TopTop
Begin typing your search above and press return to search.

മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് നിര്‍ബന്ധമാക്കി സൗദി അറേബ്യ

മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് നിര്‍ബന്ധമാക്കി സൗദി അറേബ്യ

സൗദി അറേബ്യയില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് നിര്‍ബന്ധമാക്കി. രാജ്യത്തെ എല്ലാ റീടെയില്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കി ചൊവ്വാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. നേരിട്ടുള്ള പണമിടപാട് കുറയ്ക്കുന്നതിനും ഇലക്ട്രോണിക് പേയ്മെന്റുകളെ ആശ്രയിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതുമാണിത്.

റീട്ടെയില്‍ മേഖലയില്‍ ഇ-പേയ്മെന്റ് ഗാഡ്ജെറ്റുകള്‍ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ബാങ്കുകള്‍ക്കും പേയ്മെന്റ് സേവന കമ്പനികള്‍ക്കും മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇലക്ട്രോണിക് പേയ്മെന്റ് വര്‍ദ്ധിപ്പിക്കുന്നതിനും പണമിടപാട് കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ്പുതിയ നിയന്ത്രണം. വാണിജ്യ വകുപ്പ്, മുനിസിപ്പാലിറ്റി, സൗദി മോണിറ്ററി ഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഡിജിറ്റല്‍ പേയ്മെന്റ് ആദ്യഘട്ടം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ്. പെട്രോള്‍ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായിരുന്നു ആദ്യ ഘട്ടത്തില്‍ നിര്‍ബന്ധമാക്കിയത്. രണ്ടാംഘട്ടത്തില്‍ വര്‍ക്ക്ഷാപ്പ്, സ്പെയര്‍ പാര്‍ട്സ് കടകളും മൂന്നാംഘട്ടത്തില്‍ ലോണ്‍ട്രികളും ബാര്‍ബര്‍ ഷോപ്പുകളും നാലാംഘട്ടത്തില്‍ ബഖാലകളുമാണ് ഉള്‍പ്പെട്ടത്. അഞ്ചാംഘട്ടം നടപ്പാക്കിയത് റെസ്റ്റാറന്റുകള്‍, ഫാസ്റ്റ് ഫുഡ്, സീ ഫുഡ്, കഫേകള്‍, ബൂഫിയകള്‍, ഫുഡ്ട്രക്കുകള്‍, ജൂസ്, ഐസ്‌ക്രീം കടകള്‍ എന്നിവിടങ്ങളിലാണ്. ആറാം ഘട്ടമാണ് ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചത്. രാജ്യത്തെ മുഴുവന്‍ റിട്ടെയില്‍ മേഖലയിലും ഇ പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാണെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.

ബുധനാഴ്ച മുതല്‍ ഫര്‍ണിച്ചര്‍, കെട്ടിട നിര്‍മാണവസ്തുക്കള്‍, വസ്ത്രങ്ങള്‍, ഗ്യാസ്, ആക്സസറീസ്, പച്ചക്കറി പഴവര്‍ഗങ്ങള്‍, ടൈലറിങ് എന്നീ മേഖലകള്‍ കൂടി ഇ പേയ്മെന്റ് സംവിധാനത്തിലുള്‍പ്പെടുമെന്നും മുഴുവന്‍ സ്ഥാപന ഉടമകളും തീരുമാനം പാലിക്കണമെന്നും വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു. അവശേഷിക്കുന്ന മുഴുവന്‍ റീട്ടെയില്‍ മേഖലകളിലും ഇ പേയ്മെന്റ് നിര്‍ബന്ധമാക്കുന്ന ഘട്ടം ആരംഭിച്ചതിനാല്‍ സംവിധാനം സ്ഥാപിക്കുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ ബാങ്കുകളോടും ആ രംഗത്ത് സേവനം ചെയ്യുന്ന സ്ഥാപനങ്ങളോടും സൗദി മോണിറ്ററി ഏജന്‍സി നിര്‍ദേശം നല്‍കി. ഉപഭോക്തൃ സേവനവും സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ഘട്ടമെന്നതിനുപുറമെ, ഈ മേഖലകള്‍ക്ക് ന്യായമായതും സുരക്ഷിതവുമായ സാമ്പത്തിക വ്യാപനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ നടപടികളെന്ന് സൗദി മോണിറ്ററി ഏജന്‍സി അറിയിച്ചു.


Next Story

Related Stories