കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് 'ഡെക്സാമെത്താസോണ്‍' ഉപയോഗിച്ചത് ഫലം കണ്ടുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗദിയില്‍ കൊവിഡ് ചികിത്സക്ക് 'ഡെക്സാമെത്താസോണ്‍' മരുന്ന് ഉപയോഗിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ബ്രിട്ടനില്‍ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികള്‍ക്കാണ് 'ഡെക്സാമെത്താസോണ്‍' ഉപയോഗിച്ചപ്പോള്‍ ഫലം കണ്ടത്.
കൃത്രിമ ശ്വാസം നല്‍കേണ്ട അവസ്ഥയില്‍ ആശുപത്രികളിലെത്തുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന കൊവിഡ് രോഗികള്‍ക്ക് 'ഡെക്സാമെത്താസോണ്‍' മരുന്ന് നല്കാന് തുടങ്ങിയതായാണ് വിവരം. ചില പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ 'ഡെക്സാമെത്താസോണ്‍' എന്ന മരുന്ന് തീവ്രപരിചരണത്തില്‍ കഴിയുന്ന രോഗികളുടെ മരണനിരക്ക് 35 ശതമാനം കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കൃത്രിമ ശ്വസന സംവിധാനം വേണ്ടാത്ത രോഗികളിലും മരണ നിരക്ക് കുറയ്ക്കാന്‍ ഇത് സഹായകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന്റെ തുടക്കം മുതല്‍ സൗദി അറേബ്യ ആരോഗ്യ വിദഗ്ധരുടെ മേല്‍നോട്ടതില്‍ ചികിത്സാ പ്രോട്ടോക്കോള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 'ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്കും ഓക്സിജന്‍ ആവശ്യമുള്ള തീവ്രപരിചരണ വിഭാഗക്കാര്‍ക്കും ഞങ്ങള്‍ ഇതിനകം ഡെക്സമെതസോണ്‍ നല്കാന് തുടങ്ങി,'' മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.