കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. യുഎഇയിൽ മരിച്ച മലപ്പുറം സ്വദേശി ഉൾപ്പെടെ ഒരു ദിവസത്തിനിടെ ആറ് മലയാളികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. മലപ്പുറം മൂക്കുതല സ്വദേശി മച്ചങ്ങലത്ത് വീട്ടില്‍ കേശവനാണ് (67) റാസൽഖൈമയിൽ മരിച്ചത്.
റാസല്‍ഖൈമ അല്‍നഖീലില്‍ പച്ചക്കറി വിപണന സ്ഥാപനം നടത്തുകയായിരുന്ന ഇദ്ദേഹം 47 വര്‍ഷമായി യു.എ.ഇയിലായിരുന്നു. പനി ബാധിച്ച് കഴിഞ്ഞദിവസം റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശ്വാസതടസ്സം മൂര്‍ച്ചിച്ചതിന് പിന്നാലെയായിരുന്നു മരണം. മകന്റെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മാര്‍ച്ച് ആദ്യവാരമാണ് കേശവൻ തിരികെ റാസൽഖൈമയിൽ തിരിച്ചെത്തിയത്. പക്ഷാഘാതത്തെ തുടർന്ന് നാട്ടിൽ ചികില്‍സ തേടിയിരുന്നു ഇദ്ദേഹം യുഎഇലെത്തി വിസ പുതുക്കി തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെ ലോക്ക്ഡൗണില്‍ കുടുങ്ങി യാത്ര മുടങ്ങുകയായിരുന്നു. മൃതദേഹം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം റാസല്‍ഖൈമയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
കേശവന് പുറമെ ചാവക്കാട് തിരുവത്ര ഗാന്ധിറോഡിൽ പി.കെ.അബ്ദുൽ കരീം ഹാജി (66), കോഴിക്കോട് വടകര തോടന്നൂർ വലിയാണ്ടി പറമ്പത്ത് യൂസഫ് (43), കുവൈത്തിലും തൃശൂർ എരുമപ്പെട്ടി വെള്ളറക്കാട് മുത്തുപ്പറമ്പിൽ മുഹമ്മദ് റഫീഖ് (46), എന്നിവരാണ് കഴിഞ്ഞ ദിവസം യുഎഇയിൽ മരിച്ച മറ്റുള്ളവർ. അബുദാബിയിൽ ഈസിവേ സൂപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമയും സാമൂഹിക പ്രവർത്തകനായിരുന്നു അബ്ദുൽകരീം ഹാജി.
രണ്ട് പേരാണ് കുവൈത്തിൽ മരിച്ചത്. പത്തനംതിട്ട ഇടയാറന്മുള കോഴിപ്പാലം വടക്കനൂട്ടിൽ രാജേഷ് കെ.നായർ (51), തൃശൂർ വലപ്പാട് ബീച്ച് തോപ്പിൽ വീട്ടിൽ ഉമ്മറിന്റെ മകൻ അബ്ദുൽ ഗഫൂർ (54). കുവൈത്തിൽ ഇതാദ്യമായാണ് മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കോവിഡ് ബാധിച്ചു കേരളത്തിനു പുറത്തു മരിച്ച മലയാളികൾ 70 ആയി.