കോവിഡ് പരിശോധനയ്ക്ക് മൂക്കിലെ സ്രവത്തിന് പകരം ഉമിനീരും ഫലപ്രദമാണെന്ന് ദുബായ് ആസ്ഥാനമായുള്ള മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് ആന്റ് ഹെല്‍ത്ത് സയന്‍സസിലെ (എംബിആര്‍യു) ഗവേഷകരുടെ കണ്ടെത്തല്‍. യുഎഇ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു പഠനം. പൊതു-സ്വകാര്യ മേഖലകളും അക്കാദമിയും തമ്മിലുള്ള സഹകരണ ശ്രമമായിരുന്നു ഇത്. ദുബായ് ഹെല്‍ത്ത് അതോറിറ്റി, യൂണിലാബ്, അബുദാബി ക്ലീവ്ലാന്‍ഡ് ക്ലിനിക്, അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി, നാഷണല്‍ റഫറന്‍സ് ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെയാണ് എം.ബി.ആര്.യു. പഠനം നടത്തിയത്.
അല്‍ ഖവാനീജ് ഹെല്‍ത്ത് സെന്ററില്‍ കോവിഡ് -19 സ്ക്രീനിംഗിന് ഹാജരായ 401 മുതിര്‍ന്നവരില്‍ നിന്ന് അധികൃതര്‍ ഉമിനീര്, മൂക്കിലെ ശ്രവം എന്നീ സാംപിളുകളാണ് പരിശോധിച്ചു. ഇതില്‍ 50 ശതമാനം പേരും ലക്ഷണമില്ലാത്തവരാണ്. ദുബായ് യൂണിലാബിലായിരുന്നു സാംപിളുകള്‍ പരിശോധനയ്ക്കെത്തിച്ചത്. 95 ശതമാനത്തോളം വൈറസ് രോഗബാധ കണ്ടെത്തുന്നതിന് ഉമിനീര് ഉപയോഗിക്കാമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. പഠനം സംബന്ധിച്ച ജേണല്‍ അധികൃതര്‍ പുറത്തിറക്കും.
ഉമിനീര് പരിശോധനയുടെ ഗുണങ്ങള്‍ എന്തൊക്കെയാണ്?
ഉമിനീര് ഉപയോഗം കൊവിഡ്19 നായുള്ള ടെസ്റ്റിംഗ് ശൃംഖലയെ വിപുലീകരിക്കാനും കമ്മ്യൂണിറ്റി പരിശോധന ലളിതമാക്കാനും മുന്‍നിര ആരോഗ്യ പരിപാലന വിദഗ്ധര്‍ക്ക് അപകടസാധ്യത കുറയ്ക്കാനും കഴിയും. ആരോഗ്യ സംരക്ഷണ വിദഗ്ദ്ധന്റെ സാന്നിധ്യം ആവശ്യമില്ലാതെ രോഗിക്ക് സ്വയം സാംപിളുകള്‍ നല്‍കാനാകും, ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാം. കൂടാതെ മാസ് ടെസ്റ്റിങ്ങിന്റെ ചെലവ് കുറയ്ക്കാനാകുമെന്നും എം.ആര്.ബി.യു. കോളേജ് ഓഫ് മെഡിസിന് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹനന്‍ അല്‍ സുവൈദി പറഞ്ഞു.