കോവിഡ് 19 ല്‍ നിന്ന് മുക്തരായി എത്തുന്ന കുട്ടികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന വിധം കളിയാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവരെ സ്കൂളില്‍ നിന്നു സസ്പെന്‍ഡ് ചെയ്യണമെന്ന് ഷാര്‍ജ പോലീസിന്റെ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ റിപോര്‍ട്ട് ചെയ്യണമെന്നും മാതാപിതാക്കള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്കി.
പരിഹസിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രയാസം ഏറെ വലുതാണെന്നും ഇതിനെ അതീജീവിക്കാന്‍ സ്കൂളുകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും വിദ്യാഭ്യാസ അധികൃതര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും. ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തല്‍ - അത് വാക്കാലുള്ളതോ ശാരീരികമോ സൈബറോ എന്തുമാകട്ടെ അത് അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വ്യാപിപ്പിക്കുന്നതിനായി പോലീസ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഷാര്‍ജ പോലീസിന്റെ മാധ്യമ ഡയറക്ടര്‍ ബ്രിഗ് ആരിഫ് ബിന്‍ ഹുദൈബ് പറഞ്ഞു. കുട്ടികളുടെ പെരുമാറ്റം നിരീക്ഷിക്കാനും മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഭീഷണിപ്പെടുത്തല്‍ അനുഭവിച്ചവര്‍ മുന്നോട്ട് വന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് ബാധിതരെ കളിയാക്കുന്നത് കുട്ടികളുടെ സ്വഭാവ കൈകാര്യ നിയമത്തില്‍ ഉള്‍പ്പെടുത്തി കുറ്റകരമാക്കി. ഗ്രേഡ് കുറയ്ക്കുക, ക്ലാസില്‍ നിന്നോ സ്കൂളില്‍ നിന്നു തന്നെയോ പുറത്താക്കുക തുടങ്ങിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കാം. മൂന്നാം കിട കുറ്റമായാണ് ഇത്തരം പരിഹാസങ്ങളെ കാണുന്നതെന്ന് സ്കൂള്‍ അധികൃതരും വ്യക്തമാക്കി. പരിഹാസത്തിന് ഇരയാകുന്ന കുട്ടികള്‍ സ്വയം ഒറ്റപ്പെടാന്‍ ശ്രമിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും ഇതു കാര്യമായി ബാധിക്കുമെന്നും സ്കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.