ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1461 ആയി. ഇന്നലെ മാത്രം 55 പേരാണ് മരിച്ചത്. ഏഴായിരത്തിലേറെയാണ് പുതിയ കേസുകള്‍. സൗദിയില്‍ മാത്രം കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 34 പേരാണ്. പുതുതായി സൗദിയില്‍ 3,369 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ കോവിഡ് രോഗം മൂലം മരിച്ചവരുടെ എണ്ണം 746 ആയി. മരണസംഖ്യയും രോഗികളുടെ എണ്ണവും കുതിക്കുന്ന ഘട്ടത്തിലും എവിടെയും സമൂഹവ്യാപനം ഉണ്ടായില്ലെന്ന വിലയിരുത്തലിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.
24 മണിക്കൂറിനിടെ ഒമാനില്‍ ആറും കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളില്‍ അഞ്ചും ഖത്തറില്‍ മൂന്നും ബഹ്റൈനില്‍ രണ്ടും രോഗികളാണ് മരിച്ചത്. സൗദിയില്‍ മാത്രം 3369 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ ഖത്തറില്‍ രോഗികളുടെ എണ്ണം 1368. കുവൈത്തില്‍ 662ഉം ബഹ്റൈനില്‍ 654ഉം ഒമാനില്‍ 604ഉം യു.എ.ഇയില്‍ 568ഉം ആണ്.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി രണ്ടായിരത്തിലേറെ പേരാണ് അത്യാസന്ന നിലയിലുള്ളത്. സൗദിയില്‍ മാത്രം 1606 പേരാണ് അത്യാസന്ന നിലയിലുള്ളത്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ തുടരും. അബൂദബിയില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കും യാത്രാ നിയന്ത്രണവും ഒരാഴ്ചക്കാലം കൂടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.