യുഎഇയില്‍ പ്രവാസികള്‍ക്ക് നൂറു ശതമാനം ഉടമസ്ഥാവകാശമുള്ള വ്യവസായം തുടങ്ങാമെന്ന പ്രഖ്യാപനം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസം. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. കമ്പനി ഉടമസ്ഥാവകാശ നിയമത്തില്‍ പ്രസിഡന്റാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. ഇതിന്റെ ഭാഗമായി സ്വന്തം പേരില്‍ പുതിയ കമ്പനി തുടങ്ങാനും നിലവിലുള്ള കമ്പനികളെ ഈ രീതിയിലേക്കു മാറ്റാനുമുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. കുറഞ്ഞത് 20 ലക്ഷം മുതല്‍ 10 കോടി ദിര്‍ഹം വരെ മുതല്‍ മുടക്കാന്‍ സാധിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഉല്പാദനം, കാര്‍ഷികം, നിര്‍മാണം, സേവനം, ആരോഗ്യം, വിദ്യാഭ്യാസം, കല, കായികം, ഗതാഗതം, വ്യോമയാനം, ബഹിരാകാശം എന്നിവ ഉള്‍പ്പെടെ 122 മേഖലകളിലാണ് 100% ഉടമസ്ഥാവകാശം ലഭിക്കുക.
അതേസമയം ബന്ധപ്പെട്ട മേഖലകളില്‍ നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്നും സ്ഥാപനത്തിന്റെ ശേഷിയനുസരിച്ച് നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്നും നിബന്ധനയുണ്ട്. ഇത്രയും തുക മുടക്കാന്‍ സാധിക്കാത്തവര്‍ക്ക് നിലവിലുള്ള സ്പോണ്‍സര്‍ഷിപ് തുടരേണ്ടിവരും. എന്നാല്‍ ഊര്‍ജ ഉല്പാദനം, എണ്ണ ഖനനം, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ നിയന്ത്രണം തുടരും. പുതിയ നീക്കത്തിലൂടെ യുഎഇ പ്രതീക്ഷിക്കുന്നത് കോടികളുടെ വിദേശ നിക്ഷേപം.
ഭേദഗതികളില്‍ പലതും ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂര്‍ണമായും പ്രവാസികളുടെ ഓഹരി പങ്കാളിത്തത്തില്‍ ഓണ്‍ഷോറില്‍ സ്ഥാപനങ്ങള്‍ തുടങ്ങാം.
കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങള്‍ക്ക് വില്‍ക്കാം. നേരത്തേ 30 ശതമാനം ഷെയറുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാല്‍ കമ്പനികളുടെ ചെയര്‍മാനും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഓഹരി ഉടമകള്‍ക്ക് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും പുതിയ നിയമം അനുമതി നല്‍കുന്നുണ്ട്.