശമ്പളവും വരെ വാഗ്ദാനം ചെയ്തതാണ് സര്‍ക്കാര്‍. ഞങ്ങളുടെ കയ്യില്‍ നിന്ന് വാങ്ങിയ പണം സര്‍ക്കാര്‍ തിരികെ തന്നാലും മതി. ഇന്ത്യന്‍ എമിഗ്രേഷന്‍ ആക്ട് പ്രകാരം ക്ലിയറന്‍സ് ഫണ്ട് വാങ്ങുന്നുണ്ട്. ഞാന്‍ 80-ല്‍ ഗള്‍ഫില്‍ പോവുമ്പോള്‍ 3000 രൂപ കൊടുത്തിട്ടുണ്ട്. ആ പണം മാത്രം തിരികെ തന്നാലും മതി. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫോറം ഞങ്ങളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. അത് മടങ്ങി വരുന്ന പ്രവാസികളുടെ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം. എന്നാല്‍ ഇതൊന്നുമല്ല സര്‍ക്കാര്‍ ആലോചിക്കുന്നത്."

എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ കെ.വി അബ്ദുള്‍ ഖാദര്‍ പറയുന്നു. "മെയ് നാലിനും മെയ് 24നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ ക്വാറന്റൈന്‍ ചെലവ് മടങ്ങി വരുന്ന പ്രവാസികള്‍ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എന്നിട്ടും വന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരുന്നു. ഇപ്പോഴത്തെ തീരുമാനത്തില്‍ മാറ്റങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്ന ആളുകളുടെ കാര്യത്തില്‍ ഇളവ് വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടണ്ട്. ഉടന്‍ അക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും തീരുമാനം വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്"ക്വാറന്റൈന്‍ വിഷയം വലിയ രാഷ്ട്രീയ പ്രശ്നമായും കേരളത്തില്‍ വളര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പരാജയം മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ആരോപണം. പ്രവാസികളെ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ തടസം നില്‍ക്കുന്നു, ക്വാറന്റൈന് പൈസ നല്‍കണമെന്ന് കേന്ദ്രം പറഞ്ഞതായി തെറ്റിദ്ധാരിപ്പിക്കുന്നു തുടങ്ങിയവയാണ് മുരളീധരന്റെ ആരോപണങ്ങള്‍. എന്നാല്‍ പ്രവാസികള്‍ കൂട്ടത്തോടെ വന്നു തുടങ്ങിയതിനാലാണ് സൗജന്യ ക്വാറന്റൈന്‍ നിര്‍ത്തേണ്ടി വരുന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ക്വാറന്റൈന് പണം നല്‍കണമെന്ന് കേന്ദ്രം ഉത്തരവിട്ടിട്ടുണ്ടെന്നും ഇക്കാര്യം പുറപ്പെടുമ്പോള്‍ തന്നെ പ്രവാസികള്‍ ഒപ്പിട്ടു നല്‍കേണ്ടതാണ് എന്നുമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരും പറയുന്നു.


Next Story

Related Stories