സൗദിഅറേബ്യയില്‍ സ്പോണ്‍സര്‍ഷിപ് സമ്പ്രദായം(കഫാല) നിര്‍ത്തലാക്കി പകരം തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള പുതിയ കരാര്‍ ബന്ധം ഉണ്ടാക്കുമെന്ന് റിപോര്‍ട്ട്. തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും ധനകാര്യ വെബ് പോര്‍ട്ടലായ മാല് റിപ്പോര്‍ട്ട് പറയുന്നു. മാനവ വിഭവശേഷി വികസന മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവിറക്കാന്‍ പോകുന്നുവെന്നും റിപോര്‍ട്ട് പറയുന്നു. പുതിയ തീരുമാനങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വക്താവ് നാസര്‍ ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ ഹസാനി പിന്നീട് ട്വിറ്ററില്‍ അറിയിച്ചു.
പുതിയ നിയമത്തെക്കുറിച്ച് ബുധനാഴ്ച ഒരു പ്രഖ്യാപനം നടക്കാനിരിക്കുകയാണെന്നും എന്നാല്‍ അടുത്ത ആഴ്ചയിലേക്ക് അത് മാറ്റിയിരിക്കയാണെന്നും പേര് വെളിപ്പെടുത്താത്ത മന്ത്രാലയ വൃത്തത്തെ ഉദ്ധരിച്ച് മാല് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏകദേശം ഏഴ് പതിറ്റാണ്ടായി പ്രാബല്യത്തിലുള്ളതാണ് കഫാല സംവിധാനം.
പ്രവാസി തൊഴിലാളികളും അവരുടെ തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതും ചരിത്രപരമായ ഒരു തീരുമാനവുമായിരിക്കും കഫാല സംവിധാനത്തില്‍ മാറ്റം വരികയാണെങ്കില്‍. അതേസമയം ഈ വിഷയം മുമ്പ് പലതവണ ഉയര്‍ന്ന് വന്നതാണെങ്കിലും മന്ത്രാലയം അന്നൊക്കെ വാര്‍ത്ത നിഷേധിക്കുകയും ചെയ്തിരുന്നു. സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നത് പ്രവാസി തൊഴിലാളികള്‍ക്ക് എക്സിറ്റ്, റീ എന്‍ട്രി വിസകള്‍ എളുപ്പമാക്കുവാന്‍ സഹായകമാകും. വിഷൻ 2030 ഭാഗമാണ് പരിഷ്കരണം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസിക്ക് രാജ്യത്തിന് പുറത്ത് കടക്കാനും മടങ്ങി വരാനും സ്വദേശി പൗരന്റെ അനുമതിയോ അംഗീകാരമോ വേണ്ടി വരില്ല. നിലവില്‍ 10 ദശലക്ഷത്തിലധികം വിദേശ തൊഴിലാളികള്‍ സൗദി അറേബ്യയില്‍ കഫാല സമ്പ്രദായത്തില്‍ താമസിക്കുന്നുണ്ട്.