ഖത്തര്‍ പ്രവാസികള്‍ക്ക് മടങ്ങി എത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം. പെര്‍മിറ്റ് ലഭിച്ചാല്‍ വിദേശവിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നത് അനുസരിച്ച് ദോഹയിലേക്ക് പ്രവാസികള്‍ക്ക് മടങ്ങി എത്താം. ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ മടങ്ങിയെത്താം. ഇന്ത്യ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വൈകിയാലും പ്രവാസി സംഘടനകളും ട്രാവല്‍ ഏജന്‍സികളും കേരളത്തില്‍ നിന്നും ഖത്തറിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്.
ദോഹയിലെ ട്രാവല്‍ ഏജന്‍സിയായ മാജിക് ടൂര്‍സിന്റെ 4 ചാര്‍ട്ടേഡ് വിമാനങ്ങളാണ് വരും ആഴ്ചകളിലായി ദോഹയിലേക്ക് എത്തുന്നത്. കേരളത്തില്‍ കൊച്ചിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം ഓഗസ്റ്റ് 8 നാണ്. ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് മറ്റ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഖത്തറിലേക്ക് എത്തുന്നത്. റീ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കേണ്ട ലിങ്ക്. https://portal.www.gov.qa/wps/portal/qsports/home. ഇന്ത്യയിലുള്ളവര്‍ക്ക് +974 44069999 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ പെര്‍മിറ്റ് സംബന്ധിച്ച വിവരങ്ങള്‍ അറിയാം.