ഏഴ് നിബന്ധനകള്‍ നിര്‍ബന്ധമാക്കി 25 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങിവരാമെന്ന് സൗദി എയര്‍ലൈന്‍സ്. ഇന്ത്യയെ ഒഴിവാക്കി 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി എയര്‍ലൈന്‍സ് പുറത്ത് വിട്ടിരിക്കുന്നത്. സൗദി ആരോഗ്യ അധികൃതരുടെ നിര്‍ദേശപ്രകാരം ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും എയര്‍ലൈന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു.
യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, ഈജിപ്ത്, ലെബനന്, മൊറോക്കോ, ടുണീഷ്യ, ചൈന, യുകെ, ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, തുര്‍ക്കി, ഗ്രീസ്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ദക്ഷിണാഫ്രിക്ക, സുഡാന്, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനേഷ്യ. എന്നിവിടങ്ങളില്‍ നിന്ന് രാജ്യത്തേക്ക് എത്തുന്നവര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ പ്രസിദ്ധീകരിച്ച ഏഴ് നിബന്ധനകള്‍ പാലിക്കണമെന്നാണ് സൗദി എയര്‍ലൈന്‍സ് അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ സൗദിയ വിമാന കമ്പനി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഇതനുസരിച്ച് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഒരു പ്രത്യേകഫോം പൂരിപ്പിച്ച് വിമാനത്താവളത്തില്‍ നല്‍കണം. ആരോഗ്യ പ്രവര്‍ത്തകര്‍ മൂന്ന് ദിവസവും അല്ലാത്തവര്‍ ഏഴ് ദിവസവും ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന് പൂര്‍ത്തിയാക്കിയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍ട്ട് ആണെന്ന് ഉറപ്പ് വരുത്തണം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തത്മന്‍, തവക്കല്‍ന തുടങ്ങിയ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.
സൗദിയിലെത്തി എട്ട് മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ തത്മന്‍ ആപില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടാല്‍ അല്ലെങ്കില്‍ ആവശ്യമുള്ളപ്പോള്‍ ആരോഗ്യ കേന്ദ്രത്തിലേക്കോ അത്യാഹിത വിഭാഗത്തിലേക്കോ പോകുമ്പോള്‍ 937 എന്ന നമ്പറില്‍ വിളിക്കുക. യാത്രക്കാര്‍ ദിവസവും ആപില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആരോഗ്യ പരിശോധന നടത്തിയിരിക്കണം. ക്വാറന്റൈന് സമയം എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചിരിക്കണം.