എഴുപതു വര്‍ഷമായി സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായത്തില്‍ പരിഷ്കാരങ്ങളില്‍ വരുത്തി പുതിയ നിയമം കൊണ്ടുവരുമ്പോള്‍ പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയിലൂടെ പുതിയ പരിഷ്കാരങ്ങള്‍ വിദേശ തൊഴിലാളികള്‍ക്കു മേലുള്ള സ്പോണ്‍സര്‍മാരുടെ അധികാരം ഏറെക്കുറെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
അതേസമയം പുതിയ സ്പോണ്‍സര്‍ഷിപ് നിയമ പ്രകാരം തൊഴിലാളികള്‍ കരാര്‍ കാലാവധിക്കിടെ ജോലിമാറ്റത്തിന് ശ്രമിച്ചാല്‍ നിബന്ധനകള്‍ പാലിക്കണം. കരാര്‍ കാലാവധി അവസാനിച്ചാല്‍ തൊഴില്‍ മാറ്റത്തിന് സ്പോണ്‍സറുടെ അനുമതി ആവശ്യമില്ലെങ്കിലും കരാര്‍ കാലാവധിക്കിടെ തൊഴിലാളികള്‍ക്ക് ജോലിസ്ഥലം മാറണമെങ്കില്‍ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടിവരും.
കാലാവധിക്കിടെ തൊഴില്‍ മാറണമെങ്കില്‍ മൂന്നുമാസം മുമ്പ് തന്നെ തൊഴിലുടമയെ രേഖാമൂലം അറിയിക്കണം. ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷത്തിന് ശേഷം ഇതിന് അനുമതിയുള്ളു. ഇതിന് തൊഴില്‍ കരാര്‍ പ്രകാരമുള്ള നഷ്ടപരിഹാര വ്യവസ്ഥയും പാലിക്കണം. തൊഴില്‍ കരാര്‍ പുതുക്കിയ ശേഷമാണെങ്കില്‍ ജോലി മാറ്റത്തിന് ഒരു വര്‍ഷം കാത്തുനില്‍ക്കേണ്ടതില്ല. തൊഴിലുടമയുടേയും തൊഴിലാളിയുടേയും യോഗ്യതക്കനുസരിച്ചായിരിക്കും തൊഴില്‍ മാറ്റം അനുവദിക്കുക. മാനവവിഭവശേഷി സാമൂഹിക വികസ മന്ത്രാലയത്തിന്റെ 'ഖിവ' പോര്‍ട്ടല്‍ വഴിയാണ് തൊഴിലാളികള്‍ തൊഴില്‍ മാറ്റത്തിന് അപേക്ഷ നല്‍കേണ്ടത്. സമ്മത പത്രം നല്‍കുന്നതിനും അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും തൊഴിലാളികള്‍ക്ക് പിന്നീട് സന്ദേശം ലഭിക്കും. റീഎന്‍ടി ലഭിക്കുന്നതിന് അബ്ഷീര്‍ വഴി തൊഴിലാളികള്‍ക്ക് അവസരമുണ്ടായിരിക്കും. അതേസമയം തൊഴില്‍ കരാര്‍ കാലത്ത് തൊഴില്‍ അവസാനിപ്പിച്ച് പോകുന്നതിന് നഷ്ടപരിഹാര വ്യവസ്ഥകള്‍ പാലിച്ച് തൊഴിലാളികള്‍ക്ക് അവസരമുണ്ടാകും.