TopTop
Begin typing your search above and press return to search.

വിദേശികളുടെ ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കി സൗദി അറേബ്യ

വിദേശികളുടെ ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കി സൗദി അറേബ്യ

സൗദിയില്‍ വിദേശികളുടെ താമസ രേഖ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കുന്ന നടപടികള്‍ക്ക് തുടക്കമായി. സൗദി ജവാസാത്ത് വിഭാഗമാണ് രാജ്യത്തുള്ളവര്‍ക്കും വിദേശത്ത് കഴിയുന്നവര്‍ക്കും താമസ രേഖ പുതുക്കി നല്‍കുന്നത്. കോവിഡ് പശ്ചാതലത്തില്‍ സൗദി ഭരണാധികാരിയാണ് ഈ മാസം ആദ്യത്തില്‍ രണ്ടാം ഘട്ട ഇളവ് പ്രഖ്യാപിച്ചത്.

സൗദി ഭരണകൂടം പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണ് സൗജന്യമായി ഇഖാമ പുതുക്കുന്നത്. കൊറോണ വ്യാപനം മൂലം സ്വകാര്യ മേഖലയില്‍ സംജാതമായ പ്രതിസന്ധി കുറക്കാനാണ് വിദേശ തൊഴിലാളികളുടെ താമസ രേഖയായ ഇഖാമകള്‍ പുതുക്കി നല്‍കുന്നത്. ഇഖാമ, റി എന്‍ട്രിയില്‍ സൗദിക്ക് പുറത്ത് പോയവരുടെ റി എന്‍ട്രി വിസ, വിസിറ്റിംഗില്‍ വന്ന് സൗദിയില്‍ കുടുങ്ങിയവരുടെ വിസിറ്റിംഗ് വിസ എന്നിവയും സൗജന്യമായി പുതുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

നിലവില്‍ രാജ്യത്തുള്ളവര്‍ക്കും വിദേശങ്ങളില്‍ കുടുങ്ങി പോയവര്‍ക്കും ആനുകൂല്യം ലഭിച്ചു തുടങ്ങി. കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കി ലഭിച്ചവര്‍ക്കും രണ്ടാം ഘട്ടത്തില്‍ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പുതുതായി കാലാവധി കഴിയുന്നവര്‍ക്കും മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കുന്നുണ്ട്.


Next Story

Related Stories